വിശ്വാസങ്ങൾ തീർത്ത അടിത്തറയിൽ, ഉത്തര-ദക്ഷിണ ക്ഷേത്ര വാസ്തുശിൽപ ശൈലികളും രാജ്യത്തിന്റെ എഞ്ചിനീയറിംഗ് വൈഭവവും കൈകോർക്കുന്ന നിർമാണസംഗമമാണ് എഴുപത് ഏക്കറിൽ ഒരുങ്ങുന്ന അയോധ്യയിൽ രാമക്ഷേത്രം. ഉത്തരന്ത്യയിലെ ക്ഷേത്ര നിർമാണത്തിനുപയോഗിക്കുന്ന നഗർ ശൈലിയും ദക്ഷിണേന്ത്യയുടെ ദ്രാവിഡ ശൈലിയും ക്ഷേത്രസമുച്ചയത്തിൽ ഒരുമിക്കുമ്പോൾ, കേരളത്തിന്റെ തേക്കും രാജസ്ഥാനിലെ ഭരത്പൂറിന്റെ പിങ്ക് നിറമുള്ള കല്ലുകളും തെലങ്കാനയുടെയും കർണാടകയുടെയും ഗ്രാനൈറ്റും പങ്കു ചേരുന്നു. നാലായിരത്തോളം പേരുടെ രാപ്പകലില്ലാത്ത അധ്വാനമാണ് രാമക്ഷേത്രത്തിനു പിന്നിൽ.

To advertise here,

രാഷ്ട്രീയ-നിയമ വാദവിവാദങ്ങളുടെ ചരിത്രത