
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് ചൈതന്യ പ്രകാശിന്റേത്. ബിഗ് സ്‌ക്രീനില്‍ മുഖം കാണിക്കണമെന്ന ഒരുപാട് കാലത്തെ ആഗ്രഹം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയയിലെ നായിക കഥാപാത്രത്തിലൂടെ സാധ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ചൈതന്യ ഇപ്പോള്‍. ഹയയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് താരം.
ബിഗ് സ്‌ക്രീന്‍ ഒരുപാട് കാലത്തെ ആഗ്രഹം
വാസുദേവ് സനല്‍ സര്‍ സംവിധാനം ചെയ്ത ഒരു റൊമാന്റിക് ഫാമിലി ക്യാമ്പസ് ചിത്രമാണ് ഹയ. ക്യാമ്പസ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും കോളേജ് സ്റ്റുഡന്റ്‌സിന് വേണ്ടിയിട്ടുള്ള ചിത്രമാണെന്ന്. പക്ഷേ അങ്ങനെയല്ല. നല്ലൊരു മെസേജ് തരുന്ന പാരന്റ്‌സും കൂടെ കാണേണ്ടുന്ന സിനിമയാണ് ഹയ. അച്ഛനമ്മമാര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടുന്ന സിനിമയാണ് ഇത്. ബിഗ് സ്‌ക്രീനില്‍ എന്റെ ഫെയിസ് കാണണമെന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. ഹയയിലൂടെ സാധിച്ചു. അതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍.
ആദ്യം പേടി, ഇപ്പോള്‍ ഹാപ്പി
ആദ്യമായിട്ട് സിനിമ ചെയ്യുകയായിരുന്നു. സംവിധായകന്‍ എങ്ങനെയാകും എന്നൊക്കെ ആദ്യം പേടി ഉണ്ടായിരുന്നു. പക്ഷേ സനല്‍ സര്‍ ഞങ്ങളെപ്പോലെ ഞങ്ങടെ കൂടെ ഉള്ള ഒരാളിനെപ്പോലെയായിരുന്നു. ഞങ്ങളെ വഴക്കൊക്കെ പറയുമായിരുന്നു. നന്നാക്കുവാനുള്ള രീതിയിലാണ് അദ്ദേഹം വഴക്കെല്ലാം പറഞ്ഞിരുന്നത്. സാറും ഹയയില്‍ അഭിനയിച്ചിട്ടുണ്ട്. ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. പക്ഷേ ആദ്യം ഇറങ്ങുന്നത് ഹയ ആണ്. ആദ്യത്തെ സിനിമയെ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഹയയിലൂടെ സാധിച്ചു.
റീല്‍സ് ടു ബിഗ്‌സ്‌ക്രീന്‍
ഇന്‍സ്റ്റഗ്രാം ആണ്, റീല്‍സ് ആണെന്നൊക്കെ പറയുമ്പോള്‍ ചിലര്‍ക്ക് പുച്ഛമാണ്. സിനിമയിലേക്ക് വരാന്‍ ഞങ്ങള്‍ക്ക് വേറെ വഴി അറിയില്ല. റീല്‍സും ഇന്‍സ്റ്റഗ്രാമും എല്ലാം സിനിമയിലേക്ക് കയറാന്‍ ഞങ്ങളുടെ മുന്നില്‍ തുറന്ന് കിടക്കുന്ന വാതിലുകളായിട്ടാണ് കാണുന്നത്. ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത്. അങ്ങനെ ഇന്‍സ്റ്റഗ്രാമിലെ എന്റെ റീല്‍സിലൂടെയാണ് എന്നെ ആള്‍ക്കാര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നെ സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. സനല്‍ സര്‍ കഥ പറയുമ്പോള്‍ തന്നെ, സിനിമയില്‍ വെറുതേ വന്ന് പോകുന്ന കഥാപാത്രമല്ലെന്നും എന്തൊക്കെയോ ചെയ്യാനുണ്ടെന്നും തോന്നി. അത് എനിക്ക് മാത്രമല്ല, സിനിമയിലെ ഒരു കഥാപാത്രവും വെറുതേ വന്ന് പോകുന്നില്ല എന്നതാണ് ഹയയുടെ പ്രത്യേകത.
ഫുള്‍ സപ്പോര്‍ട്ടുമായി ഭരത്തും
ചിത്രത്തിലെ നായകനായി എത്തുന്നത് ഭരത്താണ്. കൂടാതെ ചിത്രത്തില്‍ 29 പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും നല്ല കമ്പനിയായിരുന്നു. ഹേ വെയിലേ... എന്ന് തുടങ്ങുന്ന സോങ് ഷൂട്ടിന്റെ സമയത്തെല്ലാം നല്ല രസമായിരുന്നു. നായകനായി അഭിനയിക്കുന്ന ഭരത്ത് എന്റെ തല കൈയില്‍ പിടിച്ചിട്ട് കിടക്കുന്നതായിരുന്നു സീന്‍. സംവിധായകന്‍ സനല്‍ സര്‍ ഷോട്ടിനെക്കുറിച്ചൊക്കെ പറഞ്ഞു തന്നു.നല്ല റൊമാന്റിക്കായിട്ടുള്ള സീന്‍ ആണ്. ഞാന്‍ സീന്‍ ചെയ്യുന്നതിനായി മാനസികമായി തയാറെടുത്തു. ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഭരത്ത് എന്നോട് പറയുകയായിരുന്നു 'നല്ല കുഞ്ഞ് തല, എടുത്ത് എറിയാന്‍ തോന്നുന്നു എന്ന്.' അങ്ങനെ രസകരമായിരുന്നു ഷൂട്ടിങ് എല്ലാം. ഭരത്ത് നല്ലൊരു കോ ആക്ടര്‍ ആയിരുന്നു. നല്ല സപ്പോര്‍ട്ടായിരുന്നു തന്നത്.
വലിയ വ്യത്യാസമുണ്ട്
ഫോണില്‍ കാണുന്നതും ബിഗ്‌സ്‌ക്രീനില്‍ കാണുന്നതും രണ്ടും രണ്ടാണ്. കൂടാതെ തന്നെ റീല്‍സ് ചെയ്യുമ്പോള്‍ ഞാനും ക്യാമറ ചേട്ടനും ചിലപ്പോള്‍ വീട്ടുകാരും കാണും. പക്ഷേ സിനിമയുടെ ഷൂട്ടിങ് അങ്ങനെയല്ല. ഒരുപാട് പേരുണ്ടാകും. ഷൂട്ടിങ് ചെയ്യുന്നതടക്കം വലിയ വ്യത്യാസമാണല്ലോ ഉള്ളതും. എന്തായാലും ഒരുപാട് കാലത്തെ ആഗ്രഹമാണ് ഇപ്പോള്‍ നടക്കുന്നത്.
Content Highlights: chaithania prakash about her debut haya malayalam movie
Published: 24 Nov 2022, 01:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented