കേക്കില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം അല്ലേ. ക്രിസ്മസ് രുചിയില്‍ ഏറെ പ്രധാനപ്പെട്ടതാണ് കേക്ക്. കാരറ്റും ഈന്തപ്പഴവും ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന ഒരടിപൊടി കേക്ക് റെസിപ്പി പരിചയപ്പെട്ടാല്ലോ. ഓവനില്ലാതെയാണ് ഈ കേക്ക് തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പഞ്ചസാര വളരെക്കുറിച്ച് ചേര്‍ക്കുന്നതിനാല്‍ മധുരം അധികം താത്പര്യമില്ലാത്തവര്‍ക്കും ഇത് ഇഷ്ടമാകും.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • കാരറ്റ്(ചെറുതായി അരിഞ്ഞെടുത്തത്)        -ഒരു കപ്പ്(160 ഗ്രാം)
  • ഈന്തപ്പഴം(കുരു കളഞ്ഞ് അരിഞ്ഞെടുക്കുക)    -അര കപ്പ്(80 ഗ്രാം)
  • മൈദ        -ഒരു കപ്പ്
  • ഉപ്പ്            -അല്‍പം
  • ബേക്കിങ് സോഡ        -അര ടീസ്പൂണ്‍
  • പഞ്ചസാര        -അരകപ്പ്(അരകപ്പിന്റെ പകുതി പഞ്ചസാര കാരമലയിസ് ചെയ്യാന്‍. ബാക്കി കേക്കിന്റെ മാവിന്റെ കൂടെ ചേര്‍ക്കുന്നതിന്)
  • കശുവണ്ടി        -ചെറുത് 40 ഗ്രാം, വലുത് 7 എണ്ണം
  • മുട്ട            -2 എണ്ണം
  • സണ്‍ഫ്‌ളവര്‍ ഓയില്‍        -അര കപ്പ്
  • ഗ്രാമ്പൂപൊടി             -അര ടീസ്പൂണ്‍
  • വനില എസ്സന്‍സ്        -അര ടീസ്പൂണ്‍
  • വെള്ളം                    -അര കപ്പ്

തയ്യാറാക്കുന്ന വിധം

സ്റ്റെപ് -1

ആദ്യം മൈദയും ബേക്കിങ് സോഡയും സോഡാപ്പൊടിയും ഗ്രാമ്പൂ പൊടിച്ചതും ഉപ്പും 3 തവണ അരിപ്പയില്‍ അരിച്ചെടുക്കുക. ഇത് 3 തവണ നിര്‍ബന്ധമായും അരിച്ചെടുക്കണം.

സ്റ്റെപ്-2

അരകപ്പില്‍ പകുതി പഞ്ചസാരയെടുത്ത് ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ ഇട്ട് അടുപ്പത്ത് വെച്ച് കാരമലൈസ് ചെയ്യാന്‍ വയ്ക്കുക. പഞ്ചസാര ചെറിയ തോതില്‍ ഉരുകി വരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിക്കുക. ബ്രൗണ്‍ നിറമാകുന്നത് വരെ കരിച്ചെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. അരകപ്പ് വെള്ളം ചേര്‍ത്ത് കൊടുക്കുക. വീണ്ടും തീ ഓണ്‍ ചെയ്യാം. ഇത് നന്നായി തിളപ്പിക്കുക. രണ്ട് മിനിറ്റിന് ശേഷം ഇതിലേക്ക് കാരറ്റ് അരിഞ്ഞതും ഈന്തപ്പഴവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു മിനിറ്റിന് ശേഷം തീ കെടുത്തി ഈ കൂട്ട് തണുക്കാന്‍ വെക്കുക. 

സ്റ്റെപ്-3

ഈ സമയം കേക്കിനുള്ള മാവ് തയ്യാറാക്കാം. ആദ്യം ഒരു വലിയ പാത്രം എടുത്ത് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. അര ടീസ്പൂണ്‍ വനില എസ്സന്‍സ് കൂടി ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. മിക്‌സിയുടെ ജാറിലിട്ട് അടിച്ചെടുത്താലും മതി. അതിനുശേഷം ഈ കൂട്ടിലേക്ക് അര കപ്പ് സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് വീണ്ടും അരമിനിറ്റ് ബീറ്റ് ചെയ്യുക. വീണ്ടും കാല്‍കപ്പ് പഞ്ചസാരയും ചേര്‍ത്ത് രണ്ട് മിനിറ്റ് നന്നായി പതഞ്ഞുവരുന്നതു വരെ ബീറ്റ് ചെയ്യുക. പഞ്ചസാര ആവശ്യമെങ്കില്‍ പൊടിച്ചും ചേര്‍ക്കാം.

സ്‌റ്റെപ് -4

ഇങ്ങനെ അടിച്ചെടുത്ത കൂട്ടില്‍ നേരത്തെ നമ്മള്‍ അരിച്ചെടുത്ത് വെച്ച മൈദ കൂട്ട് കുറച്ചായി ചേര്‍ത്ത് കൊടുക്കാം. കട്ടകള്‍ ഉണ്ടാകാതെ പതിയെ പതിയെ വേണം ചേര്‍ത്ത് കൊടുക്കാന്‍. മുഴുവന്‍ പൊടിയും ഇങ്ങനെ ചേര്‍ത്ത് കൂട്ട് കുഴച്ചെടുക്കാം. ഇപ്പോള്‍ മാവ് നല്ല കട്ടിയായി വന്നിട്ടുണ്ടാകും. ഇതിലേക്ക് കാരറ്റ്, ഈന്തപ്പഴം, പഞ്ചസാര കരിച്ചത്, കശുവണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ കൂടി ചേര്‍ത്ത് കുഴച്ചെടുക്കാം. ഇത് പതിയെ വേണം കുഴച്ചെടുക്കാന്‍. ശേഷം ഒരു കേക്ക് ടിന്നില്‍ എണ്ണ തേച്ച് ബട്ടര്‍ പേപ്പര്‍ വെച്ച് കേക്ക് മാവ് അതില്‍ ഒഴിക്കുക. കേക്ക് മാവ് ടിന്നില്‍ ഒഴിച്ച ശേഷം കൈകള്‍ കൊണ്ട് ചെറുതായി ഒന്ന് തട്ടിക്കൊടുക്കണം. മാവിലെ വായുകുമിളകള്‍ പോകുന്നതിനാണിത്. ശേഷം അലങ്കരിക്കുന്നതിനായി മുറിക്കാത്ത അണ്ടിപ്പരിപ്പ് മാവിന് മുകളില്‍ ഓരോന്നായി വയ്ക്കാം. 

സ്റ്റെപ് -5

ഓവന്‍ ഇല്ലാതെയാണ് ഈ കേക്ക് തയ്യാറാക്കുന്നത്. അതിനായി ഒരു ദോശകല്ല് അടുപ്പത്ത് വെക്കുക. അതില്‍ ഒരു റിംഗ് വെക്കുക. ഇത് 5 മിനിറ്റ് നന്നായി ചൂടാക്കുക. ശേഷം കേക്കിന്റെ മാവ് റിങ്ങിന്റെ മുകളില്‍വെച്ച് ഒരു വലിയ പാത്രം കൊണ്ട് മൂടുക. കേക്ക് ടിന്‍ നന്നായി മൂടിവെക്കാന്‍ ശ്രദ്ധിക്കണം. തീ ഏറ്റവും കുറച്ച് വെച്ച് ഒരു മണിക്കൂറിന് ശേഷം മൂടി മാറ്റാം. 

കേക്ക് പാകമായതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി ഒരു തുണികൊണ്ട് മൂടി വെക്കുക. മുകള്‍വശം ഉണങ്ങിപ്പോകാതെ ഇരിക്കുന്നതിനാണ്. പിറ്റേദിവസം ഉപയോഗിക്കുകയാണെങ്കില്‍ കേക്കിന് ഇരട്ടി സ്വാദായിരിക്കും.