ഒരു കഥ ശൊല്ലട്ടുമാ!... ഖത്തറിലെ അമീറായിരുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിക്ക് ഒരു സങ്കടം. അദ്ദേഹത്തിന്റെ മൂത്ത മൂന്ന് ആണ്‍മക്കളും കിരീടാവകാശം വേണ്ടെന്ന നിലപാടില്‍ ബിസിനസിലും മറ്റും ശ്രദ്ധിച്ചപ്പോള്‍ അമീര്‍ സങ്കടപ്പെടാതെ എന്തു ചെയ്യാനാണ്. അമീറിന്റെ മരണത്തിനുശേഷം ആരായിരിക്കും രാജ്യത്തെ നയിക്കുകയെന്ന ചോദ്യം പ്രജകളും ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, രാജ്യത്തിനും അമീറിനും കൃത്യമായ ഉത്തരമായി ഒരാളുണ്ടായിരുന്നു... തമീം. അമീറിന്റെ നാലാം പുത്രനായ തമീം ബിന്‍ ഹമദ് അല്‍ത്താനി ഖത്തര്‍ ലോകകപ്പിന്റെ സംഘാടകനായ കഥ ഫുട്ബോള്‍ ചരിത്രത്തിലെതന്നെ ത്രില്ലറുകളിലൊന്നാണ്.

To advertise here,

മരുഭൂമിയില്‍ വലിച്ചുകെട്ടിയ തമ്പു പോലെയുള്ള അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തേക്കു തമീം അല്‍ത്താനി വരുമ്പോള്‍ മഴ പോലെയായിരുന്നു പൗരന്മാരുടെ സന്തോഷം. മരുഭൂമിയില്‍ 'ഇസ്തിസ്ഖ' (മഴ തേടി) പ്രാര്‍ഥന നടത്തിയ അമീറിന്റെ കഥകൂടി കേട്ടതോടെ ആ മനുഷ്യന്‍ ഖത്തറികള്‍ക്ക് എത്രമേല്‍ പ്രിയപ്പെട്ടവനാണെന്നു മനസ്സിലായി. അല്‍ വജ്ബ കൊട്ടാരത്തിലെ പ്രാര്‍ഥനാ കേന്ദ്രത്തിലാണ് മഴപെയ്യാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കാനായി പൗരന്മാര്‍ക്കൊപ്പം അമീറും കൂടിയത്.

സ്‌പോര്‍ട്സിനെ ഏറെ സ്‌നേഹിച്ച തമീം പിതാവിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തേക്കല്ലേ ഖത്തറിനെ കൈപിടിച്ചു കൊണ്ടുപോയത്. 2006-ല്‍ ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏഷ്യന്‍ ഗെയിംസിനു ആതിഥ്യമരുളിയപ്പോള്‍ അതിന്റെ സംഘാടക അമരത്തു തമീമായിരുന്നു. അതിന് കുറച്ചുകാലം മുമ്പുനടന്ന സിഡ്നി ഒളിമ്പിക്‌സിനെ വെല്ലുന്ന തരത്തിലായിരിക്കണം ഖത്തര്‍ ഏഷ്യന്‍ ഗെയിംസ് നടത്തേണ്ടതെന്നായിരുന്നു തമീം അന്നു പറഞ്ഞിരുന്നത്. ഏഷ്യന്‍ ഗെയിംസ് വന്‍ വിജയമാക്കിയ തമീമിന്റെ നേതൃത്വത്തില്‍തന്നെയാണ് ഏഷ്യന്‍ ഫുട്ബോളും ഫിഫ ക്ലബ്ബ് ലോകകപ്പുമൊക്കെ ഖത്തര്‍ അതിഗംഭീരമായി സംഘടിപ്പിച്ചത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ സാക്ഷിനിര്‍ത്തി അമീര്‍ അറബ് ലോകത്തിന്റെ ആദ്യ ലോകകപ്പിനു സ്വാഗതമോതുമ്പോള്‍ എത്രയോ ഖത്തറികളുടെ മിഴികളാണ് നിറഞ്ഞത്. ഖത്തറിനു ലോകകപ്പ് വേദി അനുവദിച്ച നിമിഷംമുതല്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ കേട്ടുതുടങ്ങിയ അധിക്ഷേപങ്ങളും പരിഹാസങ്ങളുമൊക്കെ ഈ മനുഷ്യന്‍ പുഷ്പംപോലെയല്ലേ 'ബഹിരാകാശത്തേക്കു' പറത്തിവിട്ടത്.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി 
Join whatsapp Group
https://mbi.page.link/1pKR