
കൊല്ലം: മൂന്നാംതവണയും എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി, പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കുമോ എന്നതാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറുമ്പോൾ ഏവരും ഉറ്റുനോക്കുന്നത്. പി.ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിന്റെ പ്രതികരണം വിരല്‍ചൂണ്ടുന്നത്, ഇതൊരു പ്രത്യേക സാഹചര്യമായി കണ്ട് ഇളവിന് സാധ്യത തെളിയുന്നു എന്നുതന്നെയാണ്.
അത് 80-ാം വയസ്സിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കുമോ എന്നകാര്യം മാത്രമാണ് ഇനി അറിയാനുള്ളത്. അപ്പോഴും ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക എന്നാണ് പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇനി മത്സരിക്കേണ്ട എന്ന തീരുമാനം കഴിഞ്ഞ തവണ അവതരിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇത് തനിക്കും ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ മണിക് സര്‍ക്കാരിന് ത്രിപുര ഘടകം ഇളവ് നല്‍കി സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തി. അദ്ദേഹത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിലാണ് ഇതെന്ന സൂചന ശക്തമാണ്.
പാര്‍ട്ടിയുടെ നിലവിലെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനും ഇളവിന് സംസ്ഥാന ഘടകമാണ് പ്രായപരിധി നിശ്ചയിക്കുക. കേന്ദ്രകമ്മിറ്റി, പി.ബി അംഗത്വത്തിന് 75 വയസ്സ് പരിധി തുടരുമെന്നും കാരാട്ട് വ്യക്തമാക്കുകയുണ്ടായി. 'ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ പ്രായപരിധിയാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. കേന്ദ്രകമ്മിറ്റിയിലേക്കുള്ള പ്രായപരിധി കേന്ദ്രകമ്മിറ്റി തീരുമാനിക്കും. കേരളത്തില്‍ പരിധി 75 ആണ്, തമിഴ്‌നാട്ടില്‍ 72 ആണ്, മധ്യപ്രദേശില്‍ 70 ആണ്', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കാരാട്ടിന്റെ പ്രതികരണം. മധ്യപ്രദേശിന്റെയും തമിഴ്നാടിന്റെയും കാര്യം ഉദാഹരണമായി പറഞ്ഞെങ്കിലും അവിടെ രണ്ടിടത്തും 75 വയസ്സില്‍ താഴെയാണ് പ്രായപരിധി.
ഭരണം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അടുത്ത തവണയും നയിക്കട്ടെ എന്ന് പല നേതാക്കളും ഇതിനോടകം നിലപാട് തുറന്നുപറഞ്ഞിട്ടുണ്ട്.
നിയമസഭയിലേക്ക് രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന തീരുമാനം അടുത്തതവണയും തുടരണോ എന്നതിലേക്കും ചില സൂചനകള്‍ ഈ സമ്മേളനം നല്‍കിയേക്കും. ഈ തീരുമാനം അതേപോലെ തുടരുന്നപക്ഷം അടുത്ത തവണ 22 സിറ്റിങ് എം.എല്‍.എമാര്‍ മാറിനില്‍ക്കേണ്ടി വരും. ഇതില്‍ മന്ത്രിമാരായ വീണാ ജോര്‍ജും ഒ.ആര്‍ കേളുവും ഈ മാനദണ്ഡം ബാധകമാകുന്നവരാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്ന മന്ത്രി സജി ചെറിയാനും വി.കെ പ്രശാന്തിനും രണ്ട് ടേം പൂര്‍ത്തിയാക്കാത്തതിനാല്‍ നിബന്ധന ബാധകമാകില്ല. സ്പീക്കര്‍ എ.എന്‍ ഷംസീറും മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എം.എം മണിയും കെ.കെ ശൈലജയും എ.സി മൊയ്തീനും രണ്ട് ടേം പൂര്‍ത്തിയാകുന്ന 21 പേരിലുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ച് തുടര്‍ച്ചയായ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള രാഷ്ട്രീയസാഹചര്യം ഒരുക്കുന്നതില്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന 'നവകേരളത്തിനായി പുതുവഴികള്‍' എന്ന നയരേഖ സുപ്രധാനമാണ്. സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍ വരും എന്ന പ്രതീക്ഷ പങ്കുവെക്കുന്നു. വികസനപദ്ധതികളും ജനക്ഷേമപരിപാടികളും അതിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രത്യാശയ പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ വികസനരംഗത്ത് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളിലേക്കുകൂടി വെളിച്ചംവീശുന്നതാവും.
Content Highlights: Will CPM grant Pinarayi Vijayan an age exemption for a third LDF term?
Published: 05 Mar 2025, 09:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented