കൊല്ലം: ദേശീയ രാഷ്ട്രിയ സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.എം എന്ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട്. ഇന്ത്യയിലെ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും വലുതും ശക്തവുമായ പാര്‍ട്ടിയാണ് കേരളത്തിലേതെന്നും ഹിന്ദുത്വ ശക്തികളുടെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിലെ സി.പി.എമ്മും എല്‍.ഡി.എഫും നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബദല്‍ വികസന പ്രവര്‍ത്തനങ്ങളുമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ രണ്ടാംതവണ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പും, പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും നടപ്പാക്കാതിരിക്കുന്നതിനാണിത്. രാഷ്ട്രിയ താത്പര്യത്തിന് അനുസരിച്ച് ഒരു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളോട് ഇത്തരത്തില്‍ പെരുമാറുന്നതിന് മുന്‍ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ പോലും കാണാന്‍ കഴിയില്ലെന്നും കാരാട്ട് പറഞ്ഞു.

കേരളത്തിന്റെ താത്പര്യങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് വയനാട് ദുരന്തനിവാരണത്തിന് ആവശ്യമായി പണം നല്‍കില്ലെന്നുള്ള ധിക്കാരപരമായ സമീപനം. ബി.ജെ.പി. സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഈ വിവേചനത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ഇത്തരം പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും യു.ഡി.എഫും എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രകാശ് കാരാട്ട് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഈ അമിതാധികാര പ്രവണതയെ കേരളത്തിന്റെ പൊതുവികാരമായി കണ്ട് അവരും പ്രതിരോധിക്കേണ്ടതായിരുന്നു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് അവര്‍ സ്വീകരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍, അതിനുവിരുദ്ധമായി കോണ്‍ഗ്രസും യു.ഡി.എഫും ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണ്. ജനാധിപത്യം ആക്രമിക്കപ്പെടമ്പോഴും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ലംഘിക്കപ്പെടുമ്പോഴും കോണ്‍ഗ്രസ് കുറ്റകരമായ നിശബ്ദതയാണ് തുടരുന്നത്. 

താത്കാലിക രാഷ്ട്രിയ നേട്ടത്തിനായി നടത്തുന്ന ഈ അടവിന് കോണ്‍ഗ്രസും യു.ഡി.എഫും വലിയവില നല്‍കേണ്ടിവരും. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് അധാര്‍മികമായ സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് കൂടുതല്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. അവരുടെ അധാര്‍മിക സമീപനം കേരളത്തിലെ ജനങ്ങള്‍ ശരിയായി തന്നെ തിരിച്ചറിയുകയും ചെയ്യും. കേരളത്തിലെ ചെങ്കൊടിയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന സന്ദേശമാണ് ഈ സമ്മേളനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കന്‍ സാമ്രാജിത്വത്തിനോട് കൂടുതല്‍ വിധേയത്വമുള്ള പങ്കാളിയായി മാറുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന സമീപനങ്ങളെല്ലാം വികസ്വര രാജ്യങ്ങള്‍ക്കെതിരാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിക്ക് പുതിയ തീരുവകള്‍ ചുമത്തുന്ന ഘട്ടത്തിലെല്ലാം ഇന്ത്യന്‍ ഭരണാധികാരി നിശബ്ദമായി ഇരിക്കുകയാണ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ട്രംപ് നടപ്പാക്കുന്ന നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കാരാട്ട് കുറ്റപ്പെടുത്തി.