കൊല്ലം: കേരളത്തിലെ സി.പി.എമ്മിനെ നയിക്കാൻ വീണ്ടും എം.വി ഗോവിന്ദൻ. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് എം.വി. ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറായി തിരഞ്ഞെടുത്തത്. സമ്മേളനത്തിലൂടെ ആദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടുന്നത്. 72 വയസ്സുള്ള ഗോവിന്ദൻ അടുത്ത സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പ്രായപരിധി നിബന്ധനയില്‍ വരും. 17 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 89-അംഗ സി.പി.എം സംസ്ഥാന സമിതിയെയും 17-അംഗ സെക്രട്ടറിയേറ്റിനേയും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ വികസന-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു എം.വി ഗോവിന്ദന്‍. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതിന് പിന്നാലെ എം.വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. അതിന് പിന്നാലെ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുകയായിരുന്നു. അതേസമയം എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നു. പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കോടിയേരിയുടെ പിന്‍ഗാമിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഗോവിന്ദന്‍ മാഷിനെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. ഇപ്പോഴിതാ സമ്മേളനത്തിലൂടെ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടുകയാണ്.
2002-2006 കാലത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് എം.വി ഗോവിന്ദൻ. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കല്‍ വിവാദത്തേയും തുടര്‍ന്ന് കണ്ണൂര്‍ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ല സെക്രട്ടറി, സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 വര്‍ഷങ്ങളില്‍ തളിപ്പറമ്പില്‍ നിന്ന് നിയമസഭയിലെത്തി.
17 അംഗ സെക്രട്ടറിയേറ്റില്‍ അഞ്ചുപേരാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. മുന്‍ അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍, എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ മൂന്ന് അംഗങ്ങള്‍ എത്തിയിരിക്കുന്നത്.
Content Highlights: mv govindan cpm secretary state conference kollam
Published: 09 Mar 2025, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented