കട്ടിക്കണ്ണടയും കവിളിലൊരു കരിമ്പന്‍ അരിമ്പാറയുമുള്ള വോള്‍ഗാന്റിയായിരുന്നു ഞങ്ങളുടെ ഇടയിലെ പേരുകേട്ട വൈന്‍കെട്ടുകാരി. തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്ക് മുന്തിരിയും പഞ്ചസാരയും സുഗന്ധക്കൂട്ടുകളും ചേര്‍ക്കുന്നതു മുതല്‍ ഭരണിയുടെ വായ മൂടിക്കെട്ടുന്നതുവരെയുള്ള പണികളെല്ലാം ഒരു അര്‍പ്പണംപോലെയാണ് അവര്‍ ചെയ്തിരുന്നത്.

To advertise here,

ക്രിസ്തുമസ്സിന്റെ ചെറിയ നോമ്പിനൊപ്പമാണ് പറുങ്കിവീടുകളില്‍ വൈന്‍കെട്ടുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. കറുത്ത മധുരന്‍മുന്തിരിയായിരുന്നു വോള്‍ഗാന്റിക്ക് പ്രിയം. വൈന്‍കെട്ടാന്‍ തുടങ്ങുന്ന ദിവസം ചായ്പ്പി ന്റെ ഒരു വശം കര്‍ട്ടനിട്ട് മറച്ച് അവര്‍  മുറിപോലെയാക്കും. പള്ളികളിലെ അള്‍ത്താരപോലെയായിരുന്നു വോള്‍ഗാ ന്റയുടെ വൈന്‍മുറി.. മുന്തിരിക്കൂട്ട് തയ്യാറാക്കി പതിനാലു ദിവസമെങ്കിലും കാത്തിരിക്കണം വൈന്‍ മൂപ്പെത്താന്‍. അത്രയും ദിവസം തുണിമറയ്ക്കുള്ളിലേക്ക് ആന്റിയാരെയും കയറ്റില്ല.. 

ത്രിസന്ധ്യാജപം കഴിയുന്നതൊടെ ചിരട്ടത്തവിയുമായി അവര്‍ തുണിമറയ്ക്കുള്ളിലേക്ക് കയറും.. ധനുവിലെ തണുപ്പില്‍ കമ്പിളിത്തൊപ്പിയണിഞ്ഞ ഗ്രാന്‍പാമാരെപ്പോലെ, മറയ്ക്കുള്ളില്‍ അനക്കമറ്റിരിക്കുന്ന കല്‍ഭരണികളുടെ തലേക്കെട്ടഴിച്ച് അവര്‍ മുന്തിരിക്കൂട്ട് ഇളക്കും.. കൊതിമൂത്തവര്‍ വൈന്‍ കണ്ടാല്‍ മൂപ്പെത്താതെ പോകുമെന്നും പറ ഞ്ഞ് അതില്‍നിന്ന് ഇത്തിരിയെടുത്ത് അവര്‍ തലയുഴിഞ്ഞ് പുറത്തേക്ക് തൂളും.. 

ഒന്നിരാടം വൈന്‍ ഇപ്രകാരം ഇളക്കികൊടുക്കണം. ചിരട്ടത്തവിയുടെ ഇളക്കത്തിനൊപ്പം കറുവപ്പട്ടയും ഗ്രാമ്പും, കെട്ടിയിട്ട നുറുക്കുകോതമ്പുമൊക്കെ മുന്തിരിയുമായി അലിഞ്ഞുയരുന്ന  മണം, ദിവസം കഴിയുന്തോറും കൂടി ക്കൂടി വീടു മുഴുവന്‍ നിറയും.. ചെറുതിലേ മുതല്‍ എനിക്ക് വൈന്‍ പിടിക്കില്ല.. കഴിച്ചാലുടനെ തോളു കഴച്ചൊടിയൊ ന്നൊരു വേദന വരും.. എന്നാലും അതു പകര്‍ന്നു നല്‍കുന്ന 'വൈന്‍ഗ്ലോബെറ്റ്' എന്ന മെലിഞ്ഞ ചില്ലു ഗ്ലാസ്.. അതിലുലയുന്ന മുന്തിരിച്ചാറിന്റെ ഡാര്‍ക്ക് ഷെയിഡ് ഓഫ് റെഡ്... മുന്തിരിക്കൂട്ട് നിറച്ചുവെയ്ക്കുുന്ന കഴുത്തിടുങ്ങിയ കല്‍ഭരണികള്‍.. ഒത്തൊരുമിച്ചൊരു ടോസ്റ്റ് പറയുന്നത്.. കഴിക്കാനാവില്ലെങ്കിലും വൈന്‍ എനിക്കെന്നുമൊരു  ഹരമായിരുന്നു..

ഞങ്ങള്‍ പറുങ്കികളുടെ എല്ലാ ചടങ്ങിലും കേക്കും വൈനും ഉണ്ടാവും. പറുങ്കിവൈന്‍ ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. ആഘോഷങ്ങളില്‍ ആദ്യം വിളമ്പുന്നത് വൈനാണ്.. പിന്നാലെയാണ് കേക്ക് കൊടുക്കുക. 'രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി ചന്ദ്രോദയം സ്വപ്ന മാല തീര്‍ത്തു..' എന്നു തുടങ്ങുന്ന പാട്ട് കേക്കും വൈനിനുമൊപ്പം എന്റെ ഓര്‍മ്മയിലെത്തും.. ശ്രീകുമാരന്‍ തമ്പിയുടെ രചനയ്ക്ക്  അര്‍ജ്ജുനന്‍ മാഷ് ഈണം നല്‍കി യേശുദാസ് പാടിയ ഈ ഗാനം  കന്യാദാനം എന്ന ചിത്രത്തിലേതാണ്. ഇംഗ്ലീഷ് അത്രയൊന്നും പിടുത്തമില്ലാത്ത പറുങ്കികളുടെ കല്യാണവീട്ടില്‍ ചെക്കനും പെണ്ണും കൂടി മണിക്കോലത്തില്‍ വെച്ച് വൈന്‍ ടോസ്റ്റ് ചെയ്യുമ്പോള്‍  ഈ പാട്ടാണ് മിക്കവാറും ഇടുക..

ഒരിക്കല്‍ അമ്മവീട്ടിലെ കല്യാണാഘോഷത്തിനു ചെറിയ കുട്ടിയായിരുന്ന എന്റെ കൈയിലാണ് ആരോ കേക്കിന്റെ ട്രേ എടുത്തു തന്നത്. വൈന്‍ വിളമ്പുന്നതിനു മുന്നേ കേക്ക് കൊടുത്തതിനു ഞാനന്ന് കുറേ വഴക്കു കേട്ടു. അതില്‍ പിന്നെ ഞങ്ങളുടെ വിരുന്നുകളില്‍ ഭക്ഷണം വിളമ്പാന്‍ പറഞ്ഞാല്‍ പിന്നിലേക്ക് മാറും..

മുന്തിരിയും അതിന്റെ പാനീയവും ഞങ്ങള്‍ പറുങ്കികളുടെ ആത്മാവോടു ചേര്‍ന്നാണ് കിടക്കുന്നത്.  സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പോര്‍ട്ടുഗലിലെ വൈന്‍പാര്‍ലറുകളെക്കുറിച്ച് മാത്രമായി ഒരു വീഡിയോ ചെയ്തി ട്ടുണ്ട്. 'കള്ളുകുടിക്കാന്‍ പരിശീലിപ്പിക്കുന്ന നാടുകള്‍..' എന്നാണ് അതിന്റെ ടൈറ്റില്‍. വൈന്‍ വിളമ്പുന്നത്.. അത് വില്‍ക്കുന്നത് ഒക്കെ രസകരമായി അദ്ദേഹം അതില്‍ പറയുന്നുണ്ട്. വൈന്‍ എങ്ങനെയാണ് കഴിക്കേണ്ടതെന്ന് പഠിപ്പിക്കുന്ന ക്ലാസ്മുറികള്‍പോലും ലിസ്ബനിലുണ്ട്.. ഞാന്‍ ആവര്‍ത്തിച്ചു കാണാറുള്ള ഒരു വീഡിയോയാണിത്. എന്നെങ്കിലും ലിസ്ബണില്‍ പോകാനായാല്‍ അവിടുത്തെ വൈന്‍പാര്‍ലറില്‍ പോയി കുറച്ചുനേരമിരിക്കണം.. കുടിക്കാനായില്ലെങ്കിലും കുടിക്കുന്നവരുടെ സന്തോഷത്തിലെങ്കിലും പങ്കുചേരാമല്ലോ..
മുന്തിരിയെക്കുറിച്ച് ഒരു കാര്യം കൂടി പറഞ്ഞിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ബൈബിളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചെടിയാണ് മുന്തിരി.. ഇതിനെ പരിപാലിക്കുമ്പോഴുള്ള സവിശേഷത രസക രമാണ്. ഫലം നല്‍കാതെ നില്‍ക്കുന്ന ശാഖകളെ കൃഷിക്കാര്‍ വെട്ടിക്കളയും.. ഫലം നല്‍കുന്ന ശാഖയെ കൂടുതല്‍ ഫലം തരാനായി അവര്‍ വെട്ടിയൊരുക്കും.. എന്തായാലും ഒരു വെട്ട് ഉറപ്പാണ്. ഫലം നല്‍കണോ നല്‍കാ തിരി ക്കണോ എന്ന് ശാഖയ്ക്കു തീരുമാനിക്കാം..