
കൊല്ലം: സമരം മറന്നുപോകുന്ന പാര്‍ട്ടിയായും വഴിപാട് സമരങ്ങളുടെ ഏറ്റെടുപ്പുകാര്‍മാത്രമായും സി.പി.എം. മാറരുതെന്നാണ് സംസ്ഥാനസമ്മേളനത്തിലെ ചര്‍ച്ചയുടെ പൊതുവികാരം. നേതൃത്വം നിര്‍ദേശിക്കുന്ന ചട്ടപ്പടി സമരങ്ങളുടെ പ്രയോക്താക്കള്‍ മാത്രമായി മാറുകയാണ് അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍.
പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാതെയും ജനങ്ങളുമായി ബന്ധമുള്ള വിഷയങ്ങളുടെ ഭാഗമാകാതെയും മാറുന്നത് പാര്‍ട്ടിയെ നിര്‍ജീവമാക്കും. ഈ ശൂന്യതയിലേക്ക് ബി.ജെ.പി. കടന്നുകയറുന്നുവെന്ന രാഷ്ട്രീയാപകടവുമുണ്ട്. അതിനാല്‍, പാര്‍ട്ടി ഏറ്റെടുക്കേണ്ട 35 ദൗത്യങ്ങളാണ് റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും അതിനുള്ള സംസ്ഥാനസെക്രട്ടറിയുടെ മറുപടിയിലുമായുണ്ടായത്.
പാര്‍ട്ടി എന്നത് ബ്രാഞ്ചുമാത്രമല്ല. അനുഭാവികള്‍കൂടിയാണ്. അനുഭാവി ഗ്രൂപ്പുകളുടെ യോഗം വിളിച്ച് പ്രചാരണ-സമരരീതി ആസൂത്രണം ചെയ്യുന്ന രീതിവേണമെന്നും നിര്‍ദേശിക്കുന്നു.
ഏറ്റെടുക്കേണ്ട പ്രധാന ദൗത്യങ്ങള്‍
- അകന്നുപോയവരെയും ജനവിഭാഗങ്ങളെയും കൂടെനിര്‍ത്തണം.
- ജാതി സംഘടനകളില്‍ ചിലശക്തികള്‍ നുഴഞ്ഞുകയറി അവയെ അവയെ വര്‍ഗീയമായി യോജിപ്പിച്ച് മതരാഷ്ട്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കണം
- ആരാധനാലയങ്ങളെ വര്‍ഗീയശക്തികളില്‍നിന്ന് മോചിപ്പിക്കണം. സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ രൂപവത്കരിച്ച് സംഘപരിവാറിനെ പ്രതിരോധിക്കണം
- ഫണ്ട് പിരിവില്‍ വ്യക്തതവേണം. പൊതുജനങ്ങളില്‍നിന്നാണ് പിരിക്കേണ്ടത്. വ്യക്തികളില്‍നിന്ന് ലക്ഷങ്ങള്‍ പിരിക്കുന്നത് അവസാനിപ്പിക്കണം
- പാര്‍ട്ടിയംഗങ്ങള്‍ റിയല്‍ എസ്റ്റേറ്റ്പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആര്‍ഭാടരഹിതമാക്കണം
- ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണം. ജില്ലാ-ഏരിയാക്കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ചുകളില്‍ പങ്കെടുക്കണം
- നഗരങ്ങളില്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ സവിശേഷമായി ഏറ്റെടുക്കണം
- ആദിവാസി മേഖലകളില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം
- മതരാഷ്ട്രവാദങ്ങളെ ശക്തമായി തുറന്നുകാണിക്കണം. മതേതരരാജ്യമാണ് വിശ്വാസികള്‍ക്ക് ആവശ്യമെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കണം
- ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ആവശ്യമായ ഭാഗമാണെന്നും മതപ്രീണനമല്ലെന്നുമുള്ള കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കണം
- സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം
- മാധ്യമങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരാകുന്നതിനാല്‍ അവയെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം
- പാര്‍ട്ടിയുടെ എല്ലാതലത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കണം
- ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ വികസിപ്പിക്കുകയും നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരുകയും വേണം
- എല്ലാകലാലയങ്ങളിലും എസ്.എഫ്.ഐ. പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തെറ്റായ പ്രവണതകള്‍ തിരുത്താന്‍ ഇടപെടണം. ഓരോ കോളേജിലും ജില്ലാക്കമ്മിറ്റി അംഗത്തിന് ചുമതല നല്‍കണം
പരിഷ്‌കാരങ്ങള്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമാകണം
കൊല്ലം: പരിഷ്‌കാരങ്ങള്‍ സാമൂഹികനീതിയില്‍ അധിഷ്ഠിതമായിരിക്കുമെന്ന് ഉറപ്പാക്കണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍. കേരളത്തിന്റെ വികസനത്തിന് ആവശ്യമായവിധത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കാനാകണം
യന്ത്രവത്കരണമടക്കം നടപ്പാക്കി കൃഷി ആദായകരമായനിലയില്‍ കൈകാര്യം ചെയ്യണം. പുതുതലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാനാകണം.
ആശുപത്രിരംഗത്ത് വന്‍സാമ്പത്തികശക്തികള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. 6000 കോടിയുടെ നിക്ഷേപമാണുവരുന്നത്. ചികിത്സച്ചെലവ് കൂടുകയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാനാകാത്തവിധം ഇത്തരം ആശുപത്രികള്‍ മാറുകയുമാണ് ചെയ്യുന്നത്. ഇവയ്ക്ക് പരവതാനിവിരിക്കുമ്പോള്‍ ചികിത്സച്ചെലവ് ഏകീകരിക്കാന്‍ നിയമനിര്‍മാണംകൂടി വേണ്ടതുണ്ട്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യനിരക്കില്‍ മെഡിക്കല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കാന്‍ തയ്യാറാകണം.
വന്യജീവിനിയമം വനത്തില്‍മാത്രമേ നടപ്പാക്കാവൂയെന്ന കാര്യത്തിലെങ്കിലും അടിയന്തര ഇടപെടല്‍ വേണമെന്ന് മലയോരമുള്ള എല്ലാ ജില്ലകളില്‍നിന്നും നിര്‍ദേശംവന്നു.
Content Highlights: Kerala CPM`s state conference discusses revitalizing the party, addressing internal issues
Published: 09 Mar 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented