ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാകേന്ദ്രം. കിരീടംകൊണ്ട് ഇന്ത്യൻ ഏകദിനടീമിന്റെ നായകപദവി നിലനിർത്താൻ കഴിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെന്ന പദ്ധതിയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുള്ളത്. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഇക്കാര്യം ചർച്ചചെയ്യുകയും രോഹിത് ശർമയെ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഞായറാഴ്ചനടക്കുന്ന ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് കിരീടം നേടിയാൽ തത്‌കാലത്തേക്കെങ്കിലും രോഹിത് ശർമയെ നായകനായി നിലനിർത്താൻ സമ്മർദമുണ്ടാകും. തോൽവിയാണെങ്കിൽ രോഹിതിന്റെ ടീമിലെ സ്ഥാനംപോലും അപകടത്തിലാകും.
ധോനി, കോലി മാതൃക
ചാമ്പ്യൻസ് ട്രോഫിക്കുശേഷമുള്ള രോഹിതിന്റെ നിലപാടിന് ബി.സി.സി.ഐ. കാത്തിരിക്കുന്നുണ്ട്. 2019 ലോകകപ്പിന് രണ്ടുവർഷംമുൻപാണ് എം.എസ്. ധോനി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞതും വിരാട് കോലി ആ സ്ഥാനത്തെത്തിയതും. 2021-ൽ കോലി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞതും ഇതേരീതിയിലാണ്. 2023 ലോകകപ്പ് ലക്ഷ്യമിട്ടാണ് രോഹിതിനെ കോലിയുടെ പിൻഗാമിയായി കൊണ്ടുവന്നതും. ഇത്തരമൊരു രീതി തുടരാനാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് താത്‌പര്യം. എന്നാൽ, ട്വന്റി-20 ലോകകപ്പ് നേടിയതും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതും രോഹിതിന്റെ നായകമികവിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ട്വന്റി-20 ഫോർമാറ്റിൽനിന്ന് വിരമിച്ച രോഹിതിന് ടെസ്റ്റ് ടീമിൽ ഇനി അവസരം ലഭിക്കാനും സാധ്യതയില്ല. 37-കാരനായ താരം ഏകദിനടീമിൽ മാത്രമാണ് നിലനിൽക്കുന്നത്.
എ പ്ലസ് താരങ്ങൾ
ചാമ്പ്യൻസ് ട്രോഫിക്കുശേഷം ബി.സി.സി.ഐ. താരങ്ങളുടെ കരാർ പട്ടിക പുറത്തുവിടും. എ പ്ലസ് ഗ്രേഡിൽ രോഹിത് ശർമ, വിരാട് കോലി, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. ഇതിൽ ബുംറ ഒഴികെ മൂന്നുപേരുടെയും നില ഭദ്രമല്ല. മൂന്നുഫോർമാറ്റിലും ശോഭിക്കുന്ന കളിക്കാരെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. അക്‌സർ പട്ടേൽ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെ എ ഗ്രേഡിലേക്ക് ഉയർത്താനും ശ്രേയസ് അയ്യർക്ക് വീണ്ടും കരാർ നൽകാനും സാധ്യതയുണ്ട്.
ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടിയാൽ ക്യാപ്റ്റൻസ്ഥാനം നിലനിർത്താൻ രോഹിത് ശർമയ്ക്ക് കഴിഞ്ഞേക്കും. മറിച്ചാണെങ്കിൽ ഇന്ത്യൻ ഏകദിന ടീമിന് പുതിയ ക്യാപ്റ്റൻ വരും
Content Highlights: rohit captaincy discussions after icc champions trophy
Published: 08 Mar 2025, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented