കൊല്ലം: നാടിന്റെ താത്പര്യത്തിന് അനുസൃതമായ ഏത് തരത്തിലുള്ള മൂലധനവും സ്വീകരിക്കുമെന്നു തന്നെയാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇനിയും മുന്നോട്ടുപോകണം. അതിന് വിഭവസമാഹരണം വേണം. അപ്പോഴേക്ക് നമ്മുടെ നാട്ടില്‍ എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം സി.പി.എം. ചെയ്യാന്‍ പോകുകയാണെന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ നടത്തുകയാണെന്നും പിണറായി പറഞ്ഞു. കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

To advertise here,

നാടിന്റെ താത്പര്യത്തിന് അനുസൃതമായ, നാടിന്റെ താത്പര്യത്തിന് വിഘാതം വരാത്ത ഏത് തരത്തിലുള്ള മൂലധനവും സ്വീകരിക്കും. നിക്ഷേപവും സ്വീകരിക്കും. ഇത് ഈ ഘട്ടത്തില്‍ മാത്രം സ്വീകരിക്കുന്ന നിലയല്ല. നമ്മുടെ നാടിന്റെ താത്പര്യം ബലികൊടുക്കാന്‍ തയ്യാറാവില്ല. താത്പര്യം സംരക്ഷിക്കുന്ന നിലപാടേ എടുക്കൂ. നമ്മുടെ താത്പര്യത്തിന് ഹാനികരമായ വ്യവസ്ഥകളോടുകൂടിയ ഒരു നിക്ഷേപവും സ്വീകരിക്കില്ല. അപ്പോള്‍ അത്തരം നിക്ഷേപങ്ങള്‍ എല്ലാ തരത്തിലും കേരളത്തിലേക്ക് വരണം എന്നതാണ് ഈ സമ്മേളനം അടിവരയിട്ടുപറയുന്നത്. - പിണറായി പറഞ്ഞു.

'നേരത്തെയെല്ലാം പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യം ഇന്നുണ്ട്. നേരത്തേ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് അത്ര കണ്ട് അനുസൃതമായ ഭൗതിക സാഹചര്യം നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ന് കേരളം വലിയ തോതില്‍ മാറിയെന്ന് രാജ്യം തന്നെ അംഗീകരിക്കുന്നു. നമ്മുടെ നാട്ടിലെ എല്ലാ കാര്യങ്ങളിലും നമ്മെ കേരളത്തെ തള്ളിപ്പറയാന്‍ പലപ്പോഴും മുന്നിട്ടുനില്‍ക്കുന്ന പല മാധ്യമങ്ങളടക്കം കേരളത്തിന്റെ പുതുവളര്‍ച്ച അംഗീകരിക്കാന്‍ തയ്യാറാകുന്നു. അതാണ് നിക്ഷേപസംഗമത്തില്‍ നാം കണ്ടത്. '

'ആ നിക്ഷേപസംഗമം എന്തുകൊണ്ടാണ് ആ രീതിയില്‍ വിജയിച്ചുവന്നത്. കേരളത്തില്‍ പുതിയ സാഹചര്യം വന്നിരിക്കുന്നു. കേരളത്തില്‍ നിക്ഷേപങ്ങള്‍ നല്ലരീതിയില്‍ വരാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നു. ഇവിടെ നിക്ഷേപസൗഹൃദമെന്ന നിലയില്‍ രാജ്യത്തിന്റെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അതെല്ലാവരും അംഗീകരിക്കുന്നു. അതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വിവിധ കമ്പനികളെത്തുന്നു. വിവിധ നിക്ഷേപകരെത്തുന്നു. അവര്‍ ഒന്നരലക്ഷം കോടിയിലധികം ആദ്യ ഘട്ടത്തില്‍ തന്നെ നിക്ഷേപ വാഗ്ദാനം. ഇപ്പോഴത് ഒന്നേമുക്കാല്‍ ലക്ഷം കോടി എന്നതിലേക്ക് കടക്കുന്നു.'

നമ്മുടെ നാടിന്റെ ഒരു മാറ്റമാണിത് കാണിക്കുന്നത്. ഈ മാറ്റം ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞാല്‍ വലിയതോതില്‍ നിക്ഷേപം സമാഹരിക്കാന്‍ നമുക്ക് സാധിക്കും. ആ നിക്ഷേപമെന്നത് വിവിധ മേഖലകളിലാണ് വരിക. ആ ഓരോ മേഖലയും നാടിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യും. നമ്മുടെ നാട്ടില്‍ ഈ രീതിയിലുള്ള വന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ അതിന്റെ ഭാഗമായി വരുന്ന തൊഴില്‍ സാധ്യതകളുണ്ട് .ആ തൊഴില്‍ സാധ്യതകളുടെ ഭാഗമായി നമ്മുടെ നാട്ടിലെ യുവാക്കളില്‍, വിദ്യാര്‍ഥികളില്‍ അതിനനുസരിച്ച നൈപുണ്യ ശേഷി വര്‍ധിപ്പിക്കും. ഇവിടെ ഇതിന്റെ ഭാഗമായി തന്നെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പഠിക്കുന്ന കുട്ടികള്‍ക്ക് വലിയതോതിലുള്ള നൈപുണ്യ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വ്യത്യസ്ത നൈപുണ്യമായിരിക്കും ആവശ്യമായി വരിക. ഒരേ നൈപുണ്യമല്ല. ഏതാണോ നൈപുണ്യം ആവശ്യമുള്ളത് ആ ആവശ്യമുള്ള നൈപുണ്യം നല്‍കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. പഠിച്ച് തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന യുവജനങ്ങളല്ല, പഠിച്ചുതീരുമ്പോള്‍ തന്നെ ഈ നൈപുണ്യവികസനം പൂര്‍ത്തിയാക്കി തൊഴിലിലേക്ക് കയറുന്ന യുവാക്കളുണ്ടാവുക അങ്ങനെയൊരു നാടായി കേരളത്തെ മാറ്റുക എന്നതാണ് എല്‍.ഡി.എഫ്. കാണുന്നത് - പിണറായി പറഞ്ഞു.

നവകേരള സൃഷ്ടിക്കായുള്ള യാത്ര ശരിയായ പാതയില്‍ തന്നെയാണ് എന്നാണ് സമ്മേളനം വിലയിരുത്തിയത്. നാടിന്റെ അനുഭവം അതുതന്നെയാണ്. എന്നാല്‍ നവകേരള സൃഷ്ടിക്കായുള്ള പുതുവഴികള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. പക്ഷേ നവകേരള സൃഷ്ടിക്കായുള്ള സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. ദുരന്തം നേരിട്ട മറ്റുസംസ്ഥാനങ്ങള്‍ക്ക് സഹായം ലഭിച്ചപ്പോള്‍ നമുക്ക് മാത്രം സഹായമില്ല. നാം നേരിട്ട ദുരന്തം ഒരു ദുരന്തമായി പരിഗണിക്കാന്‍ പറ്റാത്ത ഒന്നാണോ അതല്ലായെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. പക്ഷെ സഹായം മാത്രമില്ല. നാടിനോട് എത്രമാത്രം ക്രൂരമായ വിവേചനം കാണിക്കുന്നുവെന്നതാണ് അതിലൂടെ വ്യക്തമായത്. അതിന് മാത്രം എന്ത് പാതകമാണ് നാം ചെയ്തത്. - പിണറായി ചോദിച്ചു.

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ നാട് നല്ല രീതിയില്‍ പ്രവാസികളുള്ള നാടാണ്. ഈ സമൂഹം നമ്മുടെ നാടിന്റെ കഞ്ഞികുടി ശരിയായ രീതിയില്‍ ഉറപ്പിക്കുന്നതിന് വലിയ സഹായം ചെയ്ത ഒരു വിഭാഗമാണ്. അത് നമുക്ക് മറക്കാന്‍ കഴിയുന്നതല്ല. നമ്മുടെ സഹോദരങ്ങള്‍ മണലാരണ്യങ്ങളിലടക്കം ജോലിയെടുത്ത് ഇങ്ങോട്ടയച്ച പണം അവന്റെ കുടുംബങ്ങളില്‍ മാത്രമല്ല നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കാണ് പുരോഗതിയുണ്ടാക്കിയത്. അതിന്റെ ഭാഗമായുള്ള വലിയ മാറ്റമുണ്ട്. ആ മാറ്റത്തിന് നമ്മുടെ സമൂഹം നല്‍കിയ സമ്പാവനയുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗം നല്‍കിയ സംഭാവനയുണ്ട്. ഇന്ന് നല്ല വിദ്യാഭ്യാസയോഗ്യത നേടിയ ചെറുപ്പക്കാരാണ് വിദേശങ്ങളിലേക്ക് പോകുന്നത്. ഇന്ന് ശാസ്ത്രസാങ്കേതിരംഗങ്ങളിലടക്കം ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും മലയാളിയെ കാണാന്‍ നമുക്ക് സാധിക്കും.

ഈ രീതിയിലുള്ള യോഗ്യത നേടിയ പല ആളുകള്‍ പല ഭാഗങ്ങളില്‍ കഴിയുകയാണ്. ജോലിയുടെ ഭാഗമായുള്ളവര്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ലപോലെ ബിസിനസ് നടത്തി സമ്പാദ്യമുണ്ടാക്കിയ ഒട്ടേറെ ആളുകളുണ്ട്. ലോകത്ത് തന്നെ സമ്പന്നരുടെ പട്ടികയില്‍പ്പെട്ട മലയാളികളുണ്ട്. ഇവരുടെ എല്ലാം സമ്പത്ത് നല്ല രീതിയില്‍ സ്വന്തം നാട്ടില്‍ നിക്ഷേപിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. അതിന് പ്രോത്സാഹനജനകമായ സമീപനം നാം സ്വീകരിക്കണം. വലിയ സമ്പന്നരുടെ കാര്യം മാത്രമല്ല. ഇത്തരം ആളുകളുടെ എല്ലാം കൈയ്യില്‍ അവര്‍ സമ്പാദിച്ച വിഭവമുണ്ടാകും. അവരുടെ സമ്പത്ത് നല്ല രീതിയില്‍ സംസ്ഥാനത്ത് എങ്ങിനെ നിക്ഷേപിക്കാന്‍ പറ്റും എന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. 

അതോടൊപ്പം നമ്മുടെ നാട് നല്ല ശക്തമായ സഹകരണമേഖലയുള്ള നാടാണ്. ആ മേഖലയിലെ സമ്പത്ത് നല്ല രീതിയില്‍ വര്‍ധിച്ചുവരുന്നുണ്ട്. സഹകരണമേഖലയില്‍ നിക്ഷേപവും നല്ല രീതിയില്‍ വര്‍ധിക്കുന്നുണ്ട്. ആ നിക്ഷേപം എങ്ങനെ ഫലപ്രദമായി നാടിന്റെ പൊതുവികാസത്തിന് ഉപയോഗിക്കാന്‍ കഴിയും എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. അത് ബിസിനസ് കാര്യം മാത്രമല്ല. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സഹകരണമേഖലയുടെ ഫണ്ട് അടക്കം ഉപയോഗിച്ച് ഇടപെടാന്‍ കഴിയുന്ന നിലയുണ്ടാകും. 

നമ്മുടെ നാട് വലിയ സമ്പന്നമായ നാടല്ല. എന്നാല്‍, നമ്മുടെ നാട്ടിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗം ആളുകളില്‍ അവര്‍ സ്വരൂപിച്ച് വെച്ച സമ്പത്തുണ്ട്. അത് സ്വർണമോ മറ്റ് നിക്ഷേപങ്ങളുടെ രൂപത്തിലോ ആകാം. അത് ഇങ്ങനെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്. മുക്ക് കൃത്യമായ രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞാല്‍, ആ വെറുതെ കിടക്കുന്ന പണം കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് നിക്ഷേപിക്കാന്‍ സാധിക്കും.

അത്തരത്തില്‍, വ്യാപിച്ച് കിടക്കുന്ന വിഭവശേഷി നാടിന്റെ വികാസത്തിന് വേണ്ടി എങ്ങിനെ ഉപയോഗിക്കാന്‍ പറ്റും എന്നും നാം ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു ആലോചനയിലേക്ക് സി.പി.എം. കടക്കുന്നത്. നമ്മുടെ നാട് മുന്നോട്ട് പോകണം. നമ്മുടെ നാട് നേരത്തെ പറഞ്ഞ രീതിയില്‍ ലോകത്തിലെ വികസിതരാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തോ തിലേക്ക് കേരളത്തിന്റെ ജീവിതനിലവാരത്തോത് ഉയരുക എന്നതാണ് നാം അം​ഗീകരിച്ച കാഴ്ചപ്പാട്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.