
നാട്ടിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് വീട്ടില്‍ ക്രിസ്മസിന് ട്രീയും പുല്‍ക്കൂടുമെല്ലാം ഒരുക്കുന്ന ഏര്‍പ്പാട് വളരെ കുറവാണ്. വീട്ടുമുറ്റത്തെ ഏതെങ്കിലും ചെടിയില്‍ നാല് ബലൂണും, രണ്ട് സീരിയല്‍ ബള്‍ബും, കുറച്ചു വര്‍ണ കടലാസുമൊക്കെ ഇട്ടങ്ങ് അഡ്ജസ്റ്റ് ചെയ്യും. അതുകൊണ്ടു തന്നെ പള്ളിയിലാണ് ആഘോഷം മുഴുവന്‍. മുന്‍വശത്തുള്ള കുരിശിന്റെ സൈഡില്‍ ക്രിസ്മസ് തലേന്ന് ഇടതൂര്‍ന്ന ഇലകളുള്ള മരക്കൊമ്പ് വെട്ടിയെടുത്തുകൊണ്ടു വന്ന് കുഴിയെടുത്ത് കുത്തി നിര്‍ത്തും. അതില്‍ നിറയെ വര്‍ണ്ണക്കടലാസുകളും, കുഞ്ഞ് നക്ഷത്രങ്ങളും, ക്രിസ്മസ് പപ്പായെയെല്ലാം തൂക്കും. പഞ്ചായത്ത് കവലയിലെ സുതപ്പന്‍ ചേട്ടന്റെ കടയില്‍ നിന്ന് വാടകയ്ക്ക് എടുത്തുകൊണ്ടു വരുന്ന മഞ്ഞയും ചുവപ്പും മിന്നിതെളിയുന്ന സീരിയല്‍ ബള്‍ബുകള്‍ പച്ചിലകളോട് ഒട്ടിക്കിടന്ന് തെളിഞ്ഞും മറഞ്ഞും ചുംബിച്ചുകൊണ്ടിരിക്കും. അതിനൊത്ത മുകളിലായി ഒരു വലിയ നക്ഷത്രവുമുണ്ടാകും. ക്രിസ്മസ് ശുശ്രൂഷ കഴിഞ്ഞാല്‍ അതില്‍ കിടക്കുന്ന ബലൂണ്‍ പൊട്ടിക്കാന്‍ ഇടവകയിലെ പിള്ളേര്‍ ഇടിയാണ്. അതൊക്കെ കണ്ടുനില്‍ക്കുന്നതേ വലിയ സന്തോഷങ്ങളാണ്... ഇപ്പോള്‍ ആ ഓര്‍മകളും.
ഞാനും, പള്ളിയുടെ അടുത്ത് താമസിക്കുന്ന ജോമോനും, റേഷന്‍കടയിലെ ജോഷിയും ജോഷിയുടെ ചേട്ടന്‍ ഞങ്ങള്‍ മാര്‍പാപ്പയെന്നു വിളിക്കുന്ന ജോര്‍ജ് ജോണുമെല്ലാം ചേര്‍ന്നായിരുന്നു ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നത്. ഞങ്ങളുടെ ഗ്രാമത്തിന്റെ ഓരത്തു കൂടിയാണ് മൂവാറ്റുപുഴയാര്‍ ഒഴുകുന്നത്. അതിന്റെ ഓരത്ത് കണ്ടല്‍ചെടികളും, ആരും നോക്കാനില്ലാത്ത ഏക്കര്‍ കണക്കിന് പറമ്പുകളുമുണ്ട്. പുഴയുടെ തീരത്തുള്ള ഏതെങ്കിലും പറമ്പില്‍ നിന്ന് പാഴ്മരത്തിന്റെ കൊമ്പ് വെട്ടിയെടുത്തോ, കണ്ടല്‍ക്കാട്ടില്‍ നിന്ന് ഒത്തതു നോക്കി വെട്ടിയെടുത്തോ ആകും ട്രീ ഒരുക്കുക. ക്രിസ്മസ് തലേന്ന് മുതല്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന അധ്വാനം വേണം അതിന്. രാവിലെ വെട്ടുകത്തിയുമായി ഇറങ്ങി, പാമ്പും കീരിയും കുറുക്കനുമൊക്കെയുള്ള കാട്ടിലൂടെ സഞ്ചരിച്ച് വേണം മരം കണ്ടെത്തി കൂനനുറുമ്പുകളുടെ കടിയും കൊണ്ട് മുറിച്ചെടുക്കാന്‍. പിന്നെ വലിയ കുഴിയെടുത്ത് കുത്തി നിര്‍ത്തണം. അലങ്കരിക്കണം. പള്ളിക്കുള്ളിലെ ശിശ്രൂഷക്കാരന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ഇതിനും സമയം കണ്ടെത്തണം.
ആ വര്‍ഷത്തെ ക്രിസ്മസ് ദിനമെത്തി. പക്ഷേ, ഇത്തവണ തലേദിവസം ക്രിസ്മസ് ട്രീയൊരുക്കാന്‍ ഞങ്ങളുണ്ടാകില്ലെന്ന് ജോഷിയും ജോമോനും ജോര്‍ജ് ജോണും നേരത്തെ പ്രഖ്യാപിച്ചു. പിറവം പള്ളിയില്‍ വെളുപ്പിന് നടക്കുന്ന പന്ത്രണ്ട് പൈതങ്ങളുടെ നേര്‍ച്ചയ്ക്ക് വീട്ടില്‍ നിന്ന് ഭക്ഷണമൊരുക്കി പോകണം. പിടി (അരിപ്പൊടിയും, ജീരകവും ചൂടുവെള്ളത്തില്‍ കുഴച്ച് ഉരുട്ടിയെടുത്ത് ഉരുളിയിലുണ്ടാക്കുന്ന മധ്യകേരളത്തിലെ പലഹാരം) ഉരുട്ടാനും, നാടന്‍ കോഴിയെ കൊന്ന് പപ്പും പൂടയും പറിച്ച് കറിവയ്ക്കാനും, നെയ്യപ്പം ചുടാനുമൊക്കെ മക്കള്‍ വേണമെന്ന് അവരുടെ അമ്മമാരായ ശാന്തമ്മ ചേച്ചിയും, ദീനാമ്മ ചേച്ചിയും നേരത്തെ ചട്ടംകെട്ടിയിരുന്നു. ഞാനൊറ്റയ്ക്ക് ഇതൊക്കെ എങ്ങിനെ ചെയ്യാനാ, ക്രിസ്മസിന് വേണ്ടി പള്ളി മുഴുവന്‍ വൃത്തിയാക്കണം. പുതിയ മെഴുകുതിരി ഘടിപ്പിക്കണം. ത്വീജ്വാല ശിശ്രൂഷയ്ക്ക് വിറക് കണ്ടെത്തണം. ട്രീയുണ്ടാക്കാന്‍ നിങ്ങളൊരു വഴി പറഞ്ഞു തന്നേ പറ്റു. ഞാന്‍ മൂവരോടുമായി പറഞ്ഞു. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ജിജോ. ജോമോന്റെ അനിയന്‍, എന്റെ കളിക്കൂട്ടുകാരന്‍. പക്ഷേ, കയ്യില്‍ ഇല്ലാത്ത കുരുത്തക്കേടുകളൊന്നുമില്ല.
മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള നൂറടി പൊക്കമുള്ള ആഞ്ഞിലി മരത്തില്‍ കയറി തുഞ്ചത്തുകിടക്കുന്ന ആഞ്ഞിലിചക്ക പറിക്കുന്നവന്‍. നാട്ടുകാരുടെ കശുവണ്ടി മൊത്തം പെറുക്കി പരമുവാപ്പന്റെ പെട്ടിക്കടയില്‍ കൊടുത്ത് മിഠായി വാങ്ങി പങ്കുവയ്ക്കുന്നവന്‍. ഇഷ്ടമല്ലാത്ത ചെക്കന്‍മാരുടെ സൈക്കിളിന്റെ കാറ്റ് രാത്രി ഒളിച്ചുചെന്ന് ഊരിവിട്ട് പ്രതികാരം തീര്‍ക്കുന്നവന്‍. മിഠായി എന്ന് പറഞ്ഞ് സ്‌കൂളിലെ പിള്ളേരെ കടലാമണക്കിന്റെ കാ തീറ്റിച്ച് ആശുപത്രിയില്‍ കിടത്തിയവന്‍. അന്ന് നാട്ടിലെ ഏത് കുരുത്തക്കേടിന്റെ മുന്‍പിലും ജിജോയുടെ പേരുണ്ടാകും. പണ്ട് വീട്ടില്‍ നിന്ന് എന്റെ പന്ത് അടിച്ചോണ്ട്പോയിട്ടുണ്ടെങ്കിലും ജിജോയെ എനിക്ക് വിശ്വാസമാണ്. ക്രിസ്മസ് തലേന്ന് 12 മണിയായിട്ട് എത്താമെന്ന് പറഞ്ഞവനെ വൈകീട്ട് നാലുമണിയായപ്പോഴും കാണുന്നില്ല. ബലൂണും, തോരണവും, സീരിയല്‍ ബള്‍ബുമെല്ലാം റെഡിയാണ്. ഇനി അതൊക്കെ തൂക്കാന്‍ മരക്കൊമ്പ് മാത്രം കിട്ടിയാല്‍ മതി.
