യുക്തിബോധവും സമയബോധവും ഓർമകളുമൊന്നും പൂർണമായും ചൊല്പടിയിൽനിൽക്കാതായ അവസാനനാളുകളിൽ മൂന്നുമക്കൾക്കുംവേണ്ടി ചോറുരുളയുരുട്ടിവെച്ച് കാത്തിരിക്കും അമ്മ. ‘‘ഇത് രജിക്ക്, ഇത് രഞ്ജിനിക്ക്, ഇത് നിനക്ക്...’’ -അമ്മ പറയും. എല്ലാം ഉരുട്ടിക്കഴിയുമ്പോൾ അമ്മയ്ക്ക് കഴിക്കാൻ ഇത്തിരി ചോറേ ബാക്കികാണൂ. എത്ര നിർബന്ധിച്ചാലും ഞങ്ങൾക്കുവേണ്ടിയുള്ള നീക്കിയിരിപ്പുകൾ തൊടാൻ സമ്മതിക്കില്ല, അമ്മ.‘‘ന്റെ കുട്ട്യോള് സ്‌കൂളിന്ന് ക്ഷീണിച്ചിട്ടാണ് വരുക. അവര് മാമുണ്ടാൽ ന്റെ വയറ് നിറയും...’’

To advertise here,

ഒരിക്കൽ ഇലയുടെ അറ്റത്ത് സ്ഥിരമുള്ള ഉരുളകൾക്കുപുറമേ മൂന്നെണ്ണംകൂടി ഉരുട്ടിവെച്ചിരിക്കുന്നതു കണ്ടപ്പോൾ തമാശയായി ചോദിച്ചു: ‘‘ഇതാർക്കാ അമ്മേ? അമ്മടെ പൂച്ചക്കുട്ട്യോൾക്കാ?’’

ഉരുളകളെ വാത്സല്യത്തോടെ തലോടി അമ്മ പറഞ്ഞു: ‘‘ഏയ് അല്ല. ഇത് മ്മ്ടെ യേശൂട്ടിക്കും ജയചന്ദ്രനും ചിത്രമോൾക്കും. പാവങ്ങൾ. അവർക്ക് മ്മളല്ലാതെ ആരാ കൊടുക്ക്വ?’’ ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. പ്രിയഗായകരായ യേശുദാസിനും ജയചന്ദ്രനും ചിത്രയ്ക്കുംവേണ്ടി ഉരുളകൾ ഉരുട്ടിവെച്ചിരിക്കുകയാണ് അമ്മ. ജീവിതത്തിലെ പ്രതിസന്ധികളിൽ തണലും തുണയുമായ ശബ്ദങ്ങൾ. ഇതിലും മനോഹരമായ ഒരു സമ്മാനമുണ്ടാകുമോ അവർക്ക് പകരംനൽകാൻ?

യേശുദാസിനോടും ജയചന്ദ്രനോടും ആരാധനകലർന്ന സ്നേഹമായിരുന്നു അമ്മയ്ക്ക്; ചിത്രയോട് മാതൃനിർവിശേഷമായ വാത്സല്യവും. ‘പകൽവാഴും ആദിത്യൻ’ എന്ന ലളിതഗാനം ചിത്ര ദൂരദർശനിൽ പാടിത്തുടങ്ങുമ്പോൾ, വായിച്ചുകൊണ്ടിരുന്ന പത്രം ഒരരികിലേക്ക് മാറ്റിവെച്ച് കൗതുകത്തോടെ ടെലിവിഷൻ സ്‌ക്രീനിൽ നോക്കിയിരിക്കുന്ന അമ്മയുടെ ചിത്രം ഓർമയുണ്ട്. ‘‘എന്ത് പാവാണ് ഈ കുട്ടി, ല്ലേ?’’ -അമ്മ ചോദിക്കും. ‘‘ശര്യാ. നല്ല തറവാടിത്തം ണ്ട്. മ്മടെ ആർക്കെങ്കിലും ആലോചിക്കായിരുന്നു.’’-അടുത്തിരിക്കുന്ന അമ്മയുടെ മൂത്ത ഏടത്തി കൂട്ടിച്ചേർക്കും.

എൺപത്തിനാലാം വയസ്സിൽ മരണം അമ്മയെ ആശുപത്രിക്കിടക്കയിൽനിന്ന് കൂട്ടിക്കൊണ്ടുപോയ നിമിഷം എന്തായിരുന്നു എന്റെ മനസ്സിനെ വലയംചെയ്ത വികാരം? വേദനയോ നഷ്ടബോധമോ അതോ ആശ്വാസമോ? അറിയില്ല. തീർത്തും അപ്രതീക്ഷിതമല്ലായിരുന്നതുകൊണ്ട് വലിയൊരു ആഘാതമായിരുന്നു ആ വേർപാട് എന്ന് പറയാൻവയ്യ. ഉള്ളിലൊരു വല്ലാത്ത വിങ്ങലുണ്ടായിരുന്നു എന്ന് സത്യം. ഏതു നിമിഷവും മനസ്സിന്റെ അതിരുകൾ ഭേദിച്ച് പുറത്തേക്ക് ഒഴുകുമായിരുന്ന നിശ്ശബ്ദമായ ഒരു കരച്ചിൽ. എങ്കിലും ആശ്വാസംതോന്നി. ആഗ്രഹിച്ചപോലൊരു മരണം അമ്മയ്ക്ക് കനിഞ്ഞുനൽകിയല്ലോ ഈശ്വരൻ. ശാന്തവും സമാധാനപൂർണവുമായ അന്ത്യത്തിന് ആരാണ് കൊതിക്കാത്തത്; അതും ജീവിതസായാഹ്നത്തിൽ.

കടുത്ത ശ്വാസതടസ്സവുമായി ഓക്‌സിജൻ ട്യൂബിന്റെ സഹായത്തോടെ ആശുപത്രിക്കിടക്കയിൽ പാതിമയക്കത്തിലാണ്ടുകിടന്ന അമ്മ അവസാനമായി കേട്ടത് ചിത്രപാടിയ രാമായണശ്ലോകങ്ങളായിരുന്നു. അരികിലിരുന്ന് അനിയന്റെ ഭാര്യ മൊബൈലിൽ ചിത്രയുടെ ശബ്ദം കേൾപ്പിച്ചപ്പോൾ ഭാവഭേദമൊന്നുമില്ലാതെ കേട്ടുകിടന്നു അമ്മ. പാരായണം തീർന്നപ്പോൾ വിറയാർന്ന ചുണ്ടുകളാൽ നാരായണ നാരായണ എന്ന് ഉരുവിട്ടു. പിന്നെ നിതാന്തമായ ഉറക്കത്തിലേക്ക് വഴുതിവീണു. ഒരിക്കലും ഉണരാത്ത ഉറക്കം. ‘‘കഴിഞ്ഞു ട്ടോ. വലിയ ബുദ്ധിമുട്ടില്യാതെ പോയീന്ന് സമാധാനിച്ചോളൂ’’ -അന്തിമവിധിയെഴുതാൻ മുറിയിൽ ഓടിയെത്തിയ ഡോക്ടർ എന്റെ പുറത്തുതട്ടി പറഞ്ഞു. സന്തോഷത്തോടെയാകും അമ്മ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുക എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മകളെപ്പോലെ സ്നേഹിച്ച പാട്ടുകാരിക്കുട്ടിയുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നല്ലോ ആ യാത്രാമൊഴി.

ചിത്തിര, എന്റെ മോൾ

ചിത്രയെ സ്വന്തം മകളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വേറെയും അമ്മമാരെ കണ്ടിട്ടുണ്ട്. ചെന്നൈയിൽ ഒരു സ്വകാര്യാവശ്യത്തിനായി പോയപ്പോൾ താമസിച്ച ഹോട്ടലിലെ മുറി തൂത്തുവാരാൻവന്ന ഭുവനയെ മറക്കാനാവില്ല. ഹോട്ടൽമുറിയിൽ തുറന്നുവെച്ച കൊച്ചു ടേപ്പ് റെക്കോഡറിൽനിന്ന് ഓട്ടോഗ്രാഫിലെ ‘ഒവ്വൊരു പൂക്കളുമേ സൊൽകിറതേ’ ഒഴുകിത്തുടങ്ങിയപ്പോൾ അടിച്ചുവാരൽനിർത്തി അദ്‌ഭുതത്തോടെ കാതോർത്തുനിന്നു, അവർ. പിന്നെ ആത്മഗതമെന്നോണം പറഞ്ഞു: ‘ചിത്തിര. എന്റെ മോൾ’

ഭർത്താവിനൊപ്പം വർഷങ്ങൾക്കുമുൻപ് മധുരയിൽനിന്ന് ജീവിതമാർഗംതേടി ചെന്നൈ നഗരത്തിൽ ചേക്കേറിയതാണ് ഭുവന. വിവാഹം കഴിഞ്ഞ് അധികദിവസമായിരുന്നില്ല. പക്ഷേ, മഹാനഗരം ഭുവനയ്ക്കുവേണ്ടി കരുതിവെച്ചതേറെയും നഷ്ടങ്ങളും വേദനകളും. ഷിപ്പിങ്‌ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഭർത്താവിന് ഒരപകടത്തിൽ കാഴ്ചനഷ്ടപ്പെട്ടതോടെ കുടുംബഭാരം മുഴുവൻ ഭുവനയുടെ ചുമലിലായി. ഒരു പക്ഷാഘാതമേൽപ്പിച്ച മാനസികവ്യഥകൂടി ചേർന്നതോടെ ശരിക്കും ഭ്രാന്തനെപ്പോലെയായി ഭർത്താവെന്ന് ഭുവന. മക്കളില്ലാത്തതിന്റെ വേദന വേറെ. എല്ലാ അർഥത്തിലും ദുരിതമയമായ ജീവിതം. സംഗീതമായിരുന്നു ഒരേയൊരു പിടിവള്ളി.

‘‘ചെറുപ്പത്തിൽ ഞാൻ നന്നായി പാടിയിരുന്നു. സുശീലാമ്മയുടെ പാട്ടുകളാണ് പാടുക. ഇവിടെ വന്നശേഷം ജീവിതപ്രാരബ്ധങ്ങൾകൊണ്ട് പാട്ടൊക്കെപ്പോയി. എങ്കിലും ചിത്തിരയുടെ പാട്ടുകൾ എനിക്ക് ജീവനാണ്. പ്രത്യേകിച്ച് ഒവ്വൊരു പൂക്കളുമേ എന്ന പാട്ട്. ദിവസവും ഒരിക്കലെങ്കിലും ഈ പാട്ട് ചിത്തിരയുടെ ശബ്ദത്തിൽ കേൾക്കണം എന്റെ ഭർത്താവിന്. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് എന്നെക്കൊണ്ട് ഈ പാട്ടുവെച്ച് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നമ്മുടെ മോളുടെ പാട്ടുകേൾക്കണം എന്നാണ് പറയുക...’’ -ഭുവനയുടെ കണ്ണുകൾ നിറയുന്നു. ‘‘എന്നെങ്കിലും ചിത്തിരയെ കണ്ടാൽ പറയണം ഒരു അമ്മ ഇവിടെയുണ്ടെന്ന്...’’

അങ്ങനെ എത്രയെത്ര ഹൃദയസ്പർശിയായ അനുഭവങ്ങൾ. ഒവ്വൊരു പൂക്കളുമേയെ നെഞ്ചോട് ചേർത്തുവെക്കുന്നവരെ ഇന്നും കണ്ടുമുട്ടാറുണ്ട് ചിത്ര; കുട്ടികൾമുതൽ വയോധികർവരെ. ആത്മഹത്യക്കൊരുങ്ങിയവർ ‘ഒവ്വൊരു പൂക്കളുമേ’ കേട്ട് ആ സാഹസത്തിൽനിന്ന് പിന്തിരിഞ്ഞ കഥകൾ ഒട്ടേറെ. ‘‘മനസ്സിൽ ഒരു മൗനപ്രാർഥനയോടെയാണ് ചില പാട്ടുകൾ പാടിത്തുടങ്ങുക. ഈശ്വരാ, നല്ലൊരു പാട്ടാണ്; ശ്രദ്ധിക്കപ്പെടാതെപോകരുതേയെന്ന്. അത്തരമൊരു പാട്ടായിരുന്നു ഓട്ടോഗ്രാഫിലേത്’’ -ചിത്രയുടെ വാക്കുകൾ. പാ വിജയ് എഴുതിയ വരികളിൽ നിറയെ പ്രതീക്ഷയുടെ കിരണങ്ങൾ മാത്രം. ജീവിതത്തിലെ പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ തരണംചെയ്യാൻ പ്രേരിപ്പിക്കുന്ന കവിത: ‘ഓരോ പൂക്കളും നമ്മോട് പറയുന്നു, ജീവിതം ഒരു യുദ്ധക്കളമാണെന്ന്... ഓരോ പ്രഭാതവും മൊഴിയുന്നു, രാവിനുപിറകെ പകലും എത്തുമെന്ന്. ആത്മവിശ്വാസമുണ്ടെങ്കിൽ ജീവിതത്തിലെ ഒരു ലക്ഷ്യവും അപ്രാപ്യമല്ല...’ ഭരദ്വാജിന്റെ സംഗീതത്തിൽ അനശ്വരമായ ഗാനം.

ചെന്നൈ ശശി സ്റ്റുഡിയോയിൽ ആ പാട്ടുപാടി റെക്കോഡുചെയ്തു തിരിച്ചുപോന്ന ചിത്രയെത്തേടി രണ്ടുദിവസത്തിനകം സംവിധായകൻ ചേരന്റെ ഫോൺ കോൾ: ‘‘ഒന്നുകൂടിവന്ന് പാടിത്തരണം. ചില വരികൾക്ക് അത്ര വ്യക്തതപോരാ.’’ രണ്ടാമതും ചെന്നു പാടിയപ്പോൾ ചേരൻ പൂർണതൃപ്തൻ. അദ്ദേഹം അന്നു പറഞ്ഞ വാക്കുകൾ ചിത്രയുടെ ഓർമയിലുണ്ട്: ‘‘ഈ പാട്ട് നമുക്കെല്ലാവർക്കും ദേശീയ അവാർഡ് നേടിത്തരും. നോക്കിക്കോളൂ.’’ എല്ലാവർക്കും കിട്ടിയില്ലെങ്കിലും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ചിത്രയ്ക്ക് നേടിക്കൊടുത്തു, ആ ഗാനം. ‘‘അവാർഡ് വിവരം അറിഞ്ഞ്‌ എനിക്ക് ആദ്യം ബൊക്കെ അയച്ചത് ചേരൻസാറാണ്’’ -ചിത്ര ഓർക്കുന്നു.

ഓട്ടോഗ്രാഫിൽ ഈ ഗാനരംഗത്തിന്‌ ലൈവായി അകമ്പടിസേവിച്ചത്‌ എം.സി. ഗോമകന്റെ നേതൃത്വത്തിലുള്ള അന്ധകലാകാരന്മാരുടെ ‘രാഗപ്രിയ’ ഓർക്കസ്ട്രയായിരുന്നു എന്നൊരു പ്രത്യേകതകൂടിയുണ്ട്. സിനിമയ്ക്കും ഗാനസന്ദർഭത്തിനുമൊക്കെ അപ്പുറത്തേക്കുവളർന്ന ആ ഗാനം മധുരൈ കാമരാജ് ഉൾപ്പെടെ ഒട്ടേറെ സർവകലാശാലകളുടെ സിലബസിന്റെ ഭാഗമായിരുന്നു. ഒരു ചലച്ചിത്രഗാനത്തിന് കീഴടക്കാവുന്ന ഏറ്റവും വലിയ ഉയരം.

ചിത്രയിലെ അമ്മ

മകളായിമാത്രമല്ല, അമ്മയായും ചിത്രയെ കാണുന്നവരുണ്ട്. സ്വന്തം അമ്മയെപ്പോലും ഉപേക്ഷിച്ച് പ്രിയഗായികയുടെ മകളാവാൻ മോഹിച്ച് ഇറങ്ങിത്തിരിച്ചവർ. അത്തരം ആരാധകരെ സ്നേഹപൂർവം പിന്തിരിപ്പിക്കും, ചിത്ര. അമ്മയുടെ സ്നേഹത്തിന് പകരംവെക്കാൻ ലോകത്ത് മറ്റൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കും. സ്നേഹിച്ചു വളർത്തിയ മകളെ കൈവിട്ടുപോയ അമ്മയുടെ വേദന ആരും പറഞ്ഞുമനസ്സിലാക്കേണ്ടതില്ലല്ലോ ചിത്രയെ. എത്ര ഉപദേശിച്ചിട്ടും ഫലമൊന്നുമില്ലെങ്കിൽ സ്വമേധയാ അത്തരം ആരാധകരിൽനിന്ന് അകന്നുനിൽക്കാൻ ശ്രമിക്കും.

ചിത്രയുടെ താരാട്ടുപാട്ടുകളിൽ ആകൃഷ്ടയായി ഇഷ്ടഗായികയെ സ്വന്തം അമ്മയായിക്കാണുകയും ദിവസവും കാലത്ത് അവരുടെ പടത്തിനുമുന്നിൽ വിളക്കുകൊളുത്തി പ്രാർഥിക്കുന്നത് ശീലമാക്കുകയുംചെയ്ത ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയിട്ടുണ്ട് ഫെയ്‌സ്ബുക്കിൽ. ഓരോ താരാട്ടും തനിക്കുവേണ്ടിയാണ് ‘ചിത്രാമ്മ’ പാടുന്നതെന്ന് സ്വയം ധരിപ്പിക്കുന്ന കോളേജ് വിദ്യാർഥിനി. ഉണ്ണീ വാവാവോ, നീലാഞ്ജനപ്പൂവിൻ, താലോലം പൂം പൈതലേ, താമരക്കണ്ണനുറങ്ങേണം, പവിഴമല്ലി പൂവുറങ്ങി, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, കണ്ണനെന്നു പേര് ഒക്കെ അവളുടെ ഇഷ്ടഗാനങ്ങൾ. സിനിമയിലെ പ്രത്യേക കഥാസന്ദർഭങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്ന പാട്ടുകളാണ് അവയെല്ലാം എന്ന സത്യം ഉൾക്കൊള്ളാൻ മടിയാണ് ആ കൗമാരക്കാരിക്ക്. ‘‘ആ പാട്ടുകൾ എനിക്കുവേണ്ടി മാത്രമാണ് ചിത്രാമ്മ പാടുന്നത്. അവ കേൾക്കാതെ എനിക്ക് ഉറക്കംവരില്ല’’ -അവൾ പറയും.

ഒറ്റപ്പെട്ട ഉദാഹരണമല്ല ഇതെന്നു പറയുന്നു ചിത്ര. ‘‘വാട്സാപ്പിൽ ദിനംപ്രതിയെന്നോണം വരുന്ന സന്ദേശങ്ങൾക്ക് മറുപടിയയക്കാൻ വിട്ടുപോയാൽപോലും പരിഭവിക്കുന്നവരാണ് ഏറെയും. ഓരോരുത്തരും അവരുടെ മാത്രം സുഹൃത്തോ വഴികാട്ടിയോ ആയി എന്നെ കാണുന്നതുകൊണ്ടാവാം. ചിലരൊക്കെ പറയാറുണ്ട് എന്നെ പരിചയപ്പെട്ടശേഷം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ പലതും സഫലമായിയെന്ന്. ചിലപ്പോൾ വീടുപണി പൂർത്തിയായതാകാം, അല്ലെങ്കിൽ ബാങ്ക് ലോൺ ശരിയായത്, അതുമല്ലെങ്കിൽ ജോലികിട്ടിയത്. അതിലൊന്നും എനിക്കൊരു പങ്കുമില്ല, വിധിനിയോഗംമാത്രം എന്നുപറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും ഫലമില്ല. പിന്നെ സമാധാനിക്കും, നന്മനിറഞ്ഞ അനുഭവങ്ങളാണല്ലോ എല്ലാം എന്ന്. ഏതുദുഃഖവും മറക്കാൻ അതുമതി...’’

ഓർമവന്നത് വർഷങ്ങൾക്കുമുമ്പ്‌ വിജയവാഡയിൽനിന്ന് ‘പാട്ടെഴുത്ത്’ പംക്തി വായിച്ചു വിളിച്ച ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ്. ചിത്രയുടെ വലിയൊരു ആരാധികയാണ് ശ്രീജിത്തിന്റെ അംഗപരിമിതയായ അമ്മ. പൂജാമുറിയിൽ ഭഗവാന്മാരുടെ ചിത്രങ്ങൾക്കൊപ്പം ചിത്രയുടെയും മകൾ നന്ദനയുടെയും പടം തൂക്കിയിരിക്കുന്നു, അവർ. ‘‘ദിവസവും കാലത്ത് വീൽച്ചെയറിലിരുന്ന് രണ്ടുപടങ്ങളിലും പൂക്കളർപ്പിക്കും, അമ്മ. നെറ്റിയിൽ കുങ്കുമവും ചന്ദനവും ചാർത്തും. മതിവരുവോളം തൊഴും. ചിത്രയുടെ പാട്ടുകൾ കേട്ടുവേണം മരിക്കാൻ എന്നാണ് അമ്മയുടെ ആഗ്രഹം... വീട്ടിലെ പൂച്ചയ്ക്കുപോലും ചിത്രയുടെ പേരാണ് എന്നുപറഞ്ഞാൽ വിശ്വസിക്കുമോ?’’

കേട്ടപ്പോൾ ചിരിവന്നുപോയി എന്നത് സത്യം. ഇങ്ങനെയും ഉണ്ടാകുമോ ആളുകൾ എന്നായിരുന്നു അന്നത്തെ ചിന്ത. പക്ഷേ, വർഷങ്ങൾക്കിപ്പുറത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ശ്രീജിത്തിന്റെ അമ്മയിൽ ഒരായിരം അമ്മമാരുടെ മുഖങ്ങൾ കാണുന്നു ഞാൻ; എന്റെ അമ്മയുടേതുൾപ്പെടെ.

കെ.എസ്. ചിത്രയുടെ ശബ്ദം ഒരുതവണയെങ്കിലും കേൾക്കാതെ മലയാളിയുടെ ഒരു ദിനം പൂർണമാവില്ല. അത്രമേൽ ആ സ്വരം നമ്മുടെ നിത്യജീവിതത്തിലും ബോധാബോധങ്ങളിലും അലിഞ്ഞുചേർന്നിരിക്കുന്നു. ചിത്ര മലയാളിയുടെ പല തലമുറകൾക്ക് എത്രമാത്രം പ്രിയപ്പെട്ടയാളാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. 

( മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌ )