ദോഹ: ഇനി എല്ലാ കണ്ണുകളും ലുസെയ്ല്‍ സ്‌റ്റേഡിയത്തിലേക്ക്. ഞായറാഴ്ച്ച രാത്രി 8.30ന് ലോകകിരീടത്തിനായി ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ എന്ത് തന്ത്രങ്ങളാകും ആരാധകര്‍ക്കായി ഇരുടീമുകളും കരുതിവെച്ചിട്ടുണ്ടാകുക.   എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കുകൂട്ടി ദെഷാംപ്‌സ് ഒരുക്കുന്ന കെണിയില്‍ അര്‍ജന്റീന വീഴുമോ?  അതോ ആ കെണിയെ പൊളിച്ചടക്കാനുള്ള തന്ത്രങ്ങള്‍ സ്‌കലോണിയുടെ തലച്ചോറിലുണ്ടാകുമോ? എന്തായാലും കാത്തിരുന്ന് കാണണം.

To advertise here,

ഫ്രഞ്ച് നിരയിലേക്ക് സൂപ്പര്‍ താരം കരീം ബെന്‍സേമ തിരിച്ചെത്തുമെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരം പരിശീലിക്കുന്ന ചിത്രങ്ങള്‍ റയല്‍ മാഡ്രിഡ് എഫ്‌സി ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിന് ശേഷം കോച്ച് ദെഷാംപ്‌സിനോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ വ്യക്തമായ ഉത്തരം ദെഷാംപ്‌സ് നല്‍കിയില്ല. 'ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ഫ്രഞ്ച് കോച്ചിന്റെ മറുപടി. 'ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ'   എന്നും ദെഷാംപ്‌സ് പറഞ്ഞു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.  

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഫ്രഞ്ച് നിരയില്‍ ബെന്‍സേമയുമുണ്ടായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ടീം വിടുകയായിരുന്നു.പരിശീലനത്തിനിടെയാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവ് കൂടിയായ ബെന്‍സേമയ്ക്ക് പരിക്കേറ്റത്. പകരം താരത്തെ ടീമിലെടുത്തതുമില്ല.