ഒരു വശത്ത് ബിജെപിയിലേക്കുള്ള വോട്ടുചോര്‍ച്ച. മറുവശത്ത് മുസ്ലിം വോട്ടുകള്‍ ലീഗിന്റെ കാര്‍മികത്വത്തില്‍ ഏകീകരിക്കപ്പെടുന്നുവെന്ന കണ്ടെത്തല്‍. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഈ ഇരട്ട വെല്ലുവിളി അതിജീവിക്കേണ്ടതിനെക്കുറിച്ചാണ് ഊന്നുന്നത്. ഭൂരിപക്ഷ വോട്ടുകളില്‍ ബിജെപി വിള്ളല്‍ വീഴ്ത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി ചങ്ങാത്തത്തിലായ ലീഗ് ആ വോട്ടുകളും ഏകോപിപ്പിക്കുന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്.
ജാതീയമായി പിളര്‍ത്തുകയും വര്‍ഗീയമായി ഏകോപിപ്പിക്കുകയുമാണ് ആര്‍എസ്എസ്സും ബിജെപിയും തന്ത്രപരമായി ചെയ്യുന്നതെന്ന് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തിലെ തിരിച്ചടിക്ക് ഈ നീക്കം കാരണമായതായി പാര്‍ട്ടി വിലയിരുത്തുന്നു. പ്രത്യേകിച്ച് ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍. ശക്തികേന്ദ്രങ്ങളില്‍ വലിയ തോതില്‍ വോട്ടുചോര്‍ച്ച സംഭവിച്ചു. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് വോട്ട് ഗണ്യമായി വര്‍ധിച്ചത് വിലയിരുത്തിയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് പറയുന്നത്. എക്കാലത്തും പാര്‍ട്ടിയുടെ അടിത്തറയായിരുന്ന ജനവിഭാഗങ്ങളിലേക്ക് പുതിയ സമീപനത്തിലൂടെ കടന്നുകയറാന്‍ ബിജെപിക്ക് കഴിയുന്നുണ്ടെന്നും സ്വയം വിമര്‍ശനപരമായി പറയുന്നു. അതോടൊപ്പം സംഘപരിവാര്‍ ശക്തികള്‍ വനിതാ കൂട്ടായ്മകളിലൂടെ സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തി രാഷ്ട്രീയനേട്ടത്തിനും ശ്രമിക്കുന്നു.
മുസ്ലിം ലീഗിനായി വാതില്‍ തുറക്കുന്ന സൂചനകള്‍ പല നേതാക്കളും പരസ്യമായി പ്രകടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ സമ്മേളനകാലത്തെ രാഷ്ട്രീയകാഴ്ച. പൗരത്വനിയമം വിഷയമാക്കിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി നയിച്ചത്. പാര്‍ട്ടിയുടെ ഉറച്ച നിലപാട് ബോധ്യപ്പെടുത്തി മുസ്ലിം സമൂഹത്തില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ആറ് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷം നേടിയത് പാര്‍ട്ടിയെ ഞെട്ടിച്ചു. രാഹുല്‍ ഗാന്ധിയുടെ വരവും ദേശീയ ബദല്‍ കോണ്‍ഗ്രസാണെന്ന പ്രതീതിയും എസ്.ഡി.പിഐ, ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമായി ചങ്ങാത്തത്തിലായി യുഡിഎഫിനെ സഹായിച്ചതിനാലുമാണ് ഇത് സംഭവിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുന്‍കാലങ്ങളില്‍ സിപിഎമ്മിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. മലപ്പുറത്ത് അടക്കം പാര്‍ട്ടി കരുത്ത് നേടിയെന്ന് എം.വി ഗോവിന്ദന്‍ വ്യാഴാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ലീഗിന് മതരാഷ്ട്രവാദികളുമായുള്ള ബന്ധം പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാക്കി മതനിരപേക്ഷ വോട്ടുകള്‍ സമാഹകരിക്കുകയും അതുവഴി ലീഗിന്റെ അടിസ്ഥാന വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി അത് പാര്‍ട്ടിക്ക് ഗുണകരമായി ഭാവിയില്‍ വരുമെന്ന പ്രതീക്ഷയും സിപിഎം പങ്കുവെക്കുന്നു.
കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ക്രിസ്ത്യന്‍ സമൂഹത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. അക്കാലത്ത് കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാനെത്തിയത് സജീവചര്‍ച്ചയാക്കിയത് ഈ മേഖലകളില്‍ എല്‍ഡിഎഫിന് സഹായകരമായി. അവിടെയാണ് കാസയുടെ രംഗപ്രവേശം സിപിഎം ഗൗരവത്തോടെ കാണുന്നത്. മുസ്ലിം വിരുദ്ധതയില്‍ ഉണ്ടായ കാസ രാഷ്ട്രീയപാര്‍ട്ടിയാകാന്‍ പോകുന്നു, അതിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന പാര്‍ട്ടി നിലപാട് എം.വി ഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു. ന്യൂനപക്ഷ വര്‍ഗീയത വിഭജിച്ച് പരസ്പരം ഏറ്റുമുട്ടിച്ച് മുതലെടുക്കുന്നതിനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ബിജെപി ഉയര്‍ത്തുന്ന സ്വത്വരാഷ്ട്രീയത്തെ ചെറുക്കാന്‍ കഴിയുന്നില്ല എന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടിലുള്ള വിമര്‍ശനം ഈ രണ്ട് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതാണ്.
Content Highlights: cpm state conference party vote share mv govindan
Published: 07 Mar 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented