വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലോകകപ്പ് കളിക്കാന്‍ സൗഭാഗ്യം ലഭിച്ച ടീമുകള്‍ പേരുമാറ്റുമോ? ഇക്കാര്യത്തില്‍ തുര്‍ക്കിയുടെ പിന്‍ഗാമിയാകാനൊരുങ്ങുകയാണ് വെയ്ല്‍സ്.
64 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലോകകപ്പ് കളിക്കാന്‍ യോഗ്യതനേടിയ വെയ്ല്‍സ്, ഖത്തര്‍ ലോകകപ്പിനുശേഷം 'സിംറു' എന്നു പേരുമാറ്റാനാണൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് വെയ്ല്‍സ് ഫുട്‌ബോള്‍ അധികൃതര്‍ യുവേഫയുമായി ചര്‍ച്ചകള്‍ തുടങ്ങി. നേരത്തേ മറ്റൊരു യുവേഫ അംഗമായ തുര്‍ക്കിയും പേരുമാറ്റിയിരുന്നു. തുര്‍ക്കിയ എന്ന പേരിലാണ് ഇനിമുതല്‍ കളിക്കുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുര്‍ക്കിയ ഈ ലോകകപ്പില്‍ കളിക്കുന്നില്ല.
സിംറുവാകും, സീറ്റ് മാറും
ഖത്തര്‍ ലോകകപ്പില്‍തന്നെ സിംറു എന്ന പേരില്‍ കളിക്കാന്‍ വെയ്ല്‍സ് ശ്രമിച്ചതാണ്. എന്നാല്‍, അന്താരാഷ്ട്രാതലത്തില്‍ പേരുമാറ്റത്തിനു ചില കടമ്പകള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണ് ഖത്തറില്‍ തത്കാലം വെയ്ല്‍സ് എന്ന പേരില്‍തന്നെ കളിക്കാന്‍ ഗാരേത് ബെയ്ലും കൂട്ടരും എത്തുന്നത്. കുറെനാളായിട്ടുള്ള ആഗ്രഹമാണ് പേരുമാറ്റത്തിലൂടെ സാധ്യമാകുന്നതെന്നു പറഞ്ഞ വെയ്ല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സി.ഇ.ഒ. നോയല്‍ മൂണി ഇതിലൂടെ സാധ്യമാകുന്ന ചില തമാശകളും പങ്കുവെച്ചിരുന്നു. ''ഞങ്ങള്‍ ഞങ്ങളെ സിംറുവെന്നു വിളിച്ചാണ് എപ്പോഴും കളിച്ചുകൊണ്ടിരുന്നത്. ഇംഗ്ലീഷ് അക്ഷരമാലയില്‍ ഡബ്ല്യു അവസാന ഭാഗത്തായതുകൊണ്ട് യുവേഫ യോഗങ്ങളില്‍ ഞങ്ങള്‍ എപ്പോഴും യുക്രൈനിന്റെ അടുത്താണ് ഇരുന്നത്. അങ്ങനെയാണ് ഞങ്ങള്‍ അടുത്തസുഹൃത്തുക്കളായത്. ഇനി സിംറുവായാല്‍ ക്രൊയേഷ്യയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും അടുത്തായിരിക്കും ഞങ്ങളുടെ സീറ്റ്. അങ്ങനെ ഞങ്ങള്‍ക്ക് പുതിയ കൂട്ടുകാരെ കിട്ടും.'' -മൂണി തമാശപൊട്ടിച്ചു.
സമാനതകള്‍
ഇപ്പോള്‍ വെയ്ല്‍സും നേരത്തേ തുര്‍ക്കിയും പേരുമാറ്റുമ്പോള്‍ ലോകകപ്പില്‍ ഇവര്‍ക്കുതമ്മില്‍ കുറെ സമാനതകളുണ്ട്. ഇരുടീമുകളും രണ്ടുതവണ മാത്രമാണ് ഇതുവരെ ലോകകപ്പ് കളിച്ചിട്ടുള്ളത്. 1954-ലെ ലോകകപ്പ് കളിച്ചശേഷം 48 വര്‍ഷം കാത്തിരുന്നാണ് തുര്‍ക്കിക്ക് പിന്നീടൊരു ലോകകപ്പ് കളിക്കാനായത്.
1958-ല്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച വെയ്ല്‍സ് അതിനുശേഷം 64 വര്‍ഷം കാത്തിരുന്നാണ് വീണ്ടുമൊരു ലോകകപ്പിനു യോഗ്യതനേടിയിരിക്കുന്നത്. പേരുമാറ്റത്തിലൂടെ ശ്രദ്ധേയരായ ഇരുടീമുകളുടെയും സമാനതകള്‍ അവിടെയും തീരുന്നില്ല. അടുത്ത യൂറോ കപ്പിന്റെ യോഗ്യതാറൗണ്ടില്‍ ഇരുടീമുകളും ഒരേഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
തുര്‍ക്കിയ ഖത്തറിലുമുണ്ട്
ഇത്തവണ ലോകകപ്പിന് യോഗ്യത നേടാനായില്ലെങ്കിലും തുര്‍ക്കിയ സൈനികരുടെ കുപ്പായത്തില്‍ ഖത്തറിലുണ്ട്. ഓപ്പറേഷന്‍ വേള്‍ഡ് കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷാ പദ്ധതിയില്‍ തുര്‍ക്കിയയാണ് ഖത്തറിന് ഏറ്റവും വലിയ സൈനികസഹായം നല്‍കുന്നത്.
Content Highlights: Wales consider changing name of its national teams
Published: 03 Nov 2022, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented