
കൊല്ലം: നാലുനാള്‍ നീണ്ട സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ കൊടിയിറങ്ങും. സ്വകാര്യനിക്ഷേപവും പൊതുമേഖലയിലെ പി.പി.പിയും ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങളോടെയാണ് സമ്മേളനത്തിന് സമാപനമാകുന്നത്. വൈകുന്നേരം നാലുമണിക്ക് ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പി.ബി. കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും. 25,000 റെഡ് വൊളന്റിയര്‍മാര്‍ ഉള്‍പ്പെടെ രണ്ടരലക്ഷംപേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
നവകേരളത്തെ നയിക്കാന്‍ പുതുവഴികളെന്ന നയരേഖയുടെ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഞായറാഴ്ച രാവിലെ മറുപടി പറയും. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുക്കും. 12 മണിയോടെ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകും. പുതിയ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്, സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും. പ്രായപരിധി നിബന്ധന കര്‍ശനമാക്കുന്നതോടെ സംസ്ഥാന കമ്മിറ്റിയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിച്ചേക്കും.
നഗരത്തെ ചുവപ്പില്‍ മുക്കുന്ന റെഡ് വൊളന്റിയര്‍ പരേഡില്‍ കാല്‍ലക്ഷംപേര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. റാലിയില്‍ രണ്ടുലക്ഷംപേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കൊല്ലം ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂവെങ്കിലും സമീപ ജില്ലകളില്‍നിന്നും പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധുക്കളും ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലേക്കെത്തും.
റെഡ് വൊളന്റിയര്‍ മാര്‍ച്ച് പീരങ്കി മൈതാനം, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത്. ബോയ്‌സ് ഹൈസ്‌കൂള്‍ ജങ്ഷനില്‍നിന്ന് 2.30-ന് മാര്‍ച്ച് തുടങ്ങും. ഈ മാര്‍ച്ച് താലൂക്ക് കച്ചേരി, ബോട്ട്‌ജെട്ടി, ലിങ്ക്റോഡ് വഴി ആശ്രാമം മൈതാനത്ത് സമാപിക്കും. ശൂരനാട്, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, അഞ്ചാലുംമൂട്, കൊല്ലം ഏരിയയിലെ സിവില്‍ സ്റ്റേഷന്‍, പോര്‍ട്ട്, തിരുമുല്ലവാരം, ടൗണ്‍ ലോക്കല്‍ കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വൊളന്റിയര്‍മാരാണ് ഇവിടെനിന്ന് മാര്‍ച്ച് ചെയ്യുക. ഈ ഏരിയകളില്‍നിന്നുള്ള ബഹുജന റാലി ജില്ലാപഞ്ചായത്ത് ഓഫീസിനു മുന്നില്‍നിന്ന് നാലിനു തുടങ്ങി താലൂക്ക് കച്ചേരി വഴി ലിങ്ക്റോഡിലൂടെ ആശ്രാമം മൈതാനത്ത് എത്തിച്ചേരും.
പത്തനാപുരം, പുനലൂര്‍, കുന്നിക്കോട്, കൊട്ടാരക്കര, ചടയമംഗലം, കടയ്ക്കല്‍, അഞ്ചല്‍, ചാത്തന്നൂര്‍, നെടുവത്തൂര്‍, കുണ്ടറ, കൊട്ടിയം, കൊല്ലം, കൊല്ലം ഈസ്റ്റ് എന്നീ ഏരിയകളില്‍നിന്ന് റെഡ് വൊളന്റിയര്‍മാരുമായി വരുന്ന വാഹനങ്ങള്‍ കന്റോണ്‍മെന്റ് മൈതാനത്ത് അവരെ ഇറക്കിയശേഷം ബീച്ചില്‍ പാര്‍ക്ക് ചെയ്യണം. കന്റോണ്‍മെന്റ് മൈതാനത്തുനിന്ന് മൂന്നിന് റെഡ് വൊളന്റിയര്‍ പരേഡ് ആരംഭിക്കും. അതിനു പിന്നിലായി കലാരൂപങ്ങളും റാലിയും അണിനിരക്കും. റെഡ് വൊളന്റിയര്‍ മാര്‍ച്ചും ബഹുജന റാലികളും ആശ്രാമത്ത് സമാപിക്കും. തുടര്‍ന്ന് അഞ്ചിന് പൊതുസമ്മേളനം നടക്കും.
Content Highlights: cpm state conference concludes today
Published: 09 Mar 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented