കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് സ്ഥാനമൊഴിയുന്നത് വൈകാരിക നിമിഷമെന്ന് പി.കെ.ശ്രീമതി. സെക്രട്ടേറിയറ്റില്‍ നിന്ന് മാറാന്‍ തയ്യാറെടുത്തിരുന്നുവെന്നും പുതിയ ആളുകള്‍ വരുന്നതില്‍ സന്തോഷമേയുള്ളൂ എന്നും പി.കെ.ശ്രീമതി പറഞ്ഞു. പാര്‍ട്ടി പറയുന്നതിനനുസരിച്ച് രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും ഇനി ആഴ്ചയില്‍ രണ്ട് തവണ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലല്ലോ എന്നും ശ്രീമതി പറഞ്ഞു.

To advertise here,

75 വയസ് കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിന്ന് മാറണം. നമുക്ക് പുതിയ തലമുറയില്‍ പെട്ടയാളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ആ സ്ഥാനത്ത് ഇരിക്കട്ടെ, എനിക്ക് സന്തോഷമേയുള്ളൂ.പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും പികെ ശ്രീമതി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റുകൂടിയാണ് പി.കെ.ശ്രീമതി.

കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളുടെ അപ്രമാദിത്വമുള്ളതാണ് പുതിയ സിപിഎം സസ്ഥാന സെക്രട്ടേറിയറ്റ്. മൂന്ന് പുതുമുഖങ്ങള്‍ ഉള്‍പ്പടെ 17 അംഗങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍. ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ക്ക് പകരമായാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയത്.