' മൂന്നാം ദിവസം
                                                                             കല്ലറ തുറന്നപ്പോള്‍
                                                                 അഴുകിത്തുടങ്ങിയ ശരീരമാണ്
                                                                               കണ്ടതെങ്കില്‍
                                                                 എത്ര അനാഥമാവുമായിരുന്നു
                                                                           മര്‍ത്ത്യ ജീവിതം'

To advertise here,

യേശുക്രിസ്തു ചരിത്ര പുരുഷനേക്കാള്‍, കഥാപുരുഷനാണ്. വ്യാഖ്യാനിച്ച് തീരാത്ത കഥകള്‍ പറഞ്ഞു, വ്യാഖ്യാനിച്ചു തീരാത്ത പ്രവൃത്തികള്‍ ചെയ്തു, വ്യാഖ്യാനിച്ചു തീരാത്ത ജീവിതംനയിച്ചു. 'കഥയമമ കഥയമമ കഥകളതിസാദരം കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ' എന്ന്, നിരന്തരം ഉത്സാഹത്തോടെ സുമനസ്സുകളില്‍ പ്രസരിച്ചു. 

കഥകള്‍ കൊണ്ടല്ലാതെ ഗ്രഹിക്കാനാവാത്ത ജീവിതം. യുക്തി കൊണ്ട് വായിക്കാവുന്നതേക്കാള്‍ ഭാവന കൊണ്ട് വായിക്കേണ്ടവന്‍. ഒരേ സമയം അവനെ ആളുകള്‍ പലയിടങ്ങളില്‍ക്കണ്ടു. ഒരേ വചനം ആളുകള്‍ ഭിന്നങ്ങളായ അര്‍ത്ഥങ്ങളില്‍ കേട്ടു. എങ്ങനെയാണ് അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ ഊട്ടുക ? യേശു പറഞ്ഞ ഉപമകള്‍ അല്ലാതെ മറ്റെന്താണ് ആ അപ്പം. താന്‍ തൊട്ടപ്പോള്‍ വീഞ്ഞായി മാറിയ ആ പച്ച വെളളം എന്ത്? തന്നെ വിശ്വാസപൂര്‍വ്വം തൊട്ടപ്പോള്‍, വാതരോഗിയില്‍ വിറയല്‍ നിന്നു, അതതിന്റെ പ്രവര്‍ത്തനമായിരുന്നില്ലേ. തന്നാലുണ്ടായ പരിണാമത്തിന്റെ ഉപമയാവില്ലേ അത്. എല്ലാമുപമകള്‍. ഇരു കരകളുള്ള നദി പോലെ ദ്വയാര്‍ത്ഥമുള്ള ഗൂഢ കഥകള്‍. സാമാന്യനേയും അസാമാന്യനേയും  ഒരേ സമയം സംബോധന ചെയ്തു. ഒരേ സമയം മനുഷ്യ പുത്രനും ദൈവപുത്രനും ആയവന്റെ വചനങ്ങള്‍.യേശു പറഞ്ഞതും യേശുവിലൂടെ പറയപ്പെട്ടതും ദൃഷ്ടാന്ത കഥകള്‍. കഥയില്‍ പൊരുള്‍ ഉടലെടുത്തത് പോലെ, ദൈവം പുത്രനില്‍ വ്യാപ്തിയോടെ ഉടലെടുത്തുവോ? യേശു പറഞ്ഞ ഒരു കഥയും ഒരു പൊരുളിന്റെ മാത്രം നിവൃത്തിക്കായി പറഞ്ഞതല്ല. ഒരു സന്ദര്‍ഭത്തി ന് മാത്രമായി പറയപ്പെട്ടതല്ല. അവയുടെ സന്ദര്‍ഭങ്ങള്‍ തീരുന്നില്ല.

യേശുവിന്റെ ക്ഷൗരം ചെയ്യാത്ത മുഖം യേശുവിനെ ചിത്രണം ചെയ്ത ആദ്യഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബൈബിളില്‍ യേശുവിന്റെ വിശദമായ രൂപവര്‍ണ്ണനയില്ല. ആദ്യകാലക്രിസ്തുശില്പങ്ങളിലൊന്നില്‍ ,Christ with St.Paul (389 AD), ക്ഷൗരം ചെയ്ത യേശുവാണുള്ളത്. പില്‍ക്കാലം ബുനുവേലും ( milky way) അതേത്തുടര്‍ന്ന് സക്കറിയയും( കണ്ണാടി കാണ്‍മോളവും) എഴുതിയ രചനകളില്‍ യേശു ക്ഷൗരകര്‍മ്മത്തിന് വിസമ്മതിക്കുന്നുണ്ട്. ഈ രചനകളിലെ യേശുവിനേക്കാള്‍ ഹൃദയ ചാഞ്ചല്യമനുഭവിച്ചിരിക്കുക യേശുവിനെ താടിമീശകളോടേയോ അല്ലാതെയോ ആവിഷ്‌ക്കരിക്കേണ്ടത് എന്ന സന്ദിഗ്ദതയിലായ ആദ്യ കാല ചിത്രകാരന്മാരായിരിക്കും. ക്ഷൗരം ചെയ്ത മുഖം, ദൈനന്ദിന മുഖം, യേശുവിനിണങ്ങുമോ? വ്യക്തിപരമായ ഒരു ശ്രദ്ധ കൂടി പ്രതിഫലിക്കുന്നു  ചിത്രത്തിലെ ക്ഷൗരം ചെയ്ത മുഖത്ത്. അവനവനില്‍ നിസ്സംഗനായ ഒരാള്‍ക്കത് ചേരില്ല. അവനവനെ ബലി നല്‍കിയ ഒരാള്‍ക്ക് അത് പറ്റില്ല. അനേക കാലത്തേക്കായി നിലനില്‍ക്കേണ്ട നിത്യതയുടെ പ്രതിരൂപത്തിന് നൈസ്സര്‍ഗ്ഗികമായ മുഖമേ ഇണങ്ങൂ എന്നൊരു കലാകാരന്‍, അല്ലെങ്കില്‍ ഏതാനും കലാകാരന്മാര്‍ നിശ്ചയിച്ചു. പിന്നീടതാരും ചോദ്യം ചെയ്തില്ല.യേശുവിനും അത് സമ്മതമായിട്ടുണ്ടാവും. ക്ഷൗരം ചെയ്ത ക്രിസ്തുവിന് പറയാന്‍ പറ്റുന്ന കഥകളാണോ ക്രിസ്തു പറഞ്ഞ കഥകള്‍? സങ്കല്‍പ്ങ്ങളിലെ ക്രിസ്തുവിനെ, പ്രതിനിധീകരിക്കാനാവുമോ ക്ഷൗരം ചെയ്ത ക്രിസ്തുവിന്?

വൈദ്യന് രോഗമില്ല എന്നതാണ് വൈദ്യന്റെ പരിമിതി. വൈദ്യന്‍ കരയില്‍ നിന്ന് വേദനയുടെ ചേഷ്ടകള്‍ കണ്ടിട്ടേയുള്ളൂ. ഈ വൈദ്യന്‍ വേദനയുടെ മഹാപ്രവാഹത്തില്‍ ഇറങ്ങി നിന്നു. ഉല്‍ക്കടമായ വേദനയുടെ പരമാവധി അനുഭവിച്ചു.ഭൂമിയിലെ സകലരുടേയും പാപങ്ങള്‍ വഹിക്കാന്‍ അത് കര്‍ത്താവിനെ അര്‍ഹനാക്കി.' എവിടമിവിടം' എന്ന എന്റെ നോവലിലെ ഒരാസിഡ് വിക്ടിം താനനുഭവിച്ച വേദനകൊണ്ട് ഭൂമിയിലെ ഏറ്റവും ഭാരമുള്ള കല്ലും അന്ന് തനിക്ക് ഉയര്‍ത്താനാവുമായിരുന്നു എന്ന് പറയുന്നുണ്ട്. അവള്‍ തുടര്‍ന്നു പറയുന്നു.; 'യേശു മുടന്തന്റെ മുടന്ത് മാറ്റിയതും ചത്തവനെ ജീവിതത്തിലേക്ക് എണീപ്പിച്ചതും  കുരിശിലനുഭവിക്കാനിരിക്കുന്ന യാതന കൊണ്ടാണെന്ന് അന്നെനിക്ക് മനസ്സിലായി'. രക്തത്തില്‍ സ്‌നാനം ചെയ്തു യേശു. പുനരുത്ഥാനത്തിന് അടിനിലമായി അത് വേണമായിരുന്നു. കുരിശു ചുമന്ന് മലയിലേക്ക് കയറുന്ന ക്രിസ്തുവിന് ഏത് വേദനയാണ് പൊറുക്കാനാവാത്തത്, ആരുടെ പാപമാണ് വഹിക്കാനാവാത്തത്? ഇതില്‍പ്പരമായ ഒരു പ്രതിച്ഛായ ഭൂമിയില്‍ രചിക്കപ്പെട്ടിട്ടുണ്ടോ?