
കരിവെള്ളൂർ: ‘ഇനിയാർക്കും എന്റെ മകളുടെ ഗതി വരരുത്. നാളെ മറ്റൊരു ജീവൻ നഷ്ടപ്പെടാതിരിക്കണമെങ്കിൽ കുറ്റക്കാർ മുഴുവൻ ശിക്ഷിക്കപ്പെടണം’- ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കരിവെള്ളൂർ പെരളത്തെ ദേവനന്ദയുടെ അമ്മ പ്രസന്നയുടെ വാക്കുകൾ സമൂഹത്തിനും അധികൃതർക്കും നേരേയുള്ള ഓർമപ്പെടുത്തലാണ്.
ജൂൺ എഴിന് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുമ്പോൾ ഈ അമ്മയുടെ കണ്ണീര് കാണാതെ പോകരുത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥിനി ദേവനന്ദ മേയ് ഒന്നിനാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിൻറിൽനിന്ന് കഴിച്ച ഷവർമയാണ് ദേവനന്ദയുടെ ജീവനെടുത്തത്.
പൊന്നോമനയുടെ വിയോഗദുഃഖത്തിൽനിന്ന് അമ്മയും മറ്റ് കുടുംബാംഗങ്ങളും ഇതുവരെ മോചിതരായിട്ടില്ല. ചെറുവത്തൂർ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് പ്രസന്ന ഇപ്പോഴുള്ളത്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച ഏക മകളുടെ വിയോഗത്തിനുശേഷം ആ അമ്മ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. ദേവനന്ദയുടെ അച്ഛൻ നാരായണൻ മരിച്ച് മൂന്നുമാസം കഴിയുംമുമ്പാണ് കുടുംബത്തെ തേടി വീണ്ടുമൊരു ദുരന്തമെത്തിയത്. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിട്ടുകൂടി ദേവനന്ദയുടെ കുടുംബത്തിലേക്ക് ഇതുവരെ സർക്കാർസഹായമൊന്നും എത്തിയിട്ടില്ല.
‘ജൂൺ 13-ന് നടക്കുന്ന പ്ലസ്‌വൺ പരീക്ഷയെഴുതേണ്ട മോളാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാനായാണ് ചെറുവത്തൂരിലേക്ക് വന്നത്. പട്ടണത്തിന്റെ നടുവിൽ വിഷം വിൽക്കുന്ന കടയുണ്ടെന്ന് ആരെങ്കിലും കരുതുമോ’- പ്രസന്നയുടെ സഹോദരി സൗദാമിനി അമ്മയുടെ വാക്കുകളിൽ ഒരു കുടുംബത്തിന്റെ മുഴുവൻ കണ്ണീരിന്റെ നനവും അമർഷവും.
പഞ്ചായത്ത് ലൈസൻസില്ലാതെയാണ് ഫുഡ്‌പോയിൻറ് പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം സുരക്ഷിതമല്ലാത്ത ഭക്ഷണം വിൽക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താൽ ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപവരെ പിഴയ്ക്കും കാരണമാകും. നിയമം ഇത്രയും കർശനമായിട്ടും ലൈസൻസില്ലാതെ വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചുവെന്നത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ആരുടേയും ജീവൻ നഷ്ടപ്പെടുമ്പോഴോ വിഷബാധയേൽക്കുമ്പോഴോ മാത്രമല്ല പരിശോധന നടത്തേണ്ടത്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സ്ഥിരംപരിശോധനയ്ക്കുള്ള സംവിധാനങ്ങളുണ്ടാകണം. ഭക്ഷ്യസുരക്ഷാദിനത്തിൽ ദേവനന്ദയുടെ കുടുംബത്തിന്റെ അഭ്യർഥന അധികൃതർ കേൾക്കാതെപോകരുത്.
Content Highlights: world food safety day, food poison victim nandana mother speaking
Published: 07 Jun 2022, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented