ലോകകപ്പിന് പുറമേ 2034 വരെയുള്ള 34 പ്രധാന ടൂർണമെന്റുകളുടെ കൂടി സംപ്രേഷണ അവകാശം സീ സ്വന്തമാക്കി

കൊച്ചി: യുണൈറ്റ് 8 സ്പോർട്സ് ചാനലിലൂടെയും സീ 5-ലൂടെയും ഫിഫ ലോകകപ്പിന്റെ മികച്ച ദൃശ്യാനുഭവം രാജ്യമെമ്പാടും ഒരുക്കുമെന്ന് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിൽ യുണൈറ്റ് 8 സ്പോർട്‌സ് വിഭാഗം ചീഫ് ബിസിനസ് ഓഫീസർ ബവേഷ് ജനാവ്‌ലേക്കർ. ഫിഫ ലോകകപ്പിന്റെ സംപ്രേഷണ അവകാശം ‘സീ’ സ്വന്തമാക്കിയതിനെ കുറിച്ച് ‘മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഫയുമായുള്ള പങ്കാളിത്തത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫ ലോകകപ്പ് 2026-ന് പുറമേ 2034 വരെയുള്ള ഫിഫയുടെ മറ്റ് 34 പ്രധാന ടൂർണമെന്റുകളുടെ കൂടി സംപ്രേഷണ അവകാശം സീ സ്വന്തമാക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2030, ഫിഫ വനിതാ ലോകകപ്പ് 2027 അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ഒരു ടൂർണമെന്റിനായി മാത്രം ആളുകളെ ആകർഷിക്കുക എന്നതല്ല തങ്ങളുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഫുട്‌ബോൾ പ്രേമികളുമായി നിരന്തരം ബന്ധപ്പെടാനുള്ള അവസരമായാണ് ഫിഫയുമായി ദീർഘകാല പങ്കാളിത്തത്തെ കാണുന്നത്. ഫിഫയ്ക്കൊപ്പം, ക്രിക്കറ്റ് അടക്കമുള്ള മറ്റ് കായിക ഇനങ്ങളിലും സാന്നിധ്യം ശക്തമാക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലിവിഷനിലും ഡിജിറ്റലിലും കളി കൊഴുക്കും
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വരവോടെ പ്രേക്ഷകർ ഒന്നിലധികം സ്‌ക്രീനുകളിലൂടെ കായികവിനോദങ്ങൾ ആസ്വദിക്കുന്നത് സാധാരണമായിട്ടുണ്ട്. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ രണ്ട് വ്യത്യസ്ത അനുഭവങ്ങളായി വേർതിരിക്കുന്നതിനുപകരം, അവയിലൂടെ തടസ്സമില്ലാത്ത പ്രീമിയം ദൃശ്യാനുഭവം ഒരുക്കുന്നതിലാണ് ശ്രദ്ധ. ആരാധകർക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ടൂർണമെന്റ് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.
പ്രീമിയത്തിനായി പണം മുടക്കാൻ മടിയില്ല
ആഗോള കായികരംഗത്ത് ഫിഫ ലോകകപ്പിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ഇത് വെറുമൊരു ടൂർണമെന്റല്ല, മറിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ഒന്നിപ്പിക്കുന്ന, നാലുവർഷത്തിലൊരിക്കൽ മാത്രം വരുന്ന കായിക മാമാങ്കമാണ്. അതിൽ നേരിട്ട് പങ്കെടുക്കാനാകാത്ത കായികപ്രേമികൾ മികച്ച നിലവാരത്തിലുള്ള ദൃശ്യാനുഭവത്തിന് പണം മുടക്കാൻ തയ്യാറാണെന്നാണ് വിശ്വസിക്കുന്നതെന്നും ബവേഷ് ജനാവ്‌ലേക്കർ കൂട്ടിച്ചേർത്തു.
Content Highlights: Zee Entertainment Enterprises, through Unite 8 Sports and ZEE5, will deliver a premium FIFA World Cup viewing experience. Chief Business Officer Bhavesh Janavlekar stated that the long-term partnership spans 34 major FIFA tournaments until 2034.
Published: 15 Jun 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented