
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയ 'കരിക്കിലൂടെ' ശ്രദ്ധേയനായ ജീവൻ സ്റ്റീഫൻ തന്റെ ക്രിസ്തുമസ് വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോടു പങ്കുവയ്ക്കുന്നു.
ക്രിസ്തുമസ് ഓർമ്മകൾ
കുട്ടിക്കാലത്ത് ഞാൻ ഏറ്റവും അധികം ക്രിസ്തുമസ് ആഘോഷിച്ചത് സ്കൂളിലാണ്. കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ ചേർന്ന് പരിപാടികൾ അവതരിപ്പിക്കുക, കരോൾ ഗാനങ്ങൾ പാടുക, നാടകം കളിക്കുക അങ്ങനെയുള്ള ചെറിയ ചെറിയ ആഘോഷങ്ങൾ.
തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്തു ഞങ്ങൾ അയൽപക്കത്തെ കുട്ടികളൊക്കെ ചേർന്ന് വീടുകളിൽ പുൽക്കൂടും ക്രിസ്തുമസ് ട്രീയുമൊക്കെ ഒരുക്കുമായിരുന്നു. പൈസ ശേഖരിച്ചു ഡെക്കറേഷനുള്ള സാധനങ്ങൾ വാങ്ങി ക്രിസ്തുമസ് ട്രീ ഇല്ലാത്ത വീട്ടിൽ മരച്ചില്ല വെട്ടികൊണ്ടു പോയി ട്രീ ഒരുക്കുക, കാർഡ്ബോർഡ് കൊണ്ട് പുൽക്കൂട് ഉണ്ടാക്കുക, അതൊക്കെയായിരുന്നു അന്നത്തെ പരിപാടികൾ.

സ്‌കൂൾ ഒക്കെ കഴിഞ്ഞു കോളേജിലായപ്പോൾ ആഘോഷങ്ങളുടെ രീതിയൊക്കെ മാറി. കൂട്ടുകാരോടൊപ്പം യാത്രകൾ പോകാൻ തുടങ്ങി. മഞ്ഞിനോടുള്ള ഇഷ്ടക്കൂടുതൽകൊണ്ട് ഒരു തവണ ക്രിസ്തുമസിന് മണാലിയിൽ പോയി തണുത്തു വിറച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്. പിന്നെ, ജോലിയൊക്കെ കിട്ടിയ ശേഷം ക്രിസ്തുമസ് എന്നത് അവധിയെടുത്തു നാട്ടിൽ പോകാനുള്ള ഒരു അവസരമാണ്. കുടുംബത്തോടൊപ്പം ഒരു ദിനം.
അഭിനയജീവിതത്തിലെ നാഴികക്കല്ല്
അഭിനയത്തിലേക്കുള്ള എന്റെ ചുവടുവയ്‌പ്പിന് ക്രിസ്തുമസുമായി വലിയ ബന്ധമുണ്ട്. ഞാൻ ആദ്യമായി അഭിനയിക്കുന്നത് ഒരു ക്രിസ്തുമസ് നാടകത്തിലാണ്. ആട്ടിടയന്റെ വേഷമായിരുന്നു. അതിനു ശേഷം, ആറാം ക്ലാസിൽ പഠിക്കുമ്പോൾ, ആദ്യമായി ഡയലോഗ് ഒക്കെ പഠിച്ചു പറഞ്ഞു അഭിനയിച്ചതും ഒരു ക്രിസ്മസ് നാടകത്തിൽ തന്നെ. ഗോസ്റ്റ് ഓഫ് ദി ക്രിസ്മസ് പ്രെസെന്റ് എന്ന കഥാപാത്രത്തെയാണ് അന്ന് അരങ്ങിൽ അവതരിപ്പിച്ചത്.
അപ്പച്ചന്റെ ക്രിസ്തുമസ് കഥകൾ
ക്രിസ്തുമസ് അവധിയ്ക്ക് എത്രയൊക്കെ അടിച്ചു പൊളിച്ചാലും ഏറ്റവും രസം അപ്പച്ചന്റെയും അമ്മച്ചിയുടെയും വീട്ടിൽ പോകുന്നതായിരുന്നു. അവരോടൊപ്പം സമയം ചെലവഴിച്ച്, ക്രിസ്തുമസ് കഥകൾ ഒക്കെ കേട്ട്, ഒരു നേരം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതൊക്കെ വലിയ സന്തോഷമായിരുന്നു.

പലപ്പോഴും, മറ്റ് രാജ്യങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങളിലെ വൈവിധ്യങ്ങളും കഥകളുമൊക്കെ എന്നെ ഒത്തിരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാന്ത ക്ലൗസിനെക്കുറിച്ചും വ്യത്യസ്തങ്ങളായ ക്രിസ്തുമസ് ആഘോഷങ്ങളെപ്പറ്റിയുമെല്ലാം അറിഞ്ഞത് ഈ മുത്തശ്ശിക്കഥകളിലൂടെയാണ്. ജനുവരിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യങ്ങൾവരെ ഉണ്ടെന്ന കാര്യം അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയത്.
കുഞ്ഞുമനസ്സുകളിലെ ക്രിസ്തുമസ്
കുട്ടികൾക്ക് നന്മ പകരുന്ന ഒരു ആഘോഷമാണ് ക്രിസ്തുമസ് എന്നാണ് ഞാൻ കരുതുന്നത്. ഈ കാരണത്താലാണെന്നു തോന്നുന്നു കുട്ടികളെ കഥാപ്പാത്രങ്ങളാക്കിയുള്ള 'ദി ഗ്രിഞ്ച്', 'എ ക്രിസ്മസ് കരോൾ', 'ദി പോളാർ എക്സ്പ്രസ്സ്', 'ഹോം എലോൺ', പോലുള്ള നിരവധി ക്രിസ്തുമസ് സിനിമകളും ചിത്രീകരിക്കപ്പെടുന്നത്.

മനസ്സിലെ ക്രിസ്തുമസ് രുചി
പണ്ട് എന്റെ അമ്മയ്ക്ക് (ഷീല) ബന്ധുക്കൾക്കൊക്കെ കേക്ക് വാങ്ങിച്ചു കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ക്രിസ്തുമസ് ആകുമ്പോൾ 'ഷീല ഒരു കേക്ക് കൊണ്ട് വരും' എന്ന് പറഞ്ഞു കേൾക്കുന്നത് എനിക്ക് വലിയ സന്തോഷവും. അന്ന് അമ്മയ്ക്ക് കേക്ക് ഉണ്ടാക്കാനറിയില്ല. പക്ഷെ, പിന്നീട് അമ്മ ഒരു മൈക്രോവേവ് ഒവനൊക്കെ സംഘടിപ്പിച്ച് കേക്ക് ഉണ്ടാക്കാനൊക്കെ തുടങ്ങി. ഈ ഓർമ്മകൾ ഉള്ളതുകൊണ്ടുതന്നെ ക്രിസ്തുമസ് രുചി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേക്കാണ്.
ക്രിസ്തുമസ്, അന്നും ഇന്നും
സത്യം പറയുകയാണെങ്കിൽ, പണ്ടത്തെ ക്രിസ്തുമസ് കാലത്തെ ആ നിഷ്കളങ്കതയൊക്കെ പോയി. കുട്ടിക്കാലത്തെ വിസ്മയത്തിൽ നിന്ന് യാഥാർഥ്യത്തിലോട്ടു പറിച്ചു നടപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും. മുൻപ് ഒറ്റയ്ക്ക് ഓരോ കാര്യങ്ങൾ ചെയ്തു സന്തോഷിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ എല്ലാവരുമൊത്ത് സമയം ചെലവഴിക്കുന്നതിലാണ് സന്തോഷം.

ഏതൊരു ആഘോഷമാണെങ്കിലും ഏറ്റവും പ്രധാനം അതിലെ ഒരുമ തന്നെയാണ്. വ്യക്തിജീവിതത്തിലെ തിരക്കുകളിൽ നിന്നൊക്കെ മാറി, ഒരു ദിവസത്തേക്ക്, നമ്മുടെ ദുഃഖവും ദേഷ്യവുമൊക്കെ മാറ്റിവെച്ച്, ഇഷ്ടമുള്ളവരോടൊപ്പം ഉള്ളതുകൊണ്ട് മനസ്സറിഞ്ഞു സന്തോഷിക്കണം.
ക്രിസ്തുമസ് മാത്രമല്ല, ഏതൊരു ആഘോഷമാണെങ്കിലും ഒരു ദിവസമെങ്കിലും ഞങ്ങൾ എല്ലാവരും ഒന്നിച്ചു കൂടാറുണ്ട്. ആഘോഷം, സംസാരം, ഡാൻസ് അങ്ങനെ കുറെ രസകരമായ അനുഭവങ്ങൾ.

2020ലെ ക്രിസ്തുമസ് കാലത്തായിരുന്നു സ്‌കൂട്ടിലെ (Scoot) ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണം. ആ അടി-ഇടി ഷോട്ട് എല്ലാം കഴിഞ്ഞ ശേഷം ഞങ്ങൾ ഒന്നിച്ചു കേക്ക് ഒക്കെ മുറിച്ചു ആഘോഷിച്ചാണ് പിരിഞ്ഞത്. വഴിയേ പോയ ചേട്ടന്മാർ ഒക്കെ ഹാപ്പി ക്രിസ്തുമസ് വിളിച്ചു പറഞ്ഞതൊക്കെ ഇപ്പോഴും ഓർക്കുന്നു.
കരിക്ക് നൽകിയ സ്വീകാര്യത
കരിക്കിലൂടെ കൈവന്ന സ്വീകാര്യത, പ്രശസ്തിയിലൊക്കെ സന്തോഷമാണ്. എന്നാൽ അതിലുപരി, കരിക്കിലുള്ളവരോട് ആൾക്കാർക്ക് ഒരു പ്രത്യേക അടുപ്പം ഉള്ളതായി തോന്നിയിട്ടുണ്ട്. ഒരു സ്റ്റാറായി അല്ല, മറിച്ച് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്. ആരുമല്ലാത്തവരായ ഞങ്ങളെ അവർക്കു അവരുടെ കൂട്ടത്തിൽ ഒരാളായി കാണാൻ പറ്റുന്നുണ്ടെങ്കിൽ അത് വലിയ സന്തോഷം തന്നെയാണ്.
കൊറോണ സമയത്തു ഡോക്ടർമാരും നഴ്സുമാരുമൊക്കെ വിളിക്കുമായിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിലും ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ കരിക്ക് കാരണമായി എന്ന് അവർ പറയുമ്പോൾ അത് വലിയ അംഗീകാരമാണ്.
പുതിയ റിലീസുകൾ
നിലവിൽ ഒരു വെബ് സീരിസിന്റെ സ്ക്രിപ്റ്റിംഗ് നടക്കുകയാണ്. മറ്റൊന്നിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ഏകദേശം പൂർത്തിയാകാറായി. അതിന്റെ റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് ഉടനെ തന്നെ കരിക്കിൽ ഉണ്ടാകും.
ക്രിസ്തുമസ് 2022
ഇത്തവണത്തെ ക്രിസ്തുമസ് എന്തായാലും വീട്ടിൽ തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷം കൊറോണ കാരണം ആഘോഷങ്ങൾ ഒന്നും നല്ല രീതിയിൽ നടന്നില്ല. ഈ പ്രാവശ്യം വീട്ടുകാരോടൊപ്പം ചെലവഴിക്കാനാണ് തീരുമാനം.
Content Highlights: interview with Jeevan Stephen Karikku fame Christmas 2022
Published: 20 Dec 2022, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented