
കൊല്ലം: നേതാക്കൾക്കടക്കം ജനങ്ങളുമായുള്ള ബന്ധം കുറയുന്നുവെന്ന് സി.പി.എം. സംഘടനാ റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാർട്ടി നിർദേശം പാലിക്കാത്ത ചിലരുണ്ട്. സംഘപരിവാറിന് സ്വാധീനമുണ്ടാകുന്ന വിധത്തിൽ ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും പടരുന്നുണ്ട്. സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല പദ്ധതിയും ഹ്രസ്വകാല പരിപാടിയുമുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയിൽ അംഗബലം കൂടുകയും തുടർഭരണം ജനസ്വാധീനമുള്ളതായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ദൗർബല്യങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ടെന്ന ആമുഖത്തോടെയാണ് സംഘടനാ റിപ്പോർട്ടിലെ ഈ സ്വയംവിമർശനം.
ജനങ്ങളോട് നേരിട്ട് ഇടപെടുന്ന ഘടകമായ ബ്രാഞ്ചുകളിൽ ദുർബലാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് സമാഹരണത്തിൽ ചില സഖാക്കൾക്ക് സുതാര്യതയില്ല. രശീതിപോലും നൽകാതെ ചിലർ സ്ഥാപനങ്ങളിൽനിന്ന് വലിയ തുക വാങ്ങുന്ന രീതിയുണ്ട്. ചിലർ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീർപ്പ് നടത്തുന്നു. അതിന് പണം വാങ്ങുന്നെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
പാർട്ടി വോട്ടുകൾ ബി.ജെ.പി.യിലേക്ക് ചോരുന്നു
പാർട്ടി ശക്തികേന്ദ്രങ്ങളിലടക്കം ബി.ജെ.പി.യിലേക്ക് വോട്ടു ചോരുന്നെന്ന് സംഘടനാ റിപ്പോർട്ട്. കാലാകാലമായി പാർട്ടിയോടൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളിൽ കടന്നുകയറാനും സ്വാധീനിക്കാനും ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ജനകീയാടിത്തറ ദുർബലപ്പെടുത്താനുള്ള ദീർഘകാല പദ്ധതികളും ഹ്രസ്വകാല ഇടപെടലുകളും ബി.ജെ.പി. ആസൂത്രണം ചെയ്തിട്ടുണ്ട്. സംഘപരിവാറിന് പരവതാനി വിരിക്കുന്ന സാമുദായിക നേതൃത്വത്തെ തുറന്നുകാട്ടി മുന്നോട്ടുപോകണം.
മഹിളാരംഗത്തെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സംഘപരിവാർ ശക്തികൾ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വനിതാകൂട്ടായ്മകൾ അത്തരത്തിലുള്ളതാണ്. സ്ത്രീകളിലേക്ക് കേന്ദ്രസർക്കാരിന്റെ സേവനങ്ങളെത്തിക്കാനും അതിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ബി.ജെ.പി. ശ്രമിക്കുന്നുണ്ട്.
വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും
സിൽവർ ലൈൻ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് നവകേരള നയരേഖ. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും. ശബരി വിമാനത്താവളവും യാഥാർഥ്യമാക്കും. റെയിൽവേ, മെട്രോ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ ചേർത്ത് അതിവേഗ മൾട്ടി മോഡൽ പൊതുഗതാഗത സംവിധാനം കൊണ്ടുവരും. ഇവയെ വ്യവസായ ഇടനാഴികളുമായി ബന്ധിപ്പിക്കും. സ്വകാര്യമേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കും.
ഇവിടങ്ങളിൽ സാമൂഹികനീതി ഉറപ്പാക്കും. ഗവേഷണത്തിനും ഔഷധവികസനത്തിനും ആരോഗ്യ ഡേറ്റ ഗവേണൻസ് നയം രൂപവത്കരിക്കും. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും. കൃത്യമായി വിതരണം ചെയ്യും- നയരേഖ പറയുന്നു.
Content Highlights: cpm state conference report kollam
Published: 07 Mar 2025, 07:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented