കോട്ടയം: ജില്ലകൾതോറും നടത്തുന്ന ആസൂത്രണബോർഡ് അവലോകനയോഗങ്ങളിൽ ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി മോൻസ് ജോസഫ്. ആരോഗ്യരംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും സാധ്യതകളും വിലയിരുത്താൻ വിദഗ്ധരെ ഉൾപ്പെടുത്തി കോട്ടയത്ത് മാതൃഭൂമി സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് 'ഇവോൾവ് ഹെൽത്ത്: ദ ഹെൽത്ത് കെയർ സമ്മിറ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യരംഗം തകർന്നാൽ സാധാരണക്കാർക്ക് ദുരിതം ഉണ്ടാകും. ആരോഗ്യമേഖല വെന്റിലേറ്ററിലേക്ക് പോകുന്ന സ്ഥിതിയുണ്ടെന്ന്, ഇപ്പോൾ ഭരണപക്ഷത്തുള്ള ഞങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ചൂണ്ടിക്കാണിക്കുകയും പ്രഗല്ഭരായ ഡോക്ടർമാരെയും വിദഗ്ധരെയും ഉൾക്കൊള്ളിച്ച് ഒരു കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു. ആരോഗ്യരംഗത്ത് സ്വീകരിക്കേണ്ട തുടർനടപടികൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കി കോഴിക്കോട് ഹെൽത്ത് കോൺക്ലേവ് നടത്തി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ വേണ്ടനടപടികൾ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. അതുകൊണ്ട് സർക്കാർ ആശുപത്രികൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. മൾട്ടി നാഷണൽ കമ്പനികൾ ആശുപത്രികൾ കൈയടക്കുന്ന സ്ഥിതിയുണ്ട്. സ്വകാര്യ ആശുപത്രികളിൽ മിതമായ നിരക്കിൽ ചികിത്സ ഉറപ്പുവരുത്തണം. സ്വകാര്യ ആശുപത്രികളുടെ നടത്തിപ്പും നിയന്ത്രണവും ചെലവേറിയതായി.
സർക്കാർ- സ്വകാര്യ ആരോഗ്യസംവിധാനങ്ങളിൽ സന്തുലിതാവസ്ഥ ആവശ്യമാണ്. ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധികൾക്ക് വിദഗ്ധ പരിഹാരങ്ങളും നിർദേശങ്ങളും കണ്ടെത്താൻ മാതൃഭൂമി കോൺക്ലേവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കോൺക്ലേവിലുയർന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
എഡിറ്റർ- മാതൃഭൂമി ന്യൂസ് രാജീവ് ദേവരാജ് അധ്യക്ഷതവഹിച്ചു. ഗവ.പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്.ഡി. സതീശൻ നായർ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുനിൽ നമ്പ്യാർ, റീജണൽ മാനേജർ ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
‘മധ്യ തിരുവിതാംകൂർ: വളർന്നുവരുന്ന ആരോഗ്യസംരക്ഷണ കേന്ദ്രം’, ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക് സർജറി’, ‘അവയവമാറ്റ ശസ്ത്രക്രിയ: ദാനം മുതൽ ജീവൻരക്ഷാ പരിചരണംവരെ’, ‘ഹീലിങ് കേരള: താങ്ങാനാവുന്നതും വേഗതയേറിയതുമായ രോഗമുക്തി’ തുടങ്ങിയ വിഷയങ്ങളിൽ കോൺക്ലേവിൽ ചർച്ച നടന്നു
Content Highlights: Health sector gets top priority in district planning review meetings in Kerala., Mathrubhumi organized the 'Evolve Health' medical conclave in Kottayam., Need for a balance between government and private healthcare systems., Discussions on AI, robotic surgery, and organ transplantation.
Published: 10 Nov 2026, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented