യോധ്യ ജില്ല എന്ന് അടുത്തിടെ പേരുമാറിയ പഴയ ഫൈസാബാദ് ജില്ലയിലെ അയോധ്യനഗരത്തിനുള്ളിൽ സരയൂനദിക്കരികെ ഒരുങ്ങുന്ന രാമക്ഷേത്രം ഉത്തരദക്ഷിണ ക്ഷേത്ര വാസ്തുശില്പശൈലികളും രാജ്യത്തിന്റെ എൻജിനിയറിങ്‌ സാമർഥ്യവും കൈകോർക്കുന്ന നിർമിതിയാണ്. എഴുപത് ഏക്കറിലാണ് ക്ഷേത്രം.

To advertise here,

ഉത്തരേന്ത്യയിലെ ക്ഷേത്രനിർമാണത്തിനുപയോഗിക്കുന്ന നാഗരശൈലിയും ദക്ഷിണേന്ത്യയുടെ ദ്രാവിഡശൈലിയും ചേർന്ന് ക്ഷേത്രസമുച്ചയത്തിൽ ഒരുമിക്കുമ്പോൾ, കേരളത്തിന്റെ തേക്കും രാജസ്ഥാനിലെ ഭരത്പുരിന്റെ പിങ്കുനിറമുള്ള കല്ലുകളും തെലങ്കാനയുടെയും കർണാടകയുടെയും ഗ്രാനൈറ്റും പങ്കുചേരുന്നു. ശില്പികളും തൊഴിലാളികളുമടങ്ങുന്ന നാലായിരത്തോളംപേരുടെ രാപകലില്ലാത്ത അധ്വാനം.

നാലുവർഷത്തിനിടയിൽ
രാഷ്ട്രീയ-നിയമ വിവാദങ്ങളുടെ ചരിത്രത്തിനിടയിൽ 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിച്ചത്. നാലുവർഷം പൂർത്തിയാകുന്നതിനുമുമ്പ് ക്ഷേത്രനിർമാണത്തിന്റെ ആദ്യഘട്ടം അന്തിമമിനുക്കുപണിയിലേക്ക് നീങ്ങുന്നു. എഴുപതര ഏക്കർ ഭൂമിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 67.5 ഏക്കർ ഭൂമിലഭിച്ചു. മൂന്ന്‌ ഏക്കർ ഭൂമി ട്രസ്റ്റ് പിന്നീട് വാങ്ങി. ഇതിൽ 30 ശതമാനം സ്ഥലത്തുമാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുള്ളൂവെന്ന്  നിർമാണച്ചുമതല  വഹിക്കുന്ന ശ്രീരാമജന്മഭൂമി തീർഥട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായി കഴിഞ്ഞദിവസം അയോധ്യയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽനിന്നെത്തിയ മാധ്യമപ്രതിനിധികൾക്ക് നിർമാണപ്രവർത്തനങ്ങൾ റിപ്പോർട്ടുചെയ്യാനായി സംഘടിപ്പിച്ച സന്ദർശനത്തിലാണ് അദ്ദേഹം വിശദീകരിച്ചത്.

ശില്പ വൈദഗ്ധ്യം
മൊത്തം ഭൂമിയുടെ വടക്കുഭാഗത്തായാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. എഴുപതുവർഷംനീണ്ട വ്യവഹാരങ്ങൾക്കിടയിൽ കോടതി അനുവദിച്ച പ്ലോട്ട് നമ്പർ ഇവിടെയായതിനാലാണ് ഈ ഭാഗത്ത് ക്ഷേത്രം നിർമിച്ചതെന്ന് ചംപത് റായി വ്യക്തമാക്കി. തീർഥാടകർ കിഴക്കുവശത്തുകൂടി പ്രവേശിച്ച് തെക്കുവശം വഴി പുറത്തേക്കിറങ്ങുന്ന രീതിയിലാണ് നിർമാണം. ഗർഭഗൃഹം മന്ദിരത്തിന്റെ ഒടുവിലത്തെ ഭാഗത്താണ്. ഗർഭഗൃഹത്തിന്റെ ഗോപുരത്തിന് 161 അടി ഉയരം. മൂന്നുനിലകളിലാണ് ക്ഷേത്രം രൂപകല്പനചെയ്തിരിക്കുന്നത്. ആദ്യനില നിർമാണം പൂർത്തിയായി. താഴെനിലയിലാണ് രാം ലല്ലയുടെ പ്രതിഷ്ഠ. (ശ്രീരാമന്റെ ശൈശവ സങ്കല്പം). ഒന്നാംനിലയിൽ രാമനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബവും ഹനുമാനും. 

ശ്രീകോവിൽ (ഗർഭഗൃഹം) പൂർണമായും രാജസ്ഥാനിൽനിന്നുള്ള വെളുത്തനിറമുള്ള മക്രാന  മാർബിൾ പാകിയിരിക്കുകയാണ്. വിവിധനിറങ്ങളുള്ള മാർബിളുകൾ ക്ഷേത്രത്തിനുള്ളിലെ കരകൗശലവേലകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ മണ്ഡ്‌ലയിൽനിന്നാണിത്‌ എത്തിച്ചത്. ബാക്കിഭാഗങ്ങളിൽ രാജസ്ഥാനിലെ ഭരത്പുരിൽനിന്ന് കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള സാൻഡ് സ്റ്റോണാണ് പാകിയിരിക്കുന്നത്. ഇതിനായി 4.7 ലക്ഷം ക്യുബിക് അടി സാൻഡ് സ്റ്റോൺ വേണ്ടിവന്നു. 

ക്ഷേത്രത്തിന് 44 വാതിലുകളുണ്ട്. താഴത്തെനിലയിൽ 18 വാതിലുകൾ. ഈ വാതിലുകൾ നിർമിക്കാനുള്ള തേക്ക് ഉരുപ്പടികൾ മഹാരാഷ്ട്രയിലെ അലപള്ളി വനത്തിൽനിന്നും കേരളത്തിൽനിന്നുമാണ്  എത്തിച്ചത്. ശ്രീകോവിലിന്റെ വാതിലടക്കം 14  വാതിലുകളിൽ  സ്വർണം പൂശുന്നുണ്ട്. സ്വർണം പൂശുന്നത് തിരുവനന്തപുരത്തുനിന്നുള്ള ശില്പികളടക്കം മുപ്പതോളമുള്ള കരകൗശലസംഘമാണെന്ന് പ്രോജക്ട് എൻജിനിയർ ജഗദീഷ് പറഞ്ഞു. ക്ഷേത്രത്തിന് വലയംചെയ്ത് മതിൽ നിർമിക്കുന്നു. മതിൽ ഉത്തരേന്ത്യൻ രീതിയിൽ പതിവില്ല. തമിഴ്‌നാട്ടിലെ ദ്രാവിഡനിർമാണരീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് മുഖ്യ എൻജിനിയർ ഗിരീഷ് സഹസ്രഭോജിനി വിശദീകരിച്ചു. 14 അടി വീതിയുണ്ട് ഈ ചുറ്റുവലയത്തിന്. രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് ഈ ചുറ്റുമതിൽ നിർമിക്കുന്നത്. സി.സി.ടി.വി. ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇതിൽ സ്ഥാപിക്കും. പ്രധാനക്ഷേത്രം കൂടാതെ അങ്കണത്തിൽ ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്. വൽമീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദരാജാവ്, ശബരി, അഹല്യ എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ. ജടായുവിന്റെ പ്രതിമയും തെല്ലകലെ.

സ്വയംപര്യാപ്തം
ആത്മനിർഭർ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി സ്വയംപര്യാപ്തതയിൽ  ഊന്നിയുള്ള സംവിധാനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രതിദിനനടത്തിപ്പിനായി നഗരസഭയെയോ ജില്ലാ ഭരണകൂടത്തെയോ ആശ്രയിക്കേണ്ടിവരില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ മാലിന്യനിർമാർജനം, മലിനജലനിർമാർജനം തുടങ്ങിയവയ്ക്കായി ക്ഷേത്രം ട്രസ്റ്റ് സ്വന്തം സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനായി നഗരസഭയുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. മലിനജലം സംസ്‌കരിക്കാനായി രണ്ട് പ്ലാന്റുകൾ ക്ഷേത്രാങ്കണത്തിൽ പ്രവർത്തിക്കും. വാട്ടർ ട്രീറ്റ്മെന്റിനായി ഒരു പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. നിർബാധം വൈദ്യുതിലഭ്യത ഉറപ്പാക്കാൻ പവർ സ്റ്റേഷനിൽനിന്ന് ക്ഷേത്രത്തിലേക്ക് ഡെഡിക്കേറ്റഡ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജനറേറ്ററുകളും.

അഗ്നിശമനസേനാ യൂണിറ്റ് ക്ഷേത്രവളപ്പിൽ സജ്ജം. ജലസംഭരണത്തിന് ഭൂമിക്കടിയിൽ സംഭരണകേന്ദ്രങ്ങൾ. മലിനജലം പുറത്തെ നഗരസഭയുടെ കനാലിലേക്ക് വിടില്ല. ഇവിടെത്തന്നെ സംസ്‌കരിച്ച് ഭൂമി നനയ്ക്കാനായി ഉപയോഗിക്കും. 600 മരങ്ങൾ ക്ഷേത്രവളപ്പിലുണ്ട്. കൂടുതൽ മരങ്ങൾ നട്ടുവളർത്താൻ പദ്ധതിയുണ്ട്. 100 വീതം ശൗചാലയങ്ങളും കുളിമുറികളും  അടങ്ങിയ ശൗചാലയസമുച്ചയങ്ങളും  അങ്കണത്തിൽ തയ്യാറാകുന്നുണ്ട്. അടിയന്തരസാഹചര്യത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും നിർമിച്ചിട്ടുണ്ട്.

പ്രതിദിനം രണ്ടുലക്ഷം തീർഥാടകർ
രാമക്ഷേത്രത്തിൽ പ്രതിദിനം രണ്ടുലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ദിവസംതോറും 15 മണിക്കൂറോളം ദർശനസമയമുണ്ടായിരിക്കും. ക്ഷേത്രത്തിലെത്തുന്ന ദിവ്യാംഗർ, വൃദ്ധർ തുടങ്ങിയവർക്ക് പ്രത്യേക കരുതൽ എന്നനിലയിൽ ക്ഷേത്രത്തിൽ ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്. ചെരിപ്പിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. അതിനാൽ ഒരേസമയം ഇരുപത്തിയയ്യായിരം പേർക്ക് ചെരിപ്പ് സൂക്ഷിക്കാൻ കഴിയുന്ന സംവിധാനവും വിശ്രമസങ്കേതവും ആരോഗ്യപരിപാലനകേന്ദ്രവും അടക്കം പിൽഗ്രിമേജ് ഫെസിലിറ്റി സെന്ററും (പി.എഫ്.സി.) ഒരുങ്ങും.

നിർമാണസാമർഥ്യം
ലാർസൻ ആൻഡ് ടുർബോ എന്ന സ്വകാര്യകമ്പനിക്കാണ് ക്ഷേത്രനിർമാണ നിർവഹണത്തിന്റെ പ്രധാനചുമതല. നിർമാണം തുടങ്ങുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി പദ്ധതിപ്രദേശത്തെ മണ്ണായിരുന്നു. ഇളകിയ മണ്ണായിരുന്നു ക്ഷേത്രപ്രദേശത്തുണ്ടായിരുന്നത്‌. ഇത്തരത്തിൽ ഉറപ്പില്ലാത്ത മണ്ണിൽ വലിയ നിർമാണപ്രവർത്തനങ്ങൾ സാധിക്കില്ലെന്ന് വിദഗ്ധർ പഠനംനടത്തി പറഞ്ഞു. തുടർന്ന്, 14 അടി താഴ്ചയിൽ മണ്ണുനീക്കി അവിടെ 56 അടുക്കുകളായി റോളർ കോംപാക്ടഡ് കോൺക്രീറ്റ് നിറച്ചു. അതിനുമുകളിലാണ് ക്ഷേത്രം നിർമിച്ചത്. അതായത് മണ്ണിനടിയിൽ കൃത്രിമ പാറനിർമിച്ച് അതിനുമുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. പാറയിൽ വിള്ളൽവീഴാതിരിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക് മെക്കാനിക്‌സിലെ വിദഗ്ധരെത്തി പഠനം നടത്തി. 

നിർമാണത്തിൽ ഇരുമ്പും കോൺക്രീറ്റും  ഉപയോഗിച്ചിട്ടില്ലെന്ന് എൻജിനിയർമാർ പറയുന്നു. ഇതുകൂടാതെ കാലം കഴിയുമ്പോൾ മണ്ണിലെ ഈർപ്പം നിരന്തരം തട്ടി അടിത്തറയിലെ കല്ല് ദ്രവിക്കുന്നത് ഒഴിവാക്കാൻ 17,000 ഗ്രാനൈറ്റ്‌ കല്ലുകളും വിരിച്ചു.

രാജ്യത്തെ എൻജിനിയറിങ്‌ രംഗത്തിന്റെ കൂട്ടായ ബുദ്ധിവൈഭവമാണ് ക്ഷേത്രനിർമാണമെന്ന് ചംപത് റായി പറഞ്ഞു. അതിവിദഗ്ധരായ നാല് എൻജിനിയർമാർ സ്ഥലത്ത് ക്യാമ്പുചെയ്ത് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ശനിയാഴ്ചകളിൽ ഓൺലൈൻ യോഗം ചേർന്ന് പുരോഗതി ചർച്ചചെയ്യും. ക്ഷേത്രട്രസ്റ്റിന്റെ ചെയർമാനും പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര പതിനഞ്ചുദിവസത്തിലൊരിക്കൽ അയോധ്യയിലെത്തി നിർമാണപുരോഗതി വിലയിരുത്തുന്നുണ്ട്.