പണ്ട് ഒരു സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ട അനുഭവമുണ്ട് എല്‍ദോസ് പോളിന്. സ്വതവേ മിതഭാഷിയായ എല്‍ദോസ് പരാതിയൊന്നും പറഞ്ഞില്ല. കാരണം ട്രാക്കിലെ കാണാക്കളികള്‍ അത്ര പരിചിതമായിരുന്നില്ല വൈകിവന്ന എല്‍ദോസിന്. ചെറുപ്പത്തില്‍ അത്ലറ്റിക്സില്‍ അത്ര തല്‍പരനായിരുന്നില്ല എല്‍ദോസ്. ആ ജാതകം തിരുത്തിക്കുറിക്കപ്പെട്ടത് കോതമംഗലം മാര്‍ അതനേഷ്യസ് കോളേജിലെ പഠനമാണ്. അവിടെവെച്ചാണ് ആദ്യം ക്രോസ് കണ്‍ട്രിയും പോള്‍വോള്‍ട്ടുമെല്ലാം പരീക്ഷിച്ചശേഷം ഫീല്‍ഡിലെ ഏറ്റവും കടുപ്പമേറിയ ട്രിപ്പില്‍ ജംപിലാണ് തന്റെ ജീവിതമെന്ന് എല്‍ദോസ് തിരിച്ചറിയുന്നത്. എല്‍ദോസിലെ പ്രതിഭയെ രാകിമിനുക്കിയത് മറ്റാരുമല്ല, അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ള എണ്ണമറ്റ താരങ്ങളെ തേച്ചു വിളക്കിയെടുത്തു ദ്രോണാചാര്യ ടി.പി. ഔസേഫ്.

To advertise here,

പിന്നൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല എല്‍ദോസിന്. എം.ജി. കായികമേള മുതല്‍ പിന്നീട് നേട്ടങ്ങളുടെ ട്രാക്കില്‍ കുതിപ്പായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തേഞ്ഞിപ്പലത്ത് ദേശീയ ഫെഡറേഷന്‍ കപ്പിനെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു എല്‍ദോസ്. ചാട്ടത്തിലും വാക്കിലും ഒരുപോലെ ആത്മവിശ്വാസത്തിന്റെ നിറകുടം. ദേശീയ റെക്കോഡുകാരന്‍ രഞ്ജിത്ത് മഹേശ്വരിയെ സാക്ഷിനിര്‍ത്തി 16.99 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. പുതിയ മീറ്റ് റെക്കോഡ് മാത്രമല്ല, കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും ടിക്കറ്റെടുക്കുക കൂടി ചെയ്തു എല്‍ദോസ് അന്ന്. പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും കാര്‍ത്തിക് വെങ്കലവും നേടി. മലയാളിതാരം അബ്ദുള്ള അബൂബക്കറിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

എന്നാല്‍, മാസങ്ങള്‍ക്കുശേഷം ബര്‍മിങ്ങാമില്‍ എല്‍ദോസും അബ്ദുള്ളയും പുതിയൊരു ചരിത്രംതന്നെ സൃഷ്ടിച്ചു. മൂന്നാം അവസരത്തില്‍ 17.03 മീറ്റര്‍ ചാടി സ്വര്‍ണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമായിരിക്കുകയാണ് എല്‍ദോസ്. തേഞ്ഞിപ്പലത്തുനിന്ന് 0.4 മീറ്റര്‍ അധികം. അബ്ദുള്ളക്ക് അഞ്ചാം ചാട്ടത്തില്‍ 17.02 മീറ്ററില്‍ വെള്ളിയും. അബ്ദുള്ള തേഞ്ഞിപ്പലത്ത് ചാടിയത് 16.50 മീറ്റര്‍ മാത്രമായിരുന്നു. ഇതാദ്യമായാണ് അബ്ദുള്ള പതിനേഴ് മീറ്റര്‍ താണ്ടുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് എല്‍ദോസ്.

എല്‍ദോസിന്റെ കുതിപ്പ് തുടങ്ങിയത് ബര്‍മിങ്ങാമിലായിരുന്നില്ല. ആഴ്ചകള്‍ മുന്‍പ് യൂജിനില്‍ തന്നെ ലോക അത്ലറ്റിക് ചാമ്പ്യഷിപ്പില്‍ തന്നെ ചരിത്രമെഴുതിയിരുന്നു ഇരുപത്തിയഞ്ചുകാരനായ എല്‍ദോസ്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അന്ന് എല്‍ദോസ്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യ ഇതുവരെയായി നാല് മെഡലുകള്‍ നേടിയിരുന്നു. മൊഹീന്ദര്‍ സിങ് ഗില്‍ 1970-ല്‍ വെങ്കലവും 74-ല്‍ വെള്ളിയും നേടിയിരുന്നു. മലയാളി താരം രഞ്ജിത്ത് മഹേശ്വരി 2010-ലും അര്‍പീന്ദര്‍ സിങ് 2014-ലും വെങ്കലം നേടിയിരുന്നു.