ആലപ്പുഴ: ഔദ്യോഗിക രേഖപ്രകാരം 1946 നവംബര്‍ ഒന്നാണ് മുന്‍മന്ത്രി ജി. സുധാകരന്റെ ജനനത്തീയതി. അക്കാലത്ത് ആറുവയസ്സിലാണ് ഒന്നാംക്ലാസില്‍ ചേര്‍ക്കുക. മൂന്നുവയസ്സ് കഴിയുമ്പോള്‍ത്തന്നെ അക്ഷരങ്ങളെല്ലാം പഠിച്ചതിനാല്‍ നേരത്തേ സ്‌കൂളില്‍ ചേര്‍ത്തു. അതിനാല്‍ യഥാര്‍ഥത്തില്‍ 75 വയസ്സായില്ലെങ്കിലും രേഖകളില്‍ അതു കടന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ വേണ്ട എന്ന മാനദണ്ഡം കര്‍ശനമാക്കിയതോടെ സുധാകരന്‍ അതില്‍ ഉള്‍പ്പെടുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം സി.പി.എം. സമ്മേളനം തുടങ്ങുന്ന ദിവസംതന്നെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയിലെ ഇനിയുള്ള ചുമതല സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക.
എം.വി. രാഘവന്‍ ബദല്‍രേഖ അവതരിപ്പിച്ച് ചരിത്രമായ 1985-ലെ എറണാകുളം സമ്മേളനത്തിലാണ് സുധാകരന്‍ ആദ്യമായി സംസ്ഥാന കമ്മിറ്റി അംഗമാകുന്നത്. 37 വര്‍ഷത്തിനുശേഷം അതേ സ്ഥലത്തുതന്നെയാണ് അദ്ദേഹം കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സുധാകരനാണ് ജില്ലയെ പ്രതിനിധാനം ചെയ്ത് ബദല്‍രേഖയ്ക്കെതിരേ സംസാരിച്ചത്. തുടര്‍ന്നു കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കേരളത്തില്‍നിന്നുള്ള പ്രതിനിധിയെന്ന നിലയില്‍ ഇതേ നിലപാടെടുത്തു.
രണ്ടുപതിറ്റാണ്ടോളം പാര്‍ട്ടിയുടെ ആലപ്പുഴയിലെ മുഖമായിരുന്നു സുധാകരന്‍. 1967-ല്‍ രണ്ടാം ഇ.എം.എസ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന കാലത്താണ് പാര്‍ട്ടി അംഗമായത്. 1971-ല്‍ കൊല്ലം എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോള്‍ പ്രായംകുറഞ്ഞ ജില്ലാ കമ്മിറ്റി അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു. 1970-ല്‍ എസ്.എഫ്.ഐ. രൂപവത്കരിച്ചപ്പോള്‍ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി.
രക്തസാക്ഷി കുടുംബാംഗമാണു സുധാകരന്‍. 1977 ഡിസംബര്‍ ഏഴിന് സുധാകരന്റെ സഹോദരന്‍ ജി. ഭുവനേശ്വരന്‍ പന്തളം എന്‍.എസ്.എസ്. കോളേജിലുണ്ടായ വിദ്യാര്‍ഥിസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.
നാലുതവണ സുധാകരന്‍ എം.എല്‍.എ.യായി. 2006-ലെ വി.എസ്. മന്ത്രിസഭാംഗമായിരുന്നു. ആദ്യ പിണറായി മന്ത്രിസഭയില്‍ മികച്ച പൊതുമരാമത്തു മന്ത്രിയെന്ന പേരുമായാണ് പാര്‍ലമെന്ററി രംഗത്തുനിന്നു പടിയിറങ്ങിയത്.
ഇത്തവണ ജി. സുധാകരനും തോമസ് ഐസക്കിനും സീറ്റ് നിഷേധിക്കുന്നതിനു പാര്‍ട്ടി ജില്ലാഘടകം എതിരായിരുന്നു. സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച്. സലാമിനു വേണ്ടി സംസ്ഥാന കമ്മിറ്റിയംഗത്തിനു യോജിച്ചവിധം പ്രവര്‍ത്തിച്ചില്ലെന്നുകാട്ടി പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു.
Content Highlights: g sudhakaran cpm state conference 2022
Published: 05 Mar 2022, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented