പണ്ട് മാത്രമല്ല ഇന്നും പലപ്പോഴും വീടുകളിലും അത്താഴവിരുന്നുകളിലും സൗഹൃദ സദസ്സുകളിലും പ്രധാനിയാണ് റെഡ് വൈന്‍. 1990-കളിലും 2000-ത്തിന്റെ തുടക്കത്തിലും ചില ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പില്‍ പോലും ഇതുണ്ടായിരുന്നു. ദിവസവും ഒരു ഗ്ലാസ് റെഡ് വൈന്‍ കുടിക്കുന്നത് ഹൃദയത്തെ ശക്തിപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ദീര്‍ഘകാല ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുമെന്നായിരുന്നു പണ്ടത്തെ വിശ്വാസം.
വര്‍ഷങ്ങള്‍ കടന്നുപോകവെ ഈ മിഥ്യാധാരണ കൂടുതല്‍ ശക്തിപ്പെട്ടു വന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം, കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താന്‍ കഴിവുള്ളത്, കരളിന് സംരക്ഷണം നല്‍കുന്നത് അങ്ങനെയങ്ങനെ റെഡ് വൈന്‍ അത്ഭുതകരമായ ഗുണങ്ങളുള്ള ഒരു പാനീയമായി വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ 2025 ജൂലൈയില്‍, യുഎസ്സിയിലെ കെക്ക് മെഡിസിനിലെ ഗവേഷകര്‍, '1999 മുതല്‍ 2020 വരെ മദ്യ ഉപഭോക്താക്കളില്‍ പഠനം നടത്തി. ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജിയില്‍ നാഴികക്കല്ലായ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
മദ്യപാനം മൂലമുള്ള കരള്‍ രോഗം കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ ഇരട്ടിയിലധികമായെന്ന ഞെട്ടിക്കുന്ന സത്യമാണ് ഈ പഠനം വെളിപ്പെടുത്തിയത്. ഇരുപത് വര്‍ഷം മുന്‍പുള്ള അമിത മദ്യപാനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് അമിതമായി മദ്യപിക്കുന്ന വ്യക്തികള്‍ക്ക് ഗുരുതരമായ കരള്‍ രോഗം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണ്.
വര്‍ഷങ്ങളോളം, റെഡ് വൈന്‍ 'ആരോഗ്യകരമായ' ഒരു മദ്യമായി വിപണനം ചെയ്യപ്പെട്ടിരുന്നു. വൈന്‍ ഉപയോഗിക്കുന്ന ജനവിഭാഗങ്ങളില്‍ ഹൃദ്രോഗ നിരക്ക് കുറവാണെന്ന് നിരീക്ഷിച്ച ആദ്യകാല നിരീക്ഷണ പഠനങ്ങളില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍, കൂടുതല്‍ ആഴത്തിലുള്ളതും കര്‍ശനവുമായ ഗവേഷണങ്ങള്‍ ഈ അവകാശവാദങ്ങളെ ചോദ്യംചെയ്യാന്‍ തുടങ്ങി.
റെഡ് വൈന്‍
റെഡ് വൈന്‍ വ്യത്യസ്തമാണെന്നും ആരോഗ്യത്തിന് ഗുണകരമാണെന്നുമുള്ള വിശ്വാസം ഇപ്പോഴും അടിസ്ഥാനരഹിതമായി തുടരുന്നു. 'ദോഷം ചെയ്യുന്നത് മദ്യമാണ്, പാനീയമല്ല.' റെഡ് വൈനില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ട്. ബിയര്‍, വോഡ്ക, റം അല്ലെങ്കില്‍ വിസ്‌കി എന്നിവയില്‍ കാണപ്പെടുന്ന ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്ന അതേ സംയുക്തം. റെസ്വെറാട്രോള്‍ ഉള്‍പ്പെടെ വൈനിലെ ഒരു ആന്റി ഓക്‌സിഡന്റിനും എഥനോള്‍ മൂലമുണ്ടാകുന്ന ജൈവപരമായ ദോഷങ്ങളെ പ്രതിരോധിക്കാന്‍ കഴിയില്ല.
- മദ്യം ഒരു ഗ്രൂപ്പ് 1 കാര്‍സിനോജന്‍ ആണ്: ഇത് സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, വായിലെ അര്‍ബുദം എന്നിവയുള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നു.
- അര്‍ബുദ സാധ്യത ആദ്യത്തെ തുള്ളിയില്‍ തന്നെ ആരംഭിക്കുന്നു - ഉയര്‍ന്നതോ അമിതമായതോ ആയ മദ്യപാനത്തിലല്ല: 'ലഘുവായതും' 'മിതമായതുമായ' മദ്യപാനം പോലും മദ്യം മൂലമുണ്ടാകുന്ന അര്‍ബുദങ്ങളുടെ ഒരു പ്രധാന ശതമാനത്തിന് കാരണമാകുന്നു.
- മദ്യം ദുര്‍ബലരായ ജനവിഭാഗങ്ങളെ ആനുപാതികമല്ലാത്ത രീതിയില്‍ ദോഷകരമായി ബാധിക്കുന്നു: വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷവും, ഏത് അളവിലുള്ള മദ്യത്തിനും ദോഷം വരുത്താന്‍ സാധ്യതയുണ്ടെന്നുള്ള തെളിവുകള്‍ വ്യക്തമാണ്.
- മദ്യത്തിന്റെ ഗുണങ്ങള്‍ അതിന്റെ അപകടസാധ്യതകളെക്കാള്‍ കൂടുതലാണെന്ന് ഒരു പഠനവും നിര്‍ണായകമായി തെളിയിക്കുന്നില്ല: കുറഞ്ഞ വരുമാനമുള്ള ഗ്രൂപ്പുകള്‍ക്ക് ഒരേ അളവിലുള്ള മദ്യപാനത്തില്‍ നിന്ന് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
അറിയേണ്ട കാര്യങ്ങള്‍
- മദ്യം അതിന്റെ രൂപമോ, ഗുണമേന്മയോ, അളവോ പരിഗണിക്കാതെത്തന്നെ ദോഷകരമാണ്.
- ദിവസേനയുള്ള മദ്യപാനം - ചെറിയ അളവിലാണെങ്കില്‍ പോലും - കരള്‍ രോഗത്തെ വേഗത്തിലാക്കിയേക്കാം.
- ഏത് അളവിലുള്ള മദ്യപാനവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നു.
- പൊണ്ണത്തടി, പ്രമേഹം, അല്ലെങ്കില്‍ മെറ്റബോളിക് സിന്‍ഡ്രോം ഉള്ള വ്യക്തികള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ട്.
റെഡ് വൈനിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ കരളിനെ സംരക്ഷിക്കാനോ കഴിയുമെന്ന ദീര്‍ഘകാലമായുള്ള വിശ്വാസം തെറ്റാണ്. ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജി പഠനം മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗങ്ങളില്‍ കുത്തനെയുള്ള വര്‍ധനവ് കാണിക്കുന്നു. ഒരു തുള്ളി മദ്യം പോലും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമായി പ്രസ്താവിക്കുന്നു.
Content Highlights: Discover why the belief that red wine is healthy is a myth. A new study shows increased liver disease risk from alcohol. Learn the truth about alcohol`s dangers.
Published: 08 Nov 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented