തിന്മയുടെ അജ്ഞതകളെയകറ്റി അറിവിന്റെ പ്രകാശത്തെ വരവേല്‍ക്കുന്ന ആഘോഷമാണ് ദീപാവലി. ഇന്ത്യയിലുടനീളം ഹിന്ദു, സിഖ്, ജൈനമത വിശ്വാസികള്‍ വിളക്ക് തെളിയിച്ചും മധുരം കൈമാറിയും പടക്കം പൊട്ടിച്ചും ദീപാവലിയാഘോഷമാക്കുന്നു. തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. ഈ വര്‍ഷം നവംബര്‍ 12-നാണ് ദീപാവലി. മണ്‍ചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തിയാണ് വെളിച്ചത്തെ ദീപാവലി നാളില്‍ ഉത്സവമാക്കി മാറ്റുന്നത്. ദക്ഷിണേന്ത്യയില്‍ ഒരേയൊരു ദിവസത്തെ ആഘോഷമാണെങ്കില്‍ ഉത്തരേന്ത്യക്കാര്‍ക്ക് ഇത് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. ദീപാവലിയാഘോഷങ്ങളും ഐതിഹ്യങ്ങളും പ്രദേശികമായി വൈവിധ്യം നിറഞ്ഞതാണ്.
ശ്രീരാമ വരവേല്‍പ്പ്
രാവണനിഗ്രഹത്തിന് ശേഷം അയോധ്യയിലേയ്ക്ക് തിരികെയെത്തിയ ശ്രീരാമനെ വരവേറ്റ ദിവസത്തിന്റെ സ്മരണ പുതുക്കലായും ദീപാവലി ആഘോഷിക്കപ്പെടുന്നു.
വിജയദശമിനാള്‍ രാവണനെ വധിച്ച ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ നിന്നു. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി അഭിഷേകം ചെയ്ത ശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് അയോധ്യയില്‍ തിരികെയെത്തുന്നത്. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം ശ്രീരാമന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പാണ് രാജ്യമൊരുക്കിയത്. അലങ്കരിച്ച രഥത്തില്‍ സാവധാനം നീങ്ങിയ ശ്രീരാമനെ രാജപാതയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ് സ്‌നേഹസമ്പന്നരായ അയോധ്യാവാസികള്‍ സ്വീകരിച്ചതെന്നാണ്് ഒരു ഐതിഹ്യം. ഈ മഹാസ്വീകരണത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ദീപാവലി.
നരകാസുര നിഗ്രഹം
മറ്റൊരു ഐതിഹ്യപ്രകാരം നരകാസുരനെ മഹാവിഷ്ണു നിഗ്രഹിച്ച ദിവസമെന്നാണ്. ഭൂമിദേവിയുടെ പുത്രനായ നരകാസുരന്‍ നാരായണാസ്ത്രം ലഭിച്ചതോടെ അതിക്രൂരനും ബലാത്ക്കാരിയുമായി മാറി. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നരകാസുരന്റെ ക്രൂരതയ്ക്കിരയായി.ഒരു ദിവസം സ്വന്തം ശക്തിയില്‍ അഹങ്കാരിയായ നരകാസുരന്‍ ദേവേന്ദ്രന്റെ താമസ സ്ഥലത്ത് ചെന്ന് സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകള്‍ കൈക്കലാക്കുകയും ചെയ്തു. ഇതില്‍ ഭയന്ന ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ അടുത്ത് അഭയം പ്രാപിച്ചു. തുടര്‍ന്ന മഹാവിഷ്ണു മഹാലക്ഷ്മിയോടൊപ്പം ഗരുഢാരൂഢനായി പ്രാഗം ജ്യോതിഷത്തിലെത്തുകയും നരകാസുരനുമായി യുദ്ധം ചെയ്യുകയും അര്‍ദ്ധരാത്രി കഴിഞ്ഞയുടന്‍ നരകാസുരനെ വധിക്കുകയും ചെയ്തു. നരകസുര വധത്തില്‍ ആനന്ദത്തിലായ ദേവന്മാര്‍ ദീപങ്ങളോടും കരഘോഷത്തോടും മധുരപലഹാരത്തോടും കൂടി ആ ദിനം ആഘോഷിച്ചു. അതിന്റെ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയതെന്നും കഥയുണ്ട്.ശ്രീകൃഷ്ണന്‍ നരകാസുര നിഗ്രഹം നടത്തുമ്പോള്‍ തന്റെ ദുഃഖം ലോകത്തിന്റെ സുഖമായിത്തീരട്ടെ എന്ന് നരകാസുരന്‍ പ്രാര്‍ത്ഥിച്ചുവെന്നും കഥയുണ്ട്. നാം സ്വയം ദുഃഖിക്കുമ്പോഴും മറ്റുള്ളവര്‍ സമാധാനത്തോടും സന്തോഷത്തോടെയും ജീവിക്കണമെന്ന സുചിന്തയുടെ പ്രതീകമായും ദീപങ്ങളെ കണക്കാക്കാം.
മഹാബലി പൂജ
ഇതുകൂടാതെ ഉത്തരേന്ത്യയിലെ ബ്രാഹ്‌മണ കുടുംബങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ടാണ് ദീപാവലിയാഘോഷം നടക്കുന്നത്. വലിയ ചന്ദ്രനെ വരുത്തല്‍ എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അദ്ദേഹത്തെ അവര്‍ കളത്തില്‍ വരുത്തും എന്നതാണ് സങ്കല്പം. അദ്ദേഹത്തിന്റെ രാജ്യം തിരികെ വരണമെന്ന പ്രാര്‍ത്ഥനയും ഈ ആചാരത്തിലുണ്ട്. മാത്രമല്ല പൂജകള്‍ക്ക് ശേഷം മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക് തിരിച്ചയക്കുന്ന ചടങ്ങും അവര്‍ അനുഷ്ഠിക്കും
വര്‍ദ്ധമാനമഹാവീര സ്മരണ
ഇനി ജൈനമതക്കാരുടെ ഇടയിലെ ദീപാവലിയെക്കുറിച്ച് കഥയുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവര്‍ ആരാധിക്കുന്നത്. അദ്ദേഹം മരിച്ചുവെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ പ്രകാശത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു. ദീപാവലി ദിനത്തില്‍ ശരീരശുദ്ധിയോടെ ഒന്‍പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ച് മീനാക്ഷി പഞ്ചരത്‌നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് അവരുടെ വിശ്വാസം
വേറൊന്നാണ് പാണ്ഡവരുമായി ചേര്‍ന്നുവരുന്ന കഥയാണ്. കൗരവരുമായി ചൂതാട്ടത്തില്‍ പരാജയപ്പെട്ട് 12 വര്‍ഷത്തെ വനവാസം കഴിഞ്ഞ് തിരികെയെത്തുന്ന പാണ്ഡവരുടെ മടങ്ങിവരവ് ആഘോഷിക്കുന്നതാണ് ദീപാവലി എന്നാണ് മറ്റൊരു വിശ്വാസം.സമ്പത്തിന്റെയും സമൃദ്ധിയുടെയും മൂര്‍ത്തീരൂപമായ ലക്ഷ്മീദേവിയുമായും ഈ ആഘോഷത്തിന് ബന്ധമുണ്ട്. ലക്ഷ്മിദേവി സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന സംഭവത്തെ സമുദ്ര മന്‍ദാനെന്ന് അറിയപ്പെടുന്നത്. വിഷ്ണുദേവനെ ഭര്‍ത്താവായി തിരഞ്ഞെടുത്ത് വിവാഹം കഴിച്ചതുമെല്ലാം ചേര്‍ന്നുള്ള കഥയാണ് മറ്റൊരു ഐതിഹ്യം.വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമ വര്‍ഷാരംഭ ദിനമായും ദീപാവലി ആഘോഷിക്കാറുണ്ട്.
ഐതിഹ്യങ്ങളും വിശ്വാസങ്ങളിലുമെല്ലാം വ്യത്യസ്ത നിലനില്‍ക്കുമ്പോഴും ഇന്ത്യയിലിത് ദീപങ്ങളുടെ ആവലി അഥവാ ദീപങ്ങളുടെ നീണ്ടനിരയെന്ന അര്‍ത്ഥമുള്ള ദീപാവലിയാണ്. ഉത്തരേന്ത്യയിലാണ് കെങ്കേമമായ രീതിയില്‍ ഇതാഘോഷിക്കുന്നത്. ഇവിടുത്തെ ആഘോഷങ്ങള്‍ അഞ്ചുദിനങ്ങളിലായി നീണ്ടുനില്‍ക്കുന്നു. ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് ദിവസമാണ്. വീടും സ്ഥാപനങ്ങളും അലങ്കരിച്ച് ധനലക്ഷ്മീ പൂജ ചെയ്യുന്ന ദിവസമാണിത്. രണ്ടാം ദിനത്തിലിത് നരക ചതുര്‍ദശിയായി കൊണ്ടാടുന്നു. മൂന്നാം ദിവസത്തില്‍ ലക്ഷ്മീപൂജയും കുബേര ആരാധനയും നടത്തും.കാര്‍ത്തികപക്ഷത്തിലെ ശുക്ലപക്ഷത്തിലെ ആദ്യ ദിവസം ബലി പ്രതിപദ ആഘോഷിക്കും. മഹാബലിയും പത്നി വിന്ധ്യവലിയേയും ഈ ദിവസം പൂജിയ്്ക്കുന്ന ചടങ്ങുണ്ട്.ദീപാവലിയാഘോഷത്തിന്റെ അഞ്ചാം ദിനവും സമാപനവുമാണ് ഭാതൃദ്വിതീയ, ബഹു ബീജ് ആഘോഷങ്ങളോടെ നടക്കുന്നത്.
Content Highlights: Important Diwali Rituals
Published: 15 Oct 2025, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented