
കൊച്ചി: മറ്റുപാർട്ടികളിൽനിന്നുള്ളവരെ പരമാവധി ആകർഷിക്കാനും അർഹിക്കുന്ന പരിഗണന നൽകാനും സി.പി.എം. തീരുമാനിച്ചു. സി.പി.ഐ.യിൽനിന്ന് വരുന്നവർക്ക് നേരിട്ട് കാൻഡിഡേറ്റ് അംഗത്വം നൽകും.
ഇത്തരത്തിൽ വരുന്നവർക്ക് പാർട്ടി അംഗത്വം നൽകുന്നതിൽ പതിവ് കാർക്കശ്യം സ്വീകരിക്കില്ല. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ നേരിട്ട് അംഗത്വം നൽകുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആദ്യം അനുഭാവി വിഭാഗത്തിലും പിന്നീട് കാൻഡിഡേറ്റ് അംഗങ്ങളായിട്ടും ഉൾപ്പെടുത്തിയശേഷമാണ് പാർട്ടി അംഗത്വം നൽകുക. മറ്റുപാർട്ടികളിൽനിന്ന് വരുന്നവരെ അവരുടെ പ്രവർത്തനം പരിശോധിച്ച് ഘടകം നൽകാറുണ്ട്. നേതാക്കളാണ് വരുന്നതെങ്കിൽ ഉപരിഘടകങ്ങളിൽ ഉൾപ്പെടുത്തുന്നത് അങ്ങനെയാണ്. പക്ഷേ, അംഗത്വം നേരിട്ടുനൽകാറില്ല. അതേസമയം, ഇവരെ വർഗബഹുജനസംഘടനകളുടെ ഭാഗമാക്കിനിർത്താറുണ്ട്.
ടി.കെ. ഹംസ, പിലിപ്പോസ് തോമസ് തുടങ്ങിയ നേതാക്കൾ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയപ്പോൾ കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ നേരിട്ട് അംഗത്വം നൽകിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.
സി.പി.എം. വിട്ടുവരുന്നവരെ നേരിട്ട് കാൻഡിഡേറ്റ് അംഗത്വത്തിൽ ഉൾപ്പെടുത്താൻ സി.പി.ഐ. തീരുമാനിച്ചിരുന്നു.
തർക്കം തീർത്തില്ലെങ്കിൽ ഐ.എൻ.എലിനെതിരേ കടുത്ത തീരുമാനം
ഐ.എൻ.എലിൽ ആഭ്യന്തരസംഘർഷമുണ്ടെന്നും നിരന്തരം ഈ കളി തുടർന്നാൽ അവരുടെ കാര്യത്തിൽ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു. മുന്നണി വിപുലീകരണം ഇപ്പോൾ അജൻഡയിലില്ല.
50 ശതമാനം വോട്ട് ഇപ്പോൾ ഇടതുമുന്നണിക്കില്ല. 2006-ൽ 49 ശതമാനം വോട്ടുനേടിയിരുന്നു. ഭൂരിപക്ഷത്തിന്റെ പാർട്ടിയും മുന്നണിയുമായി മാറാനാണ് തീരുമാനിച്ചിട്ടുള്ളത്.
ലീഗ് വേണ്ട, സമസ്ത മതി
ലീഗുമായി കൂട്ടുകൂടാൻ ഇടതുമുന്നണി ഉദ്ദേശിക്കുന്നില്ല. അതേസമയം, സമസ്തയുമായി സഹകരണം തുടരുകയും ശക്തമാക്കുകയും ചെയ്യും.
Content Highlights: cpm state conference 2022
Published: 02 Mar 2022, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented