
കൊല്ലം: കെയ്‌ക്കിലൊരു കരകൗശലമുണ്ടെങ്കിൽ അതിന്റെ രുചിയറിയാൻ റാണി ഇന്നസെന്റിന്റെ തേവള്ളിയിലെ ചരുവിള വീട്ടിലെത്തിയാൽ മതി. രാജ്യമൊട്ടാകെയും ലോകത്തിന്റെ പല കോണുകളിലും ഹോംമെയ്‌ഡ് കെയ്‌ക്കുകൾ എത്തിക്കുന്ന ‘നസ്രാണി’ എന്ന ബ്രാൻഡിന്റെ രുചിറാണിയാണ് റാണി ഇന്നസെന്റ്.
ഇത്തവണ ക്രിസ്മസിന് റാണിയുണ്ടാക്കിയ 200 കിലോയിലധികം പ്ലം കെയ്‌ക്ക് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കഴിഞ്ഞു. കൊല്ലത്തുള്ളവർക്കായി വീട്ടിൽ കെയ്‌ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
പിറന്നാൾ, വിവാഹം, വാർഷികങ്ങൾ, വീടുകളിലെ ചടങ്ങുകൾ, വിജയാഘോഷങ്ങൾ തുടങ്ങി എവിടെയും ഒഴിവാക്കാനാകാത്ത പ്രധാന ഇനമാണ് കെയ്‌ക്കുകൾ. ക്രീം കെയ്‌ക്കുകളും പേസ്ട്രികളും ജാർ കെയ്‌ക്കുകളും മാത്രമായിരുന്നു റാണി ആദ്യമുണ്ടാക്കിയിരുന്നത്. വളരെ ചെറിയ അളവിലാണ് ആദ്യം പ്ലം കെയ്‌ക്കുണ്ടാക്കിയത്. കഴിച്ചവരെല്ലാം മികച്ചതെന്ന് അഭിപ്രായപ്പെട്ടതോടെ ഓരോവർഷവും അളവ് കൂട്ടിവന്നു.
ആറുമാസംമുൻപ് കെയ്‌ക്ക് മിക്സിങ് ആരംഭിക്കുമ്പോൾമുതൽ ഓർഡർ വന്നുതുടങ്ങും. കൂടുതലും ഇൻസ്റ്റഗ്രാം പേജ് വഴിയാണ്. കെയ്‌ക്കുണ്ടാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതുമുതൽ വീട്ടിലുള്ള രണ്ട് അവനുകളിൽ നിർമാണം പൂർത്തിയാകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും സൂക്ഷ്മതയോടെ തനിയെ ചെയ്യണമെന്ന് റാണിക്ക് നിർബന്ധം.
500 ഗ്രാം, ഒരുകിലോ തൂക്കത്തിൽമാത്രമേ പ്ലം കെയ്‌ക്കുകൾ ലഭിക്കൂ. ഭംഗിയിൽ പൊതിഞ്ഞ് ടിന്നുകളിലാക്കി സീൽചെയ്തുനൽകും. മൂന്നാഴ്ചയിൽ കൂടുതൽ കേടുകൂടാതിരിക്കും. മറ്റ് ജില്ലകളിലേക്കും കേരളത്തിനു പുറത്തേക്കും സ്പീഡ് പോസ്റ്റ് വഴിയാണ് എത്തിക്കുന്നത്. ഈ ക്രിസ്മസിന് പുറത്തേക്കുള്ള ഓർഡറുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചു, ഇനി പോസ്റ്റ് ചെയ്തൽ ക്രിസ്മസിന് വീടുകളിൽ എത്തിയില്ലെങ്കിലോ എന്നുകരുതി.
സാഹിത്യകാരി എസ്. ശാരദക്കുട്ടി കെയ്‌ക്ക് കഴിച്ചശേഷം ഫെയ്‌സ്ബുക്കിൽ കുറിച്ചതുവഴിയും ഏറെപ്പേർ കെയ്‌ക്ക് വാങ്ങാനെത്തി. സാഹിത്യ-സിനിമാ മേഖലയിലെ ഒട്ടേറെപ്പേർ സ്ഥിരമായി കെയ്‌ക്കുകൾ വാങ്ങുന്നുണ്ട്.
2020-ൽ കെയ്‌ക്കുണ്ടാക്കാൻ തുടങ്ങിയപ്പോൾ ഇത്രത്തോളം വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാചകം ഏറെ ഇഷ്ടപ്പെടുന്ന റാണി ഒരിക്കൽ കെയ്‌ക്കുണ്ടാക്കി മക്കൾക്ക് നൽകിയപ്പോൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയായി അവർ പറഞ്ഞു. അതിൽനിന്നാണ് ഒരിക്കലും പഠിച്ചിട്ടില്ലാത്ത മേഖലയിലേക്ക് ഇറങ്ങിയത്.
മക്കളായ ആനും അനീനയും മരുമക്കളായ ജെയ്‌ക്, ജോർജ് എന്നിവരുമാണ് വീഡിയോ എടുക്കുന്നതും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്യുന്നതും. കെയ്‌ക്കുണ്ടാക്കുന്നത് വരുമാനമാക്കാനുള്ള പ്രചോദനവും ഇവർതന്നെ. ഭർത്താവ് ഇന്നസെന്റ് ജോസഫാണ് പാക്കിങ്ങിനും മറ്റ് സഹായങ്ങൾക്കും എപ്പോഴും കൂടെയുള്ളത്.
പഴങ്ങൾ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, ഈന്തപ്പഴം, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയെല്ലാം ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. മക്കൾക്കും കൊച്ചുമക്കൾക്കും ഉൾപ്പെടെ നൽകുന്നത് ഏറ്റവും മികച്ചതാകണമെന്നാണ് നമ്മൾ ആഗ്രഹിക്കുക, അതേ രുചിയിലും അൽപ്പം സ്നേഹം ചാലിച്ചും നൽകുന്നതുകൊണ്ടാകാം ഇത്രയേറെ ആരാധകരുള്ളതെന്ന് റാണി പറയുന്നു.
Content Highlights: Rani Innocent's 'Nasrani' Cakes: A Taste of Kerala's Homegrown Sweet Success
Published: 23 Dec 2025, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented