കാഞ്ഞിരപ്പള്ളി: ക്രിസ്മസ് കാലം വിവിധ രുചിവൈവിധ്യങ്ങളടങ്ങിയ കെയ്‌ക്കുകളുടെ കാലം കൂടിയാണ്. വിവിധ രൂചികളിലുള്ള കെയ്‌ക്കുകൾ വിപണിയിലുണ്ടെങ്കിലും ക്രിസ്മസിന് പ്ലം കെയ്‌ക്കിന്റെ തട്ട് താണുതന്നെ ഇരിക്കും. എല്ലാ വർഷവും കൂടുതൽ വില്പന നടക്കുന്നത് പ്ലം കെയ്‌ക്കുകളാണ്. ഉപഭോക്താക്കളുടെ രൂചി ഇഷ്ടങ്ങളിലും മാറ്റം വന്നതോടെ ബീറ്റ്‌റൂട്ട് മുതൽ ചക്കവരെയുള്ള രുചിവൈവിധ്യങ്ങളുടെ കെയ്‌ക്കുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്.

To advertise here,

ഷുഗർ ഫ്രീ

ഇത്തവണ വിപണിയിലെ പുതിയ ഇനം ഷുഗർ ഫ്രീ കെയ്‌ക്കുകളാണ്. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത്തവണ കെയ്‌ക്കു കഴിച്ച് ക്രിസ്മസ് ആഘോഷിക്കാം. പ്രമേഹരോഗികൾക്കും ഡയറ്റിങ് നടത്തുന്നവർക്കുമായി വിവിധയിനങ്ങളിലുള്ള കെയ്‌ക്കുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഷുഗർ ഫ്രീ പ്ലം കെയ്‌ക്ക്‌, മുട്ട ഉപയോഗിക്കാൻ പറ്റില്ലാത്തവർക്കായി മുട്ടയില്ലാത്ത പ്ലം കെയ്‌ക്ക്‌, ചെറുധാന്യ പ്ലം കെയ്‌ക്ക്‌ (മില്ലെറ്റ് പ്ലം കെയ്‌ക്ക്‌) എന്നിവയാണ് വിപണിയിലെ പുത്തൻ ഐറ്റം.

കെയ്‌ക്ക്‌ വൈൻ കോമ്പോ

ടിന്നുകളിലും ഹാംപറുകളും കെയ്‌ക്ക്, വൈനും ഉൾപ്പെടുന്ന പ്രീമിയം കെയ്‌ക്ക് ഇനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. 1500 രൂപ മുതൽ മുകളിലോട്ട് വൈനിന്റെയും കെയ്‌ക്കിന്റെ നിലവാരമനുസരിച്ചാണ് വില. റം റെയ്‌സിൻ, റിച്ച് പ്ലം, ക്ലാസിക് പ്ലം, ഇംഗ്ലീഷ് പ്ലം, എക്‌സോട്ടിക് പ്ലം, പ്രീമിയം പ്ലം എന്നിവയ്ക്കൊപ്പം വൈൻ ഉൾപ്പെടെയുള്ളവ അടങ്ങിയതാണിത്.

വിലയിൽ വലിയ വ്യത്യാസമില്ല

ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ന്നിട്ടും വില കാര്യമായി കുറഞ്ഞില്ല. കുറവ് 10 രൂപ മുതൽ 30 രൂപ വരെ മാത്രം. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതോടെ നിർമാണച്ചെലവ് ഉയർന്നതാണ് പ്രശ്നം.

വിപണി സജീവം

വിപണി സജീവം. പ്ലം കെയ്‌ക്കുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇത്തവണ പ്രീമിയം കെയ്‌ക്കുകൾക്ക് പുറമേ ഷുഗർ ഫ്രീ, എഗ്‌ലെസ്, മില്ലെറ്റ് കെയ്‌ക്കുകളും വിപണിയിലെത്തിക്കുന്നുണ്ട്. ഡ്രൈ ഫ്രൂട്‌സ് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വില ഉയർത്തിയിട്ടില്ല.

- പ്രവീൺ ജോസ് (കൊട്ടാരം ബേക്കേഴ്‌സ്, കാഞ്ഞിരപ്പള്ളി)