
എട്ടുവര്‍ഷംമുമ്പ് ബ്രസീലില്‍ ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ സുജ ടി.വി.യില്‍ കളികണ്ടിരിക്കുന്നത് ഭര്‍ത്താവ് പ്രമോദിന് അതിശയമായിരുന്നു. ഫുട്ബോളിനോട് ഒരിഷ്ടവുമില്ലാത്ത സുജയ്ക്ക് ഇതെന്തുപറ്റിയെന്നായിരുന്നു സംശയം. ''ഞാന്‍ ഉറക്കമൊഴിഞ്ഞ് ടി.വി.യുടെ മുന്നിലിരിക്കുന്നത് കളി കാണാനല്ല. അവിടത്തെ സ്റ്റേഡിയങ്ങള്‍ കാണാനാണ്.'' -എന്നായിരുന്നു സുജയുടെ മറുപടി.
അന്ന് ബ്രസീലിലെ സ്റ്റേഡിയങ്ങള്‍ കണ്ടിരുന്ന സുജയെ കഴിഞ്ഞദിവസം അര്‍ജന്റീനയുടെ കളിനടക്കുന്ന അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിനുമുന്നില്‍ കണ്ടുമുട്ടി. ലോകകപ്പ് സ്റ്റേഡിയം രൂപകല്പനചെയ്ത 'എ കോം' കമ്പനിയിലെ ഡിസൈന്‍ മാനേജരാണവര്‍.
''കുട്ടിക്കാലത്തേ ബാഡ്മിന്റണായിരുന്നു എന്റെ ഇഷ്ടഗെയിം. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലൊക്കെ പങ്കെടുത്തിട്ടുണ്ട്. എറണാകുളത്തുകാരിയായ ഞാന്‍ കോഴിക്കോട് ആര്‍.ഇ.സി.യില്‍നിന്ന് എന്‍ജിനിയറിങ് കഴിഞ്ഞ് 22 വര്‍ഷംമുമ്പാണ് ഖത്തറിലെത്തിയത്. ഇവിടെ പല കമ്പനികളില്‍ ആര്‍ക്കിടെക്ടായി വില്ലകളും അപ്പാര്‍ട്ട്മെന്റുകളും ചെയ്തു. എ കോമില്‍ ഡിസൈന്‍ മാനേജര്‍ ആയിരിക്കെയാണ് ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രൂപകല്പന ചെയ്യാമോയെന്ന ചോദ്യം വരുന്നത്. ആദ്യം അമ്പരപ്പുതോന്നിയെങ്കിലും പിന്നീട് ആത്മവിശ്വാസമായി. അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയമാണ് രൂപകല്പനചെയ്യേണ്ടിയിരുന്നത്.''- സുജ ലോകകപ്പിന്റെ ഭാഗമായ കഥ പറഞ്ഞു.
''ശൂന്യതയിലേക്ക് വെറുതെ ഒരു കല്ലെടുത്തു വെച്ചാല്‍പ്പോലും അതിലൊരു കലാസ്പര്‍ശം വേണം. അതാണ് ആര്‍ക്കിടെക്ടിന്റെ അടിസ്ഥാനം. 10,000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ റയ്യാനിലെ പഴയ സ്റ്റേഡിയത്തിന്റെ സ്ഥാനത്ത് ഫിഫ മാനദണ്ഡപ്രകാരം 45,000 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ സ്റ്റേഡിയം രൂപകല്പന എളുപ്പമുള്ള പണിയായിരുന്നില്ല. പൊളിച്ച സ്റ്റേഡിയത്തിലെ 80 ശതമാനം വസ്തുക്കളും പുതിയ സ്റ്റേഡിയത്തിനായി ഉപയോഗിച്ചു.
2013-ലാണ് ഇവരുടെ സംഘം അഹമ്മദ് ബിന്‍ സ്റ്റേഡിയം രൂപകല്പന തുടങ്ങുന്നത്. 2016-ഓടെ പഴയ സ്റ്റേഡിയം പൊളിച്ചുനീക്കി. അടുത്തവര്‍ഷം പുതിയ സ്റ്റേഡിയത്തിന്റെ പണി തുടങ്ങി 2020-ല്‍ പൂര്‍ത്തിയായി. ഭര്‍ത്താവ് പ്രമോദ് ഖത്തറില്‍ ജോലിചെയ്യുന്നു. മക്കളായ കൃഷ്ണ ഇംഗ്ലണ്ടിലും കാര്‍ത്തിക് അമേരിക്കയിലും പഠിക്കുന്നു. സൈക്ലിങ് ലോകകപ്പിനായി അബുദാബിയില്‍ വെലോഡ്രാം രൂപകല്പനയാണ് അടുത്ത പദ്ധതി. ഇതിനിടെ സുജ ഒരു കാര്യംകൂടി പറഞ്ഞു: ''ഇപ്പോഴും ഫുട്ബോളിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല കേട്ടോ'- സുജ പറഞ്ഞു.
Content Highlights: Suja Pramod, Ahmad bin Ali Stadium, FIFA World Cup 2022
Published: 04 Dec 2022, 10:13 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented