പാലക്കാട്: വീടുകളിൽ വ്യത്യസ്ത രുചിക്കൂട്ടുകൾ നിറയുന്ന കാലംകൂടിയാണ് ക്രിസ്‌മസ്. കുടുംബാംഗങ്ങൾ ഒത്തുച്ചേർന്ന് ഒരുക്കുന്ന വിഭവങ്ങൾക്ക് രുചി കൂടുമെന്ന് പാലക്കാട് സുൽത്താൻപേട്ട ‘പവിഴ’ത്തിൽ പ്രസീല പറയുന്നു. ജോബീസ് മാൾ ചെയർമാൻ ജോബി വി.ചുങ്കത്തിന്റെ മരുമകളാണ് പ്രസീലജോസഫ് ചുങ്കത്ത്.

To advertise here,

കേക്കിന്റെ മാധുര്യത്തിനൊപ്പം ക്രിസ്‌മസ് കാലത്ത് വർഷങ്ങളായി തയ്യാറാക്കുന്ന പല പ്രത്യേക വിഭവങ്ങളുമുണ്ട്. ഇവയിലൊന്നാണ് കുടമ്പുളിയിട്ട് വറ്റിച്ചുലർത്തിയ ചെമ്മീൻ. വിഭവം തയ്യാറാക്കുന്നവിധം അവർ പങ്കുവെക്കുന്നു.

തയ്യാറാക്കാൻവേണ്ട സാധനങ്ങൾ

ചെമ്മീൻ- ഒരുകിലോഗ്രാം, കശ്‌മീരി മുളകുപൊടി- മൂന്ന് ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി- അര ടീസ്പൂൺ, കുടമ്പുളി- രണ്ട്, തേങ്ങാക്കൊത്ത്- അരക്കപ്പ്, വെളിച്ചെണ്ണ- അഞ്ച് ടേബിൾ സ്പൂൺ, ചെറിയ ഉള്ളി- 15 എണ്ണം, കറിവേപ്പില- ആവശ്യത്തിന്, ഉപ്പ്- ആവശ്യാനുസരണം.

തയ്യാറാക്കുന്ന വിധം

കഴുകിവൃത്തിയാക്കിയ ചെമ്മീനിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കുടമ്പുളി, തേങ്ങാക്കൊത്ത് (ഇഷ്ടമനുസരിച്ച് ആവശ്യാനുസരണം ചേർക്കാം) എന്നിവചേർത്ത് മൺചട്ടിയിലിട്ട് ചെറുതീയിൽ മൂടിവെച്ച് വേവിക്കാം. ചെമ്മീനിൽനിന്ന് വെള്ളമിറങ്ങുമെന്നതിനാൽ വെള്ളം ചേർക്കേണ്ടതില്ല. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ തീ അല്പം കൂട്ടിവെച്ച് വറ്റിച്ചെടുക്കണം.

പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞിടുക. ചെറിയ ഉള്ളി ആവശ്യത്തിന് മൊരിഞ്ഞുകഴിയുമ്പോൾ അതിലേക്ക് കറിവേപ്പിലയും വറ്റിച്ചുവെച്ച ചെമ്മീൻ തേങ്ങാക്കൊത്തും ചേർത്ത് ചെറുതീയിൽ ഫ്രൈ ചെയ്തെടുക്കാം.