കൊല്ലം: എല്ലാം കണ്ണൂരിന് എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിനല്‍കി സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂര്‍ ജില്ലയുടെ ആധിപത്യം ചോദ്യചെയ്തുള്ള സമ്മേളന പ്രതിനിധികളുടെ വിമര്‍ശനങ്ങള്‍ക്ക്, മെറിറ്റ് മാത്രമാണ് പാര്‍ട്ടി നോക്കാറെന്ന് വൈകിട്ട് നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

To advertise here,

സെക്രട്ടറി എപ്പോഴും പറയും മെറിറ്റ് മെറിറ്റെന്ന്. പക്ഷേ, പദവികളുടെ കാര്യം വരുമ്പോള്‍ ഒരു ജില്ലയിലേക്ക് കേന്ദ്രീകരിക്കുന്നു. കണ്ണൂരെന്ന് പേര് പരാമര്‍ശിക്കാതെ ഒരു ജില്ലയുടെ ആധിപത്യത്തെക്കുറിച്ച് വിമര്‍ശിച്ചത് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. ഇതിനാണ് പാര്‍ട്ടി മെറിറ്റ് മാത്രമാണ് നോക്കുന്നത്, മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പദവികളിലേക്ക് ആളുകളെ നിയോഗിക്കുക എന്ന് ഗോവിന്ദന്‍ വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്യുന്ന പ്രധാന പദവികളിലുള്ളവരെല്ലാം മാറുമ്പോഴും കണ്ണൂരുകാര്‍തന്നെ വരുന്നു എന്നതായിരുന്നു വിമര്‍ശനമായി വന്നത്. യുവജന തലത്തില്‍ പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ചവരെ നിയോഗിക്കുന്നതിനപ്പുറം ഒരു ജില്ലയ്ക്കും പ്രത്യേക സംവരണമോ ജില്ലനോക്കി പദവികള്‍ വീതംവെക്കുന്ന രീതിയോ പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.