ണ്ഡീഗഡിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ദീപാവലി സമ്മാനമായി തൻ്റെ ജീവനക്കാർക്ക് കൈമാറിയത് 51 കാറുകൾ. പഞ്ച്കുളയിലെ മിറ്റ്സ് (MITS) ഹെൽത്ത്‌കെയറിൻ്റെ സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയ തൻ്റെ കീഴുദ്യോഗസ്ഥർക്ക് സ്കോർപിയോ ഉൾപ്പെടെയുള്ള എസ്‌യുവികളാണ് നൽകിയത്.

To advertise here,

വാഹനങ്ങൾ കൈമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ദീപാവലി ഗംഭീരമായി ആഘോഷിച്ചതിന് ശേഷമാണ് MITS ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് എസ്‌യുവികൾ സമ്മാനമായി നൽകിയത്. ഇതിനുമുൻപും ദീപാവലിയുടെ ഭാഗമായി ഭാട്ടിയ തൻ്റെ ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്.

“കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും അർപ്പണബോധമുള്ള ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചാണ് ഞങ്ങൾ ആഘോഷിക്കുന്നത്. ഈ വർഷവും ആ ആഘോഷം തുടരുന്നു’ എന്ന് ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിൽ ഭാട്ടിയ കുറിച്ചു.

‘ഞാൻ അവരെ ഒരിക്കലും ജീവനക്കാരെന്നോ സ്റ്റാഫെന്നോ വിളിച്ചിട്ടില്ല. അവർ എൻ്റെ ജീവിതത്തിലെ റോക്ക്സ്റ്റാർ സെലിബ്രിറ്റികളാണ്. ഞങ്ങളുടെ യാത്രയിലെ ഓരോ രംഗവും ബ്ലോക്ക്ബസ്റ്ററാക്കുന്ന താരങ്ങൾ. ചില വാഹനങ്ങൾ ഇതിനകം എത്തിക്കഴിഞ്ഞു. കൂടുതൽ വരാനിരിക്കുന്നു. കാത്തിരിക്കുക… ഈ ദീപാവലി കൂടുതൽ സവിശേഷമായിരിക്കും’ താക്കോൽ കൈമാറുന്നതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.

അതേസമയം, കാറുകൾ നൽകുന്ന വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ ഒട്ടേറെ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘ഞാനിത് എൻ്റെ മാനേജറെ കാണിച്ചു. ഇതൊരു എഐ നിർമിത വീഡിയോ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം എൻ്റെ കമ്പനി ദീപാവലിക്ക് ഒരു ചെറിയ പാത്രം ഡ്രൈ ഫ്രൂട്ട്സും നാല് ദീപങ്ങളുമാണ് തന്നത്’, ഒരു ഉപയോക്താവ് എഴുതി.

"നിങ്ങളുടെ വിലപ്പെട്ട ടീം അംഗങ്ങൾക്ക് സന്തോഷ നിമിഷങ്ങൾ, അവർ അനുഗ്രഹീതരാണ്. സ്നേഹം നിറഞ്ഞ ആശംസകളും ഒരുപാട് സന്തോഷവും നേരുന്നു," മറ്റൊരാൾ കുറിച്ചു. വാഹനങ്ങളുടെ EMI ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് കുറയ്ക്കുമോ എന്ന് ഒരാൾ സംശയം പ്രകടിപ്പിച്ചു. “EMI അവരുടെ ശമ്പളത്തിൽനിന്ന് കുറച്ചേക്കാം, അത് വാർത്തകളിൽ വരില്ല’, എന്ന് മറ്റൊരാൾ പറഞ്ഞു.