ന്യൂജഴ്‌സി: അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി. ന്യൂജഴ്‌സിയില്‍ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി ഈ നേട്ടത്തിലെത്തിയത്. ഇറാന്‍ മുന്‍ താരം അലി ദേയിയെ മറികടന്നാണ് മെസ്സി രണ്ടാമതെത്തിയത്. 

To advertise here,

കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ്, 108 ഗോളോടെ അലി ദേയിക്കൊപ്പമായിരുന്നു മെസ്സി. നിലവില്‍ മെസ്സിക്ക് 109 ഗോളുകളായി. 130 ഗോളുകളോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാംസ്ഥാനത്ത്. 94 ഗോളുകളുമായി ഇന്ത്യയുടെ സുനില്‍ ഛേത്രി നാലാമതും 89 ഗോളോടെ മലേഷ്യയുടെ മൊഖ്താര്‍ ദഹാരി അഞ്ചാമതുമാണ്. 

കാനഡയ്‌ക്കെതിരേ തന്റെ 14-ാം കോപ്പ അമേരിക്ക ഗോളാണ് മെസ്സി നേടിയത്. ഈ ടൂര്‍ണമെന്റിലെ ആദ്യ ഗോളും. കാനഡയ്‌ക്കെതിരേ രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ബോക്സിന്റെ എഡ്ജില്‍വെച്ച് മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, ബോക്‌സില്‍ അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. വല ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്ക്കൊടുവില്‍ ഗോള്‍ സാധുവായി.