1930 ജൂലായ് 13 ഞായറാഴ്ച 14:45 ന് യുറഗ്വായിലെ എസ്റ്റാഡിയോ പക്കിറ്റോസ് സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പിലെ ആദ്യ മത്സരങ്ങളിലൊന്ന് നടക്കുമ്പോള്‍ ആ മത്സരം നിയന്ത്രിച്ചത് ഡോമിങ്കോ ലൊമ്പാഡി എന്ന യുറഗ്വേന്‍ റഫറിയാണ്. അവിടെ നിന്ന് 92 വര്‍ഷം കഴിയേണ്ടി വന്നു ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കാന്‍. ഖത്തറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ 67000-ത്തിലധികം വരുന്ന കാണികളെ സാക്ഷിനിര്‍ത്തി ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടും ബ്രസീലില്‍ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോ സ്വദേശിനിയായ കാരെന്‍ ഡയസും നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. 

To advertise here,

ഈ സമയം നമ്മള്‍ ഓര്‍ക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്. അത് ലൂസി ക്ലാര്‍ക്കിന്റെയാണ്. ഇംഗ്ലണ്ടുകാരിയായ ലൂസി ലോകത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റഫറിയാണ്. രണ്ടുമാസം മുന്‍പ്, സെപ്റ്റംബര്‍ 14 ന് ലൂസി ക്ലാര്‍ക്കിന്റെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു. താന്‍ ഈ കരിയര്‍ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട്. 

' ഇതൊരുപക്ഷേ ഒരു റിഫ്‌ളക്‌സ് ആയതുപോലെ തോന്നുന്നതാവാം. പക്ഷേ ഞാന്‍ റഫറിയിങ് നിര്‍ത്തുന്നു. കാരണം കഴിഞ്ഞ സീസണില്‍ ആകെ ഒരു മത്സരം മാത്രമാണ് എനിക്ക് ലഭിച്ചത്. മറ്റൊന്നും എന്റെ ഡയറിയില്‍ ശേഷിക്കുന്നില്ല. മറ്റുപല ഒഫീഷ്യല്‍സിനും മൂന്നോ നാലോ മത്സരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരുപക്ഷേ ഞാന്‍ ഫുട്‌ബോള്‍ വിട്ട് ഗോള്‍ഫിലോ മറ്റോ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു'- ലൂസി കുറിച്ചു. 

പിന്നീട് ഈ തീരുമാനത്തില്‍നിന്ന് ലൂസി പിന്മാറിയെന്ന് തോന്നുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ 21 ന് ലോകകപ്പുമായി ബന്ധപ്പെട്ട് ലൂസി ക്ലാര്‍ക്കിന്റെ മറ്റൊരു ട്വീറ്റുകൂടിയുണ്ടായിരുന്നു. ' എനിക്ക് ഫുട്‌ബോളും ഇഷ്ടമായിരുന്നു. വേള്‍ഡ്കപ്പും ഇഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെയും ഇഷ്ടമായിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ ഫുട്‌ബോളിനെ ഈ ലോകകപ്പിനെ എനിക്കിഷ്ടമല്ല.' എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയുടെ ഭാഗമായി നിലകൊള്ളുകയും അവര്‍ക്ക് വേണ്ടി ഫുട്‌ബോളില്‍ കൂടുതര്‍ പ്രാതിനിധ്യത്തിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ലൂസി ക്ലാര്‍ക്ക്. 

കഴിഞ്ഞദിവസം പോര്‍ച്ചുഗല്‍, യുറഗ്വായ് മത്സരത്തിനിടയ്ക്കാണ് ആക്റ്റിവിസ്റ്റായ മരിയോ ഫെറി എല്‍ജിബിടിക്യു കൊടിയുമായി ഗ്രൗണ്ടിലൂടെ പ്രതിഷേധാര്‍ഗമായി ഓടിയത്. ഈ സംഭവവും റഫറിയിങ് ചരിത്രത്തിലെ ആ പ്രധാന നിമിഷവും എല്ലാം ചേര്‍ത്തുവെയ്ക്കുമ്പോള്‍ ലൂസി ക്ലാര്‍ക്കിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. 

കഴിഞ്ഞ ദിവസം, തന്റെ ഉദ്ഘാടന വേദിയിലെ പ്രസംഗത്തില്‍ ജിയാനി ഇന്‍ഫാന്റീനോ ഫുട്‌ബോളില്‍ സമത്വവും സമാനതയും വരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അത്തരത്തിലൊരു തുല്യത ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും പ്രതീക്ഷയാണ്. ലോകകപ്പ് ആരംഭിച്ച് ഏതാണ്ട് ഒരു നൂറ്റാണ്ടാണ് എടുത്തത് ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കാന്‍. ഇനിയും വൈകരുത്, ലൂസി ക്ലാര്‍ക്കിനെപ്പോലെ, ഇസ്രായേല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ റഫറിയായ സാപ്പിര്‍ ബര്‍മാനെപ്പോലെയുള്ളവര്‍ ലോകകപ്പ് നിയന്ത്രിക്കുന്ന കാലം വരാന്‍.