കൊച്ചി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ നക്ഷത്രത്തിളക്കവുമായി സംസ്ഥാനത്തെ വിപണികള്‍ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞതിനാല്‍ ഇത്തവണ വന്‍ പ്രതീക്ഷയിലാണ് വ്യാപാരികള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40-60 ശതമാനം അധിക വില്‍പ്പനയാണ് പ്രതീക്ഷ.

To advertise here,

അലങ്കാര വിളക്കുകള്‍, നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ തുടങ്ങി കേക്കുകള്‍ അടക്കം വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. 50 രൂപയ്ക്കു താഴെയുള്ള ചെറിയ പേപ്പര്‍ നക്ഷത്രങ്ങള്‍ മുതല്‍ 650 രൂപ വരെ വിലയുള്ള എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍ വരെയുണ്ട്. ഡിസൈനുകളിലടക്കം വൈവിധ്യങ്ങള്‍ നക്ഷത്രങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ 1,000 രൂപയ്ക്കുമേല്‍ വിലയുള്ള നക്ഷത്രങ്ങള്‍ വരെ വില്‍പ്പനയ്ക്കായുണ്ട്.

റെഡിമെയ്ഡ് ക്രിസ്മസ് ട്രീ വില 350 രൂപ മുതലാണ്. ട്രീയുടെ വലുപ്പവും ഗുണനിലവാരവും അനുസരിച്ച് 4,000 രൂപ വരെയുള്ളവ വിപണിയില്‍ ലഭ്യമാണ്. 250 രൂപ മുതലാണ് പുല്‍ക്കൂട് സെറ്റിന്റെ വില. അലങ്കാരങ്ങള്‍ക്ക് 40 രൂപ മുതലും കുട്ടികളുടെ സാന്റാക്ലോസ് വസ്ത്രം 350 രൂപ മുതലും എല്‍.ഇ.ഡി. ബള്‍ബുകള്‍ 150 രൂപ മുതലും ലഭ്യമാണ്. വസ്ത്ര വിപണിയും സജീവമായിട്ടുണ്ട്.

രുചിയേകാന്‍ കേക്കും വൈനും

ദീപാവലി വിപണിയിലെ തിളക്കം ക്രിസ്മസ് വിപണിയിലും പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് ബേക്കറികള്‍. 20 ശതമാനത്തോളം അധിക വില്‍പ്പനയാണ് മേഖല പ്രതീക്ഷിക്കുന്നത്. വിപണി പിടിക്കുന്നതിനായി വിവിധ തരം കേക്കുകള്‍ എത്തിയിട്ടുണ്ട്.

ക്രിസ്മസിലെ പ്രധാന താരമായ പ്ലം കേക്കുകള്‍ക്ക് 200 രൂപ മുതലാണ് വില. നോര്‍മല്‍ പ്ലം, റിച്ച് പ്ലം, സുപ്രീം പ്ലം, ഐറിഷ് പ്ലം എന്നിവയാണ് പ്ലമിലെ താരങ്ങള്‍. ഫ്രൂട്ട് കേക്കുകള്‍, ചോക്ലേറ്റ്-ക്രീം കേക്കുകള്‍ എന്നിവയും ഇടം പിടിച്ചിട്ടുണ്ട്. 3,500 രൂപ വരെ വിലയുള്ള കേക്കുകള്‍ വിപണിയിലുണ്ട്.

200 രൂപ മുതല്‍ 950 രൂപ വരെയാണ് വീര്യം കുറഞ്ഞ വൈനുകളുടെ വില. കൂടെ കേക്ക്, വൈന്‍, കുക്കീസ്, ഡ്രൈ ഫ്രൂട്സ് അടങ്ങിയ ഹാമ്പറുകള്‍ 750 രൂപ മുതല്‍ ലഭ്യമാണ്.

എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തൃശ്ശൂര്‍ ജില്ലകളാണ് ബേക്കറി മേഖലകളുടെ പ്രധാന വില്‍പ്പന കേന്ദ്രങ്ങള്‍.