പള്ളിയിലെ പണികളില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓടിക്കിതച്ച് ജിജോയെത്തിയത്. "നിനക്ക് ക്രിസ്മസ് ട്രീയല്ലേ വേണ്ടത്, നീ വരണ്ട. ഞാനൊറ്റയ്ക്ക് സെറ്റാക്കിക്കോളാം. അതു മാത്രമല്ല മൊത്തം ഞാന്‍ ശരിയാക്കിക്കോളാം നീയങ്ങോട്ട് വരികയേ വേണ്ട" - കോപിച്ചു നില്‍ക്കുന്ന എന്റെ തോളത്തു തട്ടി ജിജോ ആത്മവിശ്വാസത്തോടെ കണ്ണിറുക്കി കാണിച്ചു. അവിടെ തിരിഞ്ഞുനടന്ന ഒന്നു രണ്ടു പിള്ളേരെയും വിളിച്ച് വാക്കത്തിയുമെടുത്ത് പോയ ജിജോ ഇരുട്ട് വീഴുന്നതിനും മുന്‍പ് തന്നെ വലിയൊരു ട്രീയും ചുമന്നുകൊണ്ടു വരുന്നത് ഞാന്‍ കണ്ടു. 'ഇത്രവേഗമോ, ഇവന്‍ കൊള്ളാമല്ലോ', മനസില്‍ അഭിനന്ദനം കൊണ്ട് ഞാനവനെ മൂടി. തോരണവും ലൈറ്റും ബലൂണുമെല്ലാം ട്രീയില്‍ കയറിയത് കണ്ണഞ്ചുന്ന വേഗത്തിലായിരുന്നു. അകത്തെ ജോലികളുള്ളതിനാല്‍ ഇതൊന്നും ശ്രദ്ധിക്കാനായില്ല. ഇത്രയും നല്ല പച്ചപ്പുള്ള മരം ഇതുവരെ ട്രീക്കായി കിട്ടിയിരുന്നില്ല. ക്രിസ്മസ് ശിശ്രൂഷയ്ക്ക് വന്ന എല്ലാവരും അതെല്ലാം കണ്‍കുളിര്‍ക്കെ ആസ്വദിച്ചു. തയ്യാറാക്കിയവര്‍ക്ക് വാരിക്കോരി അഭിനന്ദനവും ലഭിച്ചു. എന്നാല്‍ അതിനൊന്നും കാത്തു നില്‍ക്കാതെ കുര്‍ബാന തീരും മുന്‍പ് തന്നെ ജിജോ വീട്ടിലേക്ക് വച്ചുപിടിച്ചിരുന്നു.
"എടാ, ഇറങ്ങിവാടാ, ആരാടാ ഇവിടെയുള്ളത്", പള്ളിയിലെ അവസാന പണികള്‍ തീര്‍ത്ത്, എല്ലാം പൂട്ടിക്കെട്ടി ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഊളിയിടാന്‍ തയ്യാറെടുക്കുകയായിരുന്ന ഞാന്‍ ഒച്ചപ്പാടും ബഹളവും കേട്ട് പുറത്തേക്കിറങ്ങി. പുഴക്കരയില്‍ താമസിക്കുന്ന സുവര്‍ണന്‍ ചേട്ടനാണ്. പശുവളര്‍ത്തും, കൃഷിയുമൊക്കെയായി നടക്കുന്ന സാധാരണ നാട്ടിന്‍പുറത്തുകാരന്‍. "എടാ എന്താണീ കാണിച്ചു വച്ചിരിക്കുന്നത്", ക്രിസ്മസ് ട്രീയെ നോക്കി സുവര്‍ണര്‍ ചേട്ടന്‍ ചോദിച്ചു. "എന്താ ചേട്ടാ നല്ലതല്ലേ, നല്ല രസമില്ലേ കാണാന്‍. ചേട്ടന് എന്തേലും കുഴപ്പം തോന്നിയോ...", "ഫാ... നീയൊക്കെ കൂടി ഈ ക്രിസ്മസ് ട്രീ ഒണ്ടാക്കി വെച്ചേക്കുന്നതേ എന്റെ ജാതിമരത്തിലാ...", അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, അതേ പൂവിട്ട് കായ്ക്കാനൊരുങ്ങി നില്‍ക്കുന്ന നിറയെ ഇലകളുള്ള ഒരു ജാതിമരം. ആ വര്‍ഷത്തെ ക്രിസ്മസ് ട്രീയെ ജീവന്‍ കൊടുത്ത് സുന്ദരമാക്കിയ ഒരു ജാതിമരം. അന്ന് കയ്യും കാലും പിടിച്ച് പ്രശ്നം പറഞ്ഞു തീര്‍ത്തെങ്കിലും മൂവാറ്റുപുഴയാറിലൂടെ കൊതുമ്പു വള്ളത്തില്‍ പശുവിന് പുല്ലുമായി വരുന്ന സുവര്‍ണന്‍ ചേട്ടനെ കാണുമ്പോള്‍ പഴയ ജാതിക്കാമരം എനിക്ക് ഓര്‍മവരും.
Content Highlights: Christmas memories Christmas tree making childhood memories
Published: 22 Dec 2022, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented