മേതില്‍ രാധാകൃഷ്ണന്റെ കിക്കോഫ് എന്ന കവിതയുണ്ട്. യൂറോപ്യന്‍ ഫുട്‌ബോളിനേയും, ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനേയും കുറിച്ചുള്ളത്. അതില്‍ ഒരു വരിയുണ്ട്, 'ലാറ്റിനമേരിക്കക്കാരന്‍ കളിച്ചു കളിച്ച് മൈതാനമില്ലാതാക്കുന്നു.' ഒരു കളിയും 90 മിനിറ്റ് കൊണ്ട് അവസാനിക്കുന്നതല്ല. അതിനുമുമ്പെപ്പോഴോ തുടങ്ങി, അതിനുശേഷവും തുടരുന്നതാണ്. അതുപോലെ ഒരു മൈതാനത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല. അതിനു പുറത്തും അത് തുടര്‍ന്നു. രാവെളുക്കുന്നതുവരെ!
ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കഴിഞ്ഞ് രാത്രി ഫൈസലിനൊപ്പം മുഷൈരിബില്‍ നിന്നും സുഖ് വാഖിഫിലേക്ക് നടക്കുകയായിരുന്നു. വഴിനീളെ ഏതോ പുരാതനനഗരം പോലെ സുന്ദരമാക്കി വെ
ച്ചിരിക്കുന്നു. തെരുവോര ഭക്ഷണശാലകള്‍, ടീമുകളുടെ കൊടികളും ജേഴ്‌സികളും തൊപ്പികളും നിറഞ്ഞ കടകള്‍.
ദീപവിധാനങ്ങള്‍, ഉച്ചഭാഷിണികള്‍ നിന്നും ഒഴുകി വീഴുന്ന നനുത്ത സംഗീതം. അവിടം മുഴുവന്‍ കൊന്നപ്പൂവുതിര്‍ന്നു വീണ പോലെ മഞ്ഞയും പച്ചയും കലര്‍ന്ന മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു. പ്രായമായവര്‍ , കുട്ടികള്‍ വിവിധ വാദ്യക്കാര്‍, അവരെ പിന്തുടരുന്ന മാധ്യമങ്ങള്‍. കാസിമെറോയുടെ ഗോളില്‍ ബ്രസീല്‍ ജയിച്ച് മൈതാനത്തെ കളി അവസാനിച്ചിരുന്നെങ്കിലും അവിടെയുള്ളവരുടെയെല്ലാം മനസ്സില്‍ ബ്രസീല്‍ കളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു . ആ ഉന്മാദത്തില്‍ അവര്‍ ആടി, പാടി, ആര്‍പ്പുവിളിച്ചു.
മുഷൈരിബ് സ്ട്രീറ്റില്‍
ഡൗണ്‍ ടൗണ്‍ ദോഹയില്‍ ഒരു ഫുട്‌ബോള്‍ മ്യൂസിയം ഉണ്ട്. മറഡോണയുടേയും പെലെയുടേയും പ്രതിമകളുണ്ട് ലോകകപ്പിന്റെ മാതൃകയുണ്ട്. ആ വഴി പോകുമ്പോള്‍ കോപ്പ അമേരിക്കയുടെ മാതൃകയുടെ അടുത്തുനിന്ന് ചെറുപ്പക്കാരന്‍ ഞങ്ങളോട് അയാളുടെ പടമെടുത്ത് തരാന്‍ പറഞ്ഞു. പടമെടുത്ത് കഴിഞ്ഞപ്പോള്‍ പരിചയപ്പെട്ടു അയാള്‍ പേര് പറഞ്ഞപ്പോള്‍... ഞങ്ങള്‍ കേട്ടത് തിയാഗോ എന്നാണ് ... 'തിയാഗോ സില്‍വയിലെ തിയാഗോ' ഫൈസല്‍ ചോദിച്ചു. 'നോ ഡീയാഗോ മറഡോണയിലെ ഡീഗോ...ബട്ട് ഞാന്‍ ബ്രസീലുകാരനാണ് ബ്രസീല്‍ ഫാനാണ്.
ബ്രസീല്‍ ജയത്തില്‍ ഞങ്ങളയാളെ അഭിനന്ദിച്ചു അര്‍ജന്റീന ഫാന്‍സിന്റെ ഖത്തര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആണെങ്കിലും ഫൈസലും അയാള്‍ക്ക് കൈ കൊടുത്തു. 'ആരാണ് ഇഷ്ടപ്പെട്ട കളിക്കാരന്‍?'. 'ഇപ്പോള്‍ നെയ്മര്‍', ഡീഗോ മറുപടി പറഞ്ഞു .
ഇന്ന് നെയ്മറില്ലാതെയും ബ്രസീല്‍ ജയിച്ചു അല്ലേ? മറുപടി പറയാതെ അയാള്‍ തൊട്ടടുത്തുള്ള കോപ്പ അമേരിക്ക ട്രോഫി മാതൃകയുടെ താഴേക്ക് വിരല്‍ ചൂണ്ടി അവിടെ ഓരോ വര്‍ഷത്തെയും വിജയികളുടെ പേരുകള്‍ ഉണ്ട് .എന്നിട്ട് പറഞ്ഞു 1919 ലാണ് ഞങ്ങള്‍ ആദ്യമായി കോപ്പ അമേരിക്ക നേടുന്നത്. ആര്‍തര്‍ ഫ്രെഡന്‍ റിച്ചായിരുന്നു (Arthur Friendenriech) ആയിരുന്നു.
ആ ടൂര്‍ണമെന്റിന്റെ ടോപ്‌സ്‌കോറര്‍ . ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ഫ്രെഡറിച്ച്. ടൈഗര്‍ ,ബ്ലാക്ക് പേള്‍ എന്നൊക്കെ ഓമനപ്പേരുണ്ടായിരുന്ന ആള്‍. എല്ലാ കളികളും ആ കളികളുടെ തുടര്‍ച്ചയാണ്. എല്ലാ കളിക്കാരും ആ കളിയുടെ തുടര്‍ച്ചയാണ് മഞ്ഞയും പച്ചയും കലര്‍ന്ന മനുഷ്യരുടെ നദിയാണ് പന്തിനുപിറകെ, കാലത്തിനു കുറുകെ ഒഴുകുന്നത്. അവിടെ വ്യക്തികളില്ല. യാത്ര പറഞ്ഞ് അയാള്‍ ആഘോഷക്കൂട്ടത്തിലൊന്നില്‍ ഒരു തുള്ളിയായി അലിഞ്ഞു -
ഈ വിവരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എഴുത്തുകാരനും പത്രാധിപരുമൊക്കെയായ കെ .സി. നാരായണന്‍ റോബീഞ്ഞ്യോയുടെ (മുന്‍ ബ്രസീല്‍ താരം ) ഒരു വാചകത്തെ കുറിച്ച് പറഞ്ഞു. ഏതോ അഭിമുഖത്തില്‍ ലേഖകന്‍ റോബീഞ്ഞ്യോവിനോട് അദ്ദേഹത്തിന്റെ മനോഹരമായ പാസുകളും ചോദിച്ചത്രെ.'കാലകാലങ്ങളായി എത്രയോ മനോഹരമായ പാസുകള്‍ ബ്രസീല്‍ ടീം ചെയ്തിട്ടുണ്ട്. അതിലേക്ക് എന്റേതായ
ചെറിയ ഒരു പാസ് ഞാന്‍ കൂട്ടിച്ചേര്‍ത്തു അത്രയേ ഉള്ളൂ ' -- ഇതായിരുന്നു റോബീഞ്ഞ്യോയുടെ മറുപടി.
ലാറ്റിനമേരിക്കന്‍ ടീമുകളും കാണികളും അങ്ങനെയാണ് അവരുടെ രക്തത്തില്‍ മുഴുവന്‍ ഫുട്‌ബോളാണ്, അതിന്റെ പാതിവിടര്‍ന്ന ഉന്മാദത്തിലാണ് അവര്‍ സഞ്ചരിക്കുന്നത്. തോല്‍വികളില്‍ അവര്‍ കരയുന്നു, ജയങ്ങളില്‍ അവര്‍ ആര്‍ത്തുചിരിക്കുന്നു. കണ്ണീരും ചിരിയും കട്ടകളായി തുന്നിയ ഒരു പന്തില്‍ ഉയിരുകൊണ്ട് കാറ്റ് നിറച്ച് അവര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു കൂടിയാവണം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ഉണ്ടാകുന്നത്. നേരം പുലര്‍ന്നു കൊണ്ടിരിക്കുന്നു. ഞങ്ങള്‍ താമസസ്ഥലത്തേക്കുള്ള മെട്രോ പിടിക്കുമ്പോഴും ആരവങ്ങള്‍ അടങ്ങിയിട്ടില്ല. കൊടിക്കൂറകള്‍ താഴ്ന്നിട്ടില്ല. കാല്‍പ്പന്ത് എന്നവാക്കിന് ജീവിതം എന്നൊരര്‍ഥം കൂടി എഴുതിച്ചേര്‍ക്കുകയാണവര്‍.
Content Highlights: al kidu qatar, coloumn, fifa world cup 2022
Published: 29 Nov 2022, 09:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented