ദുബായ്: : 2000-ത്തിലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസീലൻഡുമാണ്. സൗരവ് ഗാംഗുലിയും ക്രിസ് കെയ്‌ൻസും സെഞ്ചുറിനേടിയ ആ മത്സരത്തിൽ സ്റ്റീഫൻ ഫ്ളെമിങ് നയിച്ച ന്യൂസീലൻഡ് ജേതാക്കളായി. പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസീലൻഡിന്റെ ഒരേയൊരു ഐ.സി.സി. കിരീടം. കാൽനൂറ്റാണ്ടിനുശേഷം വീണ്ടും ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും നേർക്കുനേർവരുമ്പോൾ ഒരുകാര്യം ഉറപ്പിക്കാം. ഈ ടൂർണമെന്റിന് കിട്ടാവുന്ന ഏറ്റവും മികച്ച ഫൈനൽ ഇതുതന്നെ. കാരണം ഐ.സി.സി. ടൂർണമെന്റുകളിൽ ഇന്ത്യയും ന്യൂസീലൻഡും നേർക്കുനേർ വന്നപ്പോഴെല്ലാം ഫലം പ്രവചനാതീതമായിരുന്നു. വിജയം ഓരോതവണയും മാറിമാറിവന്നു. ഇക്കുറി ആദ്യസെമിയിൽ ഓസ്‌ട്രേലിയയെ നാലുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിനെത്തുന്നത്. ബുധനാഴ്ച, ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ച് ന്യൂസീലൻഡും ഫൈനലിലെത്തി. അടുത്തകാലത്ത് ഇന്ത്യയും ന്യൂസീലൻഡും നേർക്കുനേർവന്ന പ്രധാനമത്സരങ്ങൾ പരിശോധിച്ചാൽ ഇരുടീമുകൾക്കുമിടയിലെ മത്സരതീവ്രത വ്യക്തമാകും.
2019 ഏകദിന ലോകകപ്പ്
2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡാണ് ഇന്ത്യയെ മടക്കിയത്. മഴകാരണം രണ്ടുദിവസങ്ങളിലായി പൂർത്തിയാക്കിയ അപൂർവമത്സരത്തിൽ 18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. പ്രാഥമികറൗണ്ടിൽ മിന്നുന്നഫോമിൽ കളിച്ച ഇന്ത്യ, കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ന്യൂസീലൻഡ് ആ കുതിപ്പു തടഞ്ഞത്. എം.എസ്. ധോനിയുടെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു അത്.
2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ
2021 ജൂണിൽ ഇംഗ്ലണ്ടിൽനടന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുമ്പോൾ കണക്കുകളിലെല്ലാം ഇന്ത്യയായിരുന്നു മുന്നിൽ. മഴകാരണം ഒരുദിവസം കളി മുടങ്ങിയതിനാൽ ആറാംദിനത്തിലേക്കുനീണ്ട ആവേശകരമായ ഫൈനലിൽ, കെയ്ൻ വില്യംസൺ നയിച്ച ന്യൂസീലൻഡ് എട്ടുവിക്കറ്റിന് ജയിച്ച് കിരീടംനേടി.
2023 ലോകകപ്പ് സെമി
2019 ലോകകപ്പ് സെമിയിലേറ്റ പരാജയത്തിന് മറ്റൊരു ലോകകപ്പ് സെമിയിൽ ഇന്ത്യ മറുപടിനൽകി. 2023-ൽ ഇന്ത്യയിൽനടന്ന ലോകകപ്പ് സെമിഫൈനലിൽ വിരാട് കോലി (117), ശ്രേയസ് അയ്യർ (105), ശുഭ്മാൻ ഗിൽ (80) എന്നിവരുടെ മികവിൽ 397 റൺസടിച്ച ഇന്ത്യ 70 റൺസിന്റെ ജയംനേടി. ഈ ലോകകപ്പിലെ പ്രാഥമികറൗണ്ടിലും ഇന്ത്യ ന്യൂസീലൻഡിനെ തോൽപ്പിച്ചിരുന്നു.
2025 ചാമ്പ്യൻസ് ട്രോഫി
ഇതേ ടൂർണമെന്റിലെ പ്രാഥമികറൗണ്ടിൽ ന്യൂസീലൻഡിനെ ഇന്ത്യ 44 റൺസിന് തോൽപ്പിച്ചിരുന്നു. ‘ലോ സ്‌കോർ’ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ, ശ്രേയസ് അയ്യരുടെ മികവിൽ (79) 249 റൺസിലെത്തിയപ്പോൾ കിവീസ് 205 റൺസിന് പുറത്തായി. ന്യൂസീലൻഡിനുവേണ്ടി കെയ്ൻ വില്യംസൺ 81 റൺസ് അടിച്ചെങ്കിലും അഞ്ചുവിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ പ്രകടനമാണ് മത്സരത്തിന്റെ വിധിനിർണയിച്ചത്.
Content Highlights: icc champions trophy semi india vs new zealand
Published: 07 Mar 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented