
കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂന്നാം ദിവസം അംഗീകരിച്ച 10 പ്രമേയങ്ങളില്‍ മാഹിക്ക് വികസന പാക്കേജ് അംഗീകരിക്കണമെന്നും ആവശ്യം. പുതുച്ചേരിയുടെ ഭാഗമായ മയ്യഴി വികസനരംഗത്ത് കടുത്ത അവഗണനയാണ് നേരിടുന്നത്. മാഹിയില്‍ വിദേശമദ്യവും പെട്രോളും ഡീസലും വില്‍പന നടത്തി കോടികള്‍ സംസ്ഥാന ഖജനാവിലേക്ക് വാരിക്കൂട്ടുന്ന പുതുച്ചേരിയിലെ ബി.ജെ.പി. സര്‍ക്കാര്‍ അര്‍ഹതപ്പെട്ട വികസനവിഹിതം മയ്യഴിക്ക് അനുവദിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ഡാമുകളിലെ മണല്‍വാരല്‍ നടപ്പിലാക്കിയാല്‍ വലിയ തോതിലുള്ള വിഭവസമാഹരണത്തിന് അത് ഇടയാക്കുമെന്ന് സമ്മേളന നടപടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പൊതുമേഖലയിലെ സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നതില്‍ അംഗങ്ങള്‍ ഭേദഗതിയോ തിരുത്തലോ നിര്‍ദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ജനവിരുദ്ധമാകാതിരിക്കാന്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഗ്യാരന്റി ഉണ്ടാക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വികസനം നന്നായി വരുമ്പോള്‍ അതിന്റെ പ്രധാനപ്പെട്ട ഭാഗം ഇടത്തരംവിഭാഗത്തിനാണ് ഉണ്ടാകുക. അതോടൊപ്പം പരമ്പരാഗതമായ തൊഴിലാളിവിഭാഗങ്ങള്‍ളുടേയും ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള വിഭാഗങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി മുന്നോട്ടേക്ക് പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. ജനവിരുദ്ധമായ ഒരു സമീപനവും സ്വീകരിക്കില്ല. ഒരു പൊതുമേഖലാ സ്ഥാപനവും ഏതെങ്കിലും അര്‍ഥത്തില്‍ പി.പി.പി. ആക്കുകയല്ല ഉദ്ദേശിക്കുന്നത്. മുന്നോട്ടേക്ക് പോകാനാകാത്ത ഘട്ടത്തില്‍ ഇത് പരിശോധിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖല വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചങ്ങാത്ത മുതലാളിത്തം ആണ് കേന്ദ്രം ചെയ്യുന്നത്. അത് ഇവിടെ ഉദ്ദേശിക്കുന്നില്ല. കേന്ദ്രനിലപാടിന് വിപരീതമായി, ജനോപകാരപ്രദമായ രീതിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഫലപ്രദമായി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതിന്റെ പാഠശാലയായിരിക്കും കേരളത്തിന്‍റെ നിലപാട്. നെഗറ്റീവായ കാര്യങ്ങളുടെ പിറകേ പോകാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. പോസിറ്റീവായ നിലപാടിനൊപ്പം നിന്ന് നെഗറ്റീവായ എല്ലാത്തിനേയും തള്ളി ഈ പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യൂസര്‍ ഫീ നിര്‍ദേശം മാത്രമാണ് ഇപ്പോള്‍ വച്ചിട്ടുള്ളത്. അത് വിശദമായി പരിശോധിച്ച്, ജനങ്ങളോട് ഇക്കാര്യം പറഞ്ഞ് വ്യക്തമാക്കി, അവരുടെ സമ്മതിയോടെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിവിധ മേഖലകളില്‍നിന്നുള്ള വിഭവസമാഹരണത്തിന് സാധ്യതകളുണ്ട്. കേന്ദ്രം അനുമതി തന്നാല്‍ കെ- റെയില്‍ നടപ്പാക്കാന്‍ കഴിയുമെന്നും വിഭവസമാഹരണവും സാധിക്കുമെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ജപ്പാനുമായൊക്കെ ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ അത് സമ്മതിച്ചതാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
സ്ത്രീ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്‍കുന്ന സമീപനമാണ് പാര്‍ട്ടിയുടേത്. സ്ത്രീസൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നു. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം 18 ശതമാനമാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാന്‍ സാധിച്ചു. അത് ഉയര്‍ത്തി 22 ശതമാനമാക്കുകയും ചെയ്തു. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും ഡയറക്ടറേറ്റും രൂപവത്കരിച്ചു. നവകേരളത്തിനായി പുതുവഴികള്‍ രേഖയ്ക്ക് വന്‍ സ്വീകാര്യതയാണ് ചര്‍ച്ചയിലുണ്ടായത്. ഇതിന്മേല്‍ നടന്ന അഞ്ച് മണിക്കൂര്‍ ചര്‍ച്ചയില്‍ 27 പേരാണ് പങ്കെടുത്തത്.
കേന്ദ്രം കേരളത്തെ ക്രൂരമായി അവഗണിച്ചാലും നവകേരള നിര്‍മാണത്തിന് പുതുവഴികള്‍ കണ്ടെത്താനുള്ള പ്രഖ്യാപനമായിട്ടാണ് അംഗങ്ങള്‍ ഇതിനെ കണ്ടത്. നവകേരള നിര്‍മാണം എന്ന ലക്ഷ്യത്തില്‍ ഭൂരിപക്ഷവും നടപ്പാക്കാനായി. ഇനി പുതുവഴികളാണ് വേണ്ടത്. പുതിയ വിഭവ സമാഹരണമെന്ന ലക്ഷ്യം സ്വാഗതം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഉപരോധം പോലെയുള്ള സാമ്പത്തിക രംഗത്തുള്ള നിലപാടും കടം വാങ്ങുന്ന പട്ടികയിലേക്ക് കിഫ്ബിയേയും പെന്‍ഷന്‍ ഫണ്ടിനെയുമെല്ലാം മാറ്റുന്നതിലൂടെ കേരളത്തെ വരിഞ്ഞുമുറുക്കി, ഒരുതരത്തിലുമുള്ള ക്രിയാത്മകമായ നിലപാടുകളും സ്വീകരിച്ച് മുന്നോട്ടേക്ക് പോകാനാകാത്ത വിധത്തില്‍ കേരളത്തിന്റെ വികസനം മുരടിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രേഖ സമഗ്രമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും രേഖയോടൊപ്പം ചേര്‍ക്കേണ്ട നിരവധിയായ കാര്യങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഇതിനായി ഉപയോഗിക്കണം. നവകേരള നിര്‍മാണം സാമൂഹികനീതിയില്‍ അധിഷ്ടിതമായിരിക്കണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. കാര്‍ഷിക, ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ വേണം. കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം നടപ്പിലാക്കി കൃഷി ആദായകരമായ നിലയില്‍ കൈകാര്യം ചെയ്യപ്പെടണമെന്നും പുതിയ തലമുറയെക്കൂടി ആകര്‍ഷിക്കാന്‍ പറ്റുന്ന നിലയില്‍ കാര്‍ഷിക മേഖല ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് ശക്തമായ ഇടപെടല്‍ വേണമെന്ന നിര്‍ദേശവും വന്നിട്ടുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
Content Highlights: CPM`s resolutions focus on Mahé development, resource mobilization, and women`s empowerment.
Published: 08 Mar 2025, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented