
ന്യൂഡൽഹി: പ്രായ പരിധിയുടെ പേരിൽ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിയുന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സിപിഎം പുതിയ രൂപരേഖ തയ്യാറാക്കുന്നു. മധുരയിൽ അടുത്ത മാസം ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഈ രൂപരേഖ ചർച്ചചെയ്ത് അംഗീകരിക്കും. രൂപരേഖയിലെ ശുപാർശകൾ അംഗീകരിക്കുന്നതോടെ പ്രായപരിധിയെ തുടർന്ന് വിരമിച്ച പല പ്രധാന നേതാക്കൾക്കും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തുടരാൻ സാധിക്കും.
എഴുപത്തഞ്ച് വയസ് കഴിയുന്നവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ രണ്ട് പാർട്ടി കോൺഗ്രസുകൾ മുതലാണ് സിപിഎം കർശനമായി നടപ്പാക്കിത്തുടങ്ങിയത്. അപൂർവ്വം ചില നേതാക്കൾക്ക് മാത്രമാണ് പ്രായപരിധി വിഷയത്തിൽ സിപിഎം ഇളവ് നൽകിയത്. എന്നാൽ പ്രായ പരിധിയുടെ പേരിൽ ഒഴിവാക്കപ്പെടുന്നവരിൽ പലരുടെയും സേവനം തുടർന്നും പാർട്ടിക്ക് പ്രയോജനപ്പെടുത്താം എന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പ്രായപരിധി കഴിഞ്ഞവരുടെ സേവനം തുടർന്നും പ്രയോജപ്പെടുത്തുന്നതിനുള്ള നയം സിപിഎം കൊണ്ടുവരുന്നത്.
പാർട്ടിയുടെ പഠന ഗവേഷണ കേന്ദ്രങ്ങൾ, പാർട്ടി സ്‌കൂളുകൾ, പ്രസിദ്ധീകരണങ്ങൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ചുമതലകൾ തുടങ്ങിയവയിൽ നേതാക്കളുടെ സേവനം വിനിയോഗിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഓരോ നേതാക്കളുടെയും പ്രവർത്തന പരിചയം, അനുഭവസമ്പത്ത് എന്നിവ കാണിക്കിലെടുത്താകും നേതാക്കൾക്ക് ചുമതല നൽകുക. ഇത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തയ്യാറാക്കുന്ന രേഖകൾ മധുരയിൽ ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത് അംഗീകരിക്കുമെന്ന് പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി പറഞ്ഞു.
മാതൃക എസ്.ആർ.പി; സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം കേൾക്കും
പ്രായ പരിധിയെ തുടർന്ന് സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവായ എസ്. രാമചന്ദ്രൻ പിള്ള ഇപ്പോഴും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. എല്ലാ ദിവസവും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തുന്ന എസ്ആർപി പാർട്ടിയുടെ നയരൂപീകരണം ഉൾപ്പടെയുടെ വിഷയങ്ങളിൽ സിപിഎം കേരള ഘടകത്തെ സഹായിക്കുന്നുണ്ട്. ഇതിന് പുറമെ പാർട്ടിയുടെ പഠന-ഗവേഷണ കേന്ദ്രങ്ങളിലും അദ്ദേഹം സജീവമാണ്. ഈ മാതൃകയിൽ മറ്റ് നേതാക്കളുടെയും സേവനം വിനിയോഗിക്കാനാണ് സിപിഎം ആലോചിക്കുന്നത്.
പ്രായപരിധിയിൽ ഒഴിയുന്ന നേതാക്കളുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാന ഘടകങ്ങളോടും അഭിപ്രായം കൈമാറാൻ സിപിഎം കേന്ദ്ര നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾകൂടി പരിഗണിച്ചാകും അന്തിമ രൂപരേഖ തയ്യാറാക്കി പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുകയെന്ന് മുതിർന്ന പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി അറിയിച്ചു.
Content Highlights: CPM is drafting a new document to utilize the experience of leaders who stepped down due to age
Published: 11 Mar 2025, 09:46 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented