മനാമ: വിണ്ണിൽ നിന്നും പെയ്തിറങ്ങിയ സ്‌നേഹത്താരകങ്ങളുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) കഴിഞ്ഞ നാല് ആഴ്ചയായി നടത്തിയ ക്രിസ്മസ് കരോൾ ഗൃഹസന്ദർശനങ്ങൾക്ക് വർണ്ണാഭമായ സമാപനം. കെപിഎ ക്രിസ്മസ് രാവ് 2025 എന്ന പേരിൽ കെപിഎ കുടുംബാംഗങ്ങളെയും കരോൾ സംഘത്തെയും പങ്കെടുപ്പിച്ചുകൊണ്ട് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് ഹാളിൽ വിപുലമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

To advertise here,

കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത കലാകാരനും ലൈവ് എഫ്എം ആർജെയുമായ ഷിബു മലയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ മലയാളി പാരിഷ് , സഗായ, ബഹ്‌റൈൻ വികാരി റവറന്റ്. ഫാദർ മാത്യൂസ് ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. കെപിഎ കരോൾ കൺവീനർ ജോസ് മാങ്ങാട് സ്വാഗതം ആശംസിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ കരോൾ കൺവീനർമാരായ രഞ്ജിത് ആർ. പിള്ള, മജു വര്ഗീസ്, ലിനീഷ് പി. ആചാരി, അനൂപ് തങ്കച്ചൻ എന്നിവർ ക്രിസ്മസ് ആശംസകളും കരോൾ കൺവീനർ ബിജു ആർ പിള്ള നന്ദിയും അറിയിച്ച് സംസാരിച്ചു.

തുടർന്ന് കരോൾ സംഘത്തിന്റെ ഗാനത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു. കെപിഎ കരോൾ ടീമിന്റെ വിവിധ കലാപരിപാടികളും കെപിഎ സിംഫണീ ടീമിന്റെ ഗാനസന്ധ്യയും കെപിഎ ക്രിസ്മസ് രാവ് മികവുറ്റതാക്കി. പരിപാടിയിൽ കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും കുടുംബാംഗങ്ങളും പങ്കെടുത്തു.