രാഷ്ട്രീയവേദികളിലും ദേവാലയങ്ങളിലും ഗൃഹസദസ്സുകളിലും കലാമേഖലകളിലും മാധ്യമങ്ങളിലുമെല്ലാം രാമന്‍ നിറയുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ജനുവരി 22-ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിറവുകള്‍.
ഇക്കൂട്ടത്തില്‍ ഉയരുന്ന ഒരു വാദഗതി: ശ്രീരാമനെ ഈ രീതിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. അദ്ദേഹം ദേശീയവികാരം ഉണര്‍ത്തുന്നതിനും ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതിനുംവേണ്ടി ഉപയോഗിച്ച ഒരു പ്രതീകമാണ് രാമന്‍.
ഇത് ശരിയാണോ? ഗാന്ധിജി ഇങ്ങനെ ദേശീയവികാരം ഉണര്‍ത്തുകയുണ്ടായോ? ഇന്ത്യക്കാരുടെ ദേശീയബോധം ഉണര്‍ത്തുന്നതിലും അവരെ സ്വാതന്ത്ര്യസമരസജ്ജരാക്കുന്നതിലും ഏറ്റവുമധികം പങ്കുവഹിച്ചത് ഗാന്ധിജിയാണ്. പക്ഷേ, അതിന് അദ്ദേഹം 'രാമന്‍' എന്ന പേര് ഉപയോഗിക്കുകയുണ്ടായില്ല. പകരം ഉയര്‍ത്തിക്കാണിച്ചത് ചര്‍ക്ക, ഉപ്പ് എന്നീ പ്രതീകങ്ങളാണ്. സ്വാശ്രയബോധം ഉണര്‍ത്തിയെടുക്കാന്‍ ആ പ്രതിരൂപങ്ങള്‍ വളരെ സമര്‍ഥമായി എന്നാണ് ചരിത്രം. അതിലെവിടെയും ജാതിയും മതവും ഉണ്ടായിരുന്നില്ല.
രാമന്റെ പേര് അദ്ദേഹം ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ താന്‍ ആഗ്രഹിക്കുന്നത് 'രാമരാജ്യം' ആണ് എന്നും പറഞ്ഞിട്ടുണ്ട്. അത് ഹിന്ദുരാഷ്ട്രം എന്ന അര്‍ഥത്തിലല്ല. തെളിവ്: ഹിന്ദുരാഷ്ട്രസ്ഥാപനത്തിന് ഈ മനുഷ്യന്‍ തടസ്സമാവും എന്നു കണ്ടിട്ടാണ് ഹിന്ദുരാഷ്ട്രവാദിയായ നാഥുറാം ഗോഡ്‌സെ അദ്ദേഹത്തെ വെടിവെച്ചുകൊന്നത്. ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുത: ഗാന്ധിജി മതം, ദൈവം, രാഷ്ട്രം തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് സവിശേഷമായ, തന്റേതായ അര്‍ഥത്തിലാണ്. അദ്ദേഹത്തെ സംബന്ധിച്ച് മേല്‍പ്പറഞ്ഞ മൂന്നും മൂല്യങ്ങളുടെയും ജനസേവനങ്ങളുടെയും പര്യായപദങ്ങളാണ്. അല്ലാതെ ഭക്തിയോ ആചാരമോ അനുഷ്ഠാനമോ ഒന്നുമല്ല. ആ വഴിക്ക് ഐഹികമോ പാരത്രികമോ ആയ സുഖഭോഗങ്ങളൊന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല.
മതക്കാരുടെ പ്രീതിനേടാന്‍ അദ്ദേഹം സന്ന്യാസിയാണെന്ന് ഭാവിച്ചില്ല, താടിയും മുടിയും നീട്ടിയില്ല, കാവിയുടുത്തില്ല. ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണകര്‍ഷകരുടെ വേഷമാണ് എടുത്തത്. തോട്ടികളുടെയും നെയ്ത്തുകാരുടെയും നിസ്വ ജീവിതമാണ് നയിച്ചത്.
മതവും ദൈവവും അധികാരത്തിന്റെ സ്രോതസ്സുകളാണ്-എന്നും എവിടെയും. ചോദ്യം ചെയ്യപ്പെടാത്ത അധികാരം എന്നാണ് ദൈവത്തിന് ഒരേയൊരര്‍ഥം. ആ ദൈവത്തെ ആവാഹിക്കുന്നതിന്റെയോ ആഘോഷിക്കുന്നതിന്റെയോ ചടങ്ങുകളാണ് മതാചാരങ്ങളേറെയും. അവയുടെ പരികര്‍മികള്‍ എന്ന നിലയ്ക്കാണ് പുരോഹിതര്‍ എല്ലാകാലത്തും എല്ലാ ദേശത്തും സമാന്തരഭരണത്തിന് പ്രാപ്തിനേടുന്നത്. പണ്ടുകാലത്ത് ഭരണാധികാരികള്‍ സ്വയംദൈവങ്ങളാണ് എന്നോ, ദൈവങ്ങളുടെ അവതാരങ്ങളാണ് എന്നോ ദൈവങ്ങളുടെ പ്രവാചകന്മാരാണ് എന്നോ ദൈവങ്ങളുടെ പ്രതിപുരുഷന്മാരാണ് എന്നോ അവകാശപ്പെട്ടുപോകുന്നത് മേല്‍പ്പറഞ്ഞ ചോദ്യംചെയ്യപ്പെടാത്ത അധികാരത്തിനുവേണ്ടിയാണ്.
കഷ്ടം! ജനാധിപത്യത്തിന്റെ പുതിയകാലത്തും ഇറാന്‍, തുര്‍ക്കി മുതലായ രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും അധികാരസ്രോതസ്സ് മതപ്രതീകങ്ങളും ദൈവബിംബങ്ങളും ആയിക്കൊണ്ടിരിക്കുന്നു. ജനപിന്തുണ നേടാന്‍ 'ദിവ്യ' പ്രതിരൂപങ്ങളെ വൈകാരികതയില്‍ അലങ്കരിച്ച് സമൂഹത്തില്‍ അവതരിപ്പിക്കുന്ന നേതാക്കളുടെ കസേരകളികള്‍ വിജയം നേടിക്കൊണ്ടും ഇരിക്കുന്നു.
അധികാരം ആവശ്യമില്ലാതിരുന്നതുകൊണ്ട് തന്റെ ദൈവത്തെ മതത്തില്‍നിന്ന് തീര്‍ത്തും മോചിപ്പിച്ചുകൊണ്ട് 'ദൈവത്തിന് മതം ഇല്ല' എന്ന് പ്രഖ്യാപിച്ച നേതാവാണ് ഗാന്ധിജി. 'ദൈവം സത്യമാണ്' എന്ന നിലപാടില്‍നിന്ന് 'സത്യമാണ് ദൈവം' എന്ന നിലപാടിലേക്ക് വളര്‍ന്ന അന്വേഷിയാണ് അദ്ദേഹം. ദൈവം സത്യമാണ് എന്നുപറഞ്ഞാല്‍ ദൈവം ഉണ്ട് എന്നേ അര്‍ഥം കിട്ടൂ; സത്യമാണ് ദൈവം എന്നു പറഞ്ഞാല്‍ സത്യം അല്ലാതെ വേറെ ദൈവം ഇല്ല എന്ന് അര്‍ഥമായി. അതുകൊണ്ടുതന്നെ മുതിര്‍ന്നതില്‍പ്പിന്നെ ബിംബാരാധനയോ ക്ഷേത്രാരാധനയോ ഒന്നും ആ ജീവിതത്തില്‍ നാം കാണുന്നില്ല. മൂല്യനിഷ്ഠമായ, സേവനബദ്ധമായ ജീവിതംമാത്രമാണ് അദ്ദേഹത്തിന് ദൈവികോപാസന.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന പ്രാര്‍ഥനായോഗങ്ങള്‍ നോക്കൂ. അവയില്‍ എല്ലാ മതങ്ങളിലെയും വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നുള്ള ദൈവികസ്തുതികള്‍ ആലപിച്ചിരുന്നു; എല്ലാ മതക്കാരും ജാതിക്കാരും അവയില്‍ മേളിച്ചിരുന്നു. 'സര്‍വധര്‍മ സമഭാവം' എന്നു പേരിട്ടു വിളിച്ചുകൊണ്ട് ഭാവി ഭാരതത്തിനുവേണ്ടി അദ്ദേഹം ഭാവന ചെയ്ത മതേതര സമൂഹത്തിന്റെ ആദിരൂപംപോലെ തോന്നിച്ച ആ പ്രാര്‍ഥനാവേദികള്‍ സഹിഷ്ണുതയുടെ പരിശീലനക്കളരികളായി. ആ യോഗങ്ങള്‍ പേരുവ്യത്യാസങ്ങളെ ഞങ്ങള്‍ കാര്യമാക്കുന്നില്ല എന്ന് നിരന്തരം ആലപിച്ചുപോന്നു: 'ഈശ്വരന്‍ എന്നതും അല്ലാഹു എന്നതും നിന്റെ പേര് തന്നെ.'
ഗാന്ധിജിക്ക് ഏറെ പ്രിയങ്കരനായിരുന്ന കവി കബീര്‍ദാസ് പാടുമായിരുന്നു:
'രാമനും റഹീമും ഒന്നെന്നപോല്‍
കാശിയും കഅ്ബയും ഒന്നുതന്നെ'
വിശ്വാസാചാരങ്ങളില്‍ വ്യത്യാസമുള്ളവനെ വേറിട്ടുനിര്‍ത്തി അപരത്വം സൃഷ്ടിക്കുക എന്നതാണ് മതങ്ങളുടെ രീതി. ആ അപരത്വനിര്‍മിതിയെ അപനിര്‍മിക്കുകയാണ് ഗാന്ധിജിയുടെ പ്രാര്‍ഥനാവേദികള്‍. ഈ മതം അധികാരലാഭത്തിന് പറ്റില്ല. വ്യക്തിത്വ ശുദ്ധീകരണത്തിനേ പറ്റൂ. അത്തരം ശുദ്ധീകരണത്തിലൂടെ തെളിഞ്ഞുവരുന്ന മനസ്സാക്ഷിയെയാണ് ഗാന്ധിജി ദൈവം എന്നു വിളിച്ചത്. സ്വന്തം നിലയ്ക്ക് അതിനെ സത്യം എന്നാണ് വിളിക്കുക. അന്യര്‍ക്ക് എളുപ്പം മനസ്സിലാകാന്‍വേണ്ടി വൈഷ്ണവപാരമ്പര്യത്തില്‍ വളര്‍ന്ന ആ സാത്വികന്‍ അതിനെ 'രാമന്‍' എന്നു വിളിച്ചു.
രാമരാജ്യം എന്ന് താന്‍ പറയുന്നതിന് അര്‍ഥം ഹിന്ദുരാജ്യം എന്നല്ല എന്നും അത് സദ്ഭരണം പുലരുന്ന ദൈവരാജ്യമാണെന്നും ഗാന്ധിജി പ്രസംഗത്തിലും എഴുത്തിലും പലപാട് വിശദീകരിച്ചിട്ടുണ്ട്. അവിടെയൊക്കെ അതിന് ന്യായവും പറഞ്ഞു: ''എനിക്ക് രാമനും റഹീമും ഒരേ ചൈതന്യമത്രെ''.
രാഷ്ട്രപിതാവിന്റെ ആ വാക്യം നമ്മള്‍ മറന്നുപോകരുത്: ''എന്റെ രാമന്‍ അയോധ്യാപതിയായ ദശരഥപുത്രനല്ല; രാമായണ കഥാപാത്രമായ സീതാപതിയല്ല. അത് എന്റെ ഉള്ളിലെ സത്യബോധത്തിന്റെ നാമധേയം മാത്രമാകുന്നു''.
Content Highlights: ayodhya ram mandir, Ram Temple consecration
Published: 22 Jan 2024, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented