ദോഹ: വന്‍ശക്തികളുടെ പോരാട്ടത്തിന് ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അരങ്ങൊരുങ്ങി. മുന്‍ചാമ്പ്യന്മാരും കിരീടമോഹികളുമായ സ്പെയിനും ജര്‍മനിയും ഗ്രൂപ്പ് ഇ മത്സരത്തില്‍ മുഖാമുഖംവരും. ഞായറാഴ്ച രാത്രി 12.30-നാണ് തീപാറും പോരാട്ടം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ കോസ്റ്ററീക്കയെ വൈകീട്ട് 3.30-ന് നേരിടും.

To advertise here,

മത്സരത്തിന്റെ അവലോകനം കേൾക്കാം | Podcast

ആദ്യകളിയില്‍ വന്‍ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്പെയിനിന്റെ വരവ്. ജര്‍മനിയാകട്ടെ ജപ്പാനോട് തോറ്റതിന്റെ ആഘാതത്തിലും. ഇവിടെയും തോറ്റല്‍ ടീമിന് പുറത്തേക്കുള്ള വഴിതെളിയും. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു.

നായകന്‍ സെര്‍ജി ബുസ്‌കെറ്റ്സും യുവതാരങ്ങളായ ഗാവിയും പെഡ്രിയും കളിക്കുന്ന മധ്യനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ഗോളടിക്കാന്‍ കഴിയുന്ന മുന്നേറ്റനിരയുണ്ടെന്നതും ടീമിന് അനുകൂലഘടകമാണ്. പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിക്കപ്പെട്ടതുമില്ല. 1043 പാസുകളാണ് മത്സരത്തില്‍ സ്പെയിന്‍ നടത്തിയത്.

ജപ്പാനെതിരേ തോറ്റ കളിയില്‍ ജര്‍മനിയും പാസിങ് ഗെയിമാണ് പുറത്തെടുത്തത്. 26 ഷോട്ടുകളും 74 ബോള്‍ പൊസഷനും ടീമിനുണ്ടായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ടീമിന് തിരിച്ചടിയായി. കെയ് ഹാവെര്‍ട്സ്-ജമാല്‍ മുസിയാള-സെര്‍ജി നാബ്രി എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിരയ്ക്ക് പരിചയസമ്പത്തിന്റെ കുറവുണ്ട്.

ഇരുടീമുകളും അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം സ്പെയിനിനും ഒരു ജയം ജര്‍മനിക്കുമുണ്ട്. രണ്ടു കളി സമനിലയായി. 2020 നേഷന്‍സ് ലീഗില്‍ സ്പെയിന്‍ ജര്‍മനിയെ 6-0ത്തിന് തോല്‍പ്പിച്ചിരുന്നു.

ജര്‍മനിയെ വിറപ്പിച്ചുതുടങ്ങിയ ജപ്പാന്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് കളത്തിലിറങ്ങുന്നത്. സമനില പോലും വലിയ നേട്ടമായി കണ്ട മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരെ അട്ടിമറിക്കാനായത് ജപ്പാന് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. അതേസമയം ഈ ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് കോസ്റ്ററിക്ക. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്റ്ററിക്കയെ തകര്‍ത്തത്. ഇന്ന് ജപ്പാനോടും തോറ്റാല്‍ കോസ്റ്ററീക്ക ലോകകപ്പിന് പുറത്തെത്തും. അതുകൊണ്ടുതന്നെ ജീവന്‍മരണ പോരാട്ടത്തിനാണ് അവര്‍ ഇറങ്ങുന്നത്. 

ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയും കാനഡയും. ബെല്‍ജിയവും മൊറോക്കോയും തമ്മിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ക്രൊയേഷ്യ ആദ്യ വിജയത്തിനാണ് ഇറങ്ങുന്നത്. എന്നാല്‍ കാനഡയ്‌ക്കെതിരേ നേടിയ വിജയത്തിന്റെ ആത്മവിശ്വാസം ബെല്‍ജിയത്തിന് കൂട്ടുണ്ട്. ഒരൊറ്റ ഗോളിനാണ് അവര്‍ കാനഡയെ തോല്‍പ്പിച്ചത്.