
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തള്ളി സി.പി.എം. സംസ്ഥാനസമിതി അംഗം കടകംപള്ളി സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും തന്റെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം വിവരിച്ചുമാണ് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്കിലെ കവര്‍ ചിത്രം മാറ്റിയതില്‍ ദുരുപദിഷ്ടമായ ഒന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'വിഭാഗീയത അവസാനിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി, പുതിയ കേരളത്തിനുവേണ്ടി കാഴ്ചപ്പാട് രൂപവത്കരിച്ച് പിരിഞ്ഞ സമ്മേളനമാണ് കൊല്ലത്തേത്. എന്റെ അനുഭവത്തില്‍ 13 സംസ്ഥാന സമ്മേളനങ്ങളില്‍വെച്ച് ഇത്രയേറെ രാഷ്ട്രീയവ്യക്തതയോടെയും യോജിപ്പോടെയും കാര്യമാത്രപ്രസക്തമായ ചര്‍ച്ചകളോടും കൂടി സമ്പന്നമായ മറ്റുസമ്മേളനങ്ങളില്ല. എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ സാധിക്കുമോ എന്ന പരിശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്', അദ്ദേഹം കുറ്റപ്പെടുത്തി.
'എന്റെ ഒരു പ്രൊഫൈല്‍ പിക്ചറിനെ ദുരുപദിഷ്ടമായാണ് വ്യഖ്യാനിക്കാന്‍ ശ്രമിച്ചത്. പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് ഞാനല്ല, എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പി.എയാണ്. അഭിമാനപൂര്‍വ്വം എനിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന ചിത്രമാണ് ഫെയ്‌സുബുക്കില്‍ പങ്കുവെച്ചത്. അന്നത്തെ നവകേരള മാര്‍ച്ചിന്റെ സമാപനം കുറിച്ച് തലസ്ഥാനത്ത്, അന്ന് മാധ്യമങ്ങള്‍ തന്നെ ഞെട്ടിപ്പോയ, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത മഹാസമ്മേളനത്തില്‍ അതിന്റെ സംഘാടകനെന്ന നിലയില്‍ ഏറ്റവും മനോഹരമായി എനിക്ക് കുറച്ചുനേരം സംസാരിക്കാന്‍ കിട്ടിയ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുന്ന ചിത്രമാണത്', അദ്ദേഹം പറഞ്ഞു.
48 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. അടിയന്തരാവസ്ഥയില്‍ നാലുമാസം ജയിലില്‍ കിടന്നതടക്കം അദ്ദേഹം സൂചിപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതും ജില്ലാ പഞ്ചായത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതും ഓര്‍മിപ്പിച്ച അദ്ദേഹം തെറ്റായ തീരുമാനത്തിന്റെ പേരില്‍ തോല്‍ക്കേണ്ടിവന്നെന്നും കൂട്ടിച്ചേര്‍ത്തു. 'മത്സരിച്ച സ്ഥലത്തുതന്നെ മത്സരിക്കാതെ ആറ്റിങ്ങലിലേക്ക് മാറിയപ്പോള്‍ തോറ്റുപോയി. വളരെ പ്രഗത്ഭനായ വക്കം പുരുഷോത്തമനോട് മത്സരിച്ചു ജയിക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെ പിന്നാലേയും സഞ്ചരിച്ചിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ത്യാഗമനോഭാവത്തോടെ നിര്‍വഹിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ 32 മണിക്കൂര്‍ ഐതിഹാസിക സമരം നടത്തി. ആ സമരത്തിന്റെ നേതൃത്വവും സംഘാടനവും തനിക്ക് തന്നെയായിരുന്നു. ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി നടക്കുന്ന ആളല്ല. ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, ഇപ്പോഴും ആഗ്രഹിക്കുന്നില്ല', അദ്ദേഹം വ്യക്തമാക്കി.
'എനിക്ക് യാതൊരു തരത്തിലുള്ള ഇച്ഛാഭംഗവുമില്ല. സെക്രട്ടേറിയറ്റില്‍ എടുക്കാത്തതില്‍ ഒരു ശതമാനമോ അതിന്റെ ലക്ഷത്തിലൊരംശം ഇച്ഛാഭംഗമോ പ്രയാസമോ ഇല്ല. പാര്‍ട്ടിയില്‍ പരിവര്‍ത്തനം നടക്കുന്ന കാലമാണ്. പഴയതുപോലെ പോകേണ്ട പാര്‍ട്ടിയല്ല. നമ്മള്‍ പശ്ചിമബംഗാള്‍ ആകാന്‍ ആഗ്രഹിക്കുന്നില്ല. പഴമയും പുതുമയും തമ്മിലെ യോജിപ്പിലൂടെയെ പാര്‍ട്ടി കൂടുതല്‍ ശക്തിയായി മുന്നോട്ടുപോകുകയുള്ളൂ. ആ കാഴ്ചപ്പാട് വെച്ചുകൊണ്ടാണ് എന്നേക്കാള്‍ ജൂനിയറായവരേയും പ്രായം കുറഞ്ഞവരേയും സംഘടനാപരമായി കാലപരിധിയില്ലാത്തവരെ ഉയര്‍ന്ന കമ്മിറ്റിയില്‍ വന്നത്. പുതിയ ആളുകള്‍ വരണം. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കണമെന്ന് ഞാന്‍ പറയില്ല, ആരും പറയാനും പാടില്ല എന്ന പക്ഷക്കാരനാണ് ഞാന്‍', കടകംപള്ളി പറഞ്ഞു.
'പദ്മകുമാറിന്റേത് തെറ്റായ സമീപനമാണെന്നത് ഏത് കമ്യൂണിസ്റ്റുകാരനാണ് സംശയമുള്ളത്?', എന്നായിരുന്നു വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെതിരായി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ. പദ്മകുമാറിന്റെ പരസ്യപ്രതികരണത്തോട് കടകംപള്ളിയുടെ മറുപടി.
Content Highlights: Kadakampally Surendran refutes rumors of dissatisfaction over exclusion from CPM state secretariat
Published: 11 Mar 2025, 12:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented