
എന്തൊക്കെ വൈവിധ്യങ്ങൾ വന്നാലും ക്രിസ്മസ് കാലത്ത് പ്‌ളം കെയ്ക്കിന്റെ ഗ്ലാമറിന് ഒരു കുറവുമുണ്ടാകില്ല. മുന്തിരിവീഞ്ഞിലേക്ക് കശുവണ്ടി, ഈന്തപ്പഴം, ചെറി, ട്യൂട്ടി ഫ്രൂട്ടി, ഉണക്കമുന്തിരി, ഓറഞ്ച് ജൂസ്, ഓറഞ്ചുതൊലി, ഫിഗ്, ക്രാൻബറി തുടങ്ങിയവക്കൊപ്പം മസാലപ്പൊടിയുമിട്ട് വറ്റിവരുമ്പോൾ തേനും വെണ്ണയും ചേർത്ത് കുറുക്കി കാറ്റുകടക്കാതെ ഒരുവർഷം സൂക്ഷിച്ചുതുടങ്ങിയ ഒരുക്കങ്ങൾക്കാണ് ക്രിസ്മസ് കാലത്ത് പരിസമാപ്തിയാകുന്നത്.
പ്ലം കെയ്ക്കുകളാണ് താരമെങ്കിലും ചോക്ലേറ്റ്, വെൽവെറ്റ് കെയ്ക്കുകൾക്കും ആവശ്യക്കാരേറെയാണ്. എന്നാലിപ്പോൾ കടുത്ത നിറങ്ങളിലുള്ള ക്രീമുകളും സ്‌പോഞ്ചുകളും അനാരോഗ്യകരമാണെന്നതിനാൽ പലരും വേണ്ടെന്നുവെച്ചു. ഇതോടെ പൊതുവേ ക്രിസ്മസിന് നിറഞ്ഞുകണ്ടിരുന്ന റെഡ് വെൽവെറ്റ് കെയ്ക്കുകളുടെ ആവശ്യക്കാർ കുറഞ്ഞു. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റുകളുടെ പ്രിയം കുറഞ്ഞതായും വ്യാപാരികൾ പറയുന്നു. അതേസയം നട്ടി ബബിൾപോലുള്ള നട്ടുകളടങ്ങിയ കെയ്ക്കുകൾക്കും ഡാർക്ക് ചോക്ലേറ്റ് കെയ്ക്കുകൾക്കും ആരാധകരുണ്ട്. മിൽക്ക്, ചീസ് കെയ്ക്കുകൾക്കൊപ്പം പഴങ്ങളുടെ കെയ്ക്കുകൾക്കും വലിയ ഫാൻബേസുണ്ട്. മാങ്ങ, ഇളനീർ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ.
'ലുക്കും' വേണം
രുചി മാത്രം പോരാ. കെയ്ക്കുകളുടെ 'ലുക്കും' വിപണിയിൽ ഏറെ പ്രധാനമാണ്. രണ്ടും മൂന്നും തട്ടുകളിലുള്ളതും ഉയരം കൂടിയതുമായ കെയ്ക്കുകളാണ് പുതിയ ട്രെൻഡുകൾ. പഴങ്ങളുടെ അലങ്കാരം മാത്രമല്ല, പൂക്കൾ കൊണ്ടുള്ള അലങ്കാരവും ആവശ്യപ്പെടുന്നവരുണ്ട്. വിവിധ രൂപങ്ങളിലുണ്ടാക്കുന്ന കെയ്ക്കുകൾക്കും ആവശ്യക്കാരുണ്ട്. ക്രിസ്മസ് വിപണിയിലെ താരം സാന്താക്ലോസിന്റെയും സ്‌നോമാന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കെയ്ക്കുകളാണ്. സമ്മാനമായി നൽകാനും ഹാമ്പറിനൊപ്പം നൽകാനും കൂടുതൽ പേരും തിരഞ്ഞെടുക്കുന്നതു ടിൻ കെയ്ക്കുകളാണ്. കൂടുതൽ ദിവസം കേടുകൂടാതെയിരിക്കുമെന്നതിനാലാണ് ടിൻ കെയ്ക്കുകൾക്ക് ആവശ്യക്കാരേറുന്നത്.
ഇഷ്‌കാ 'ബൺ'
ബൺ മസ്‌കയും ഇറാനി ചായയും 'വൈറൽ' ആയതോടെ ക്രിസ്മസ് വിപണിയിലും ബണ്ണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. വിവിധയിനം ബണ്ണുകൾ തേടി ആവശ്യക്കാരെത്തുന്നുണ്ടെന്നു പള്ളിക്കുളം ജിജീസ് കെയ്ക്ക് ഉടമ ജിജി ആന്റണി പറയുന്നു. കൂടുതൽ ആളുകൾക്കും പ്രിയം ബട്ടർ ക്രീമുകൾക്കു തന്നെയാണ്. ബ്രൗണികൾക്കും ക്രിസ്മസ് കാലത്ത് ആവശ്യക്കാരേറെയാണ്. വിവിധ രീതികളിൽ ക്രീമും ചോക്ലേറ്റും ഉപയോഗിച്ച് അലങ്കരിച്ചുള്ള ബ്രൗണികൾ വിപണിയിൽ ലഭ്യമായതോടെ പിറന്നാളുൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ബ്രൗണികൾ തേടിയെത്തുന്നവരേറെയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഇവയ്ക്ക് 'റിച്ച് ലുക്ക്' ആണെന്നാണ് ആവശ്യക്കാർ പറയുന്നത്.
വിലയിലും കുറവ്
ക്രിസ്മസ് സീസണാകുന്നതോടെ കെയ്ക്കുകൾക്ക് വിലകൂടുന്നത് പതിവാണ്. എന്നാൽ, ഇത്തവണ പതിവുതെറ്റി. 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടി അഞ്ചു ശതമാനമായി കുറഞ്ഞതോടെ കെയ്ക്കുകളുടെ വില കുറഞ്ഞു. ഇതോടെ കിലോയ്ക്ക് 40 രൂപയോളം കുറവുണ്ടായിട്ടുണ്ട്. എന്നാൽ, പ്ലം കെയ്ക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉണക്കമുന്തിരിക്കും മുട്ടയ്ക്കും വില ഉയർന്നു.
Content Highlights: Explore the latest Christmas cake trends, from classic plum cakes to new favorites.
Published: 20 Dec 2025, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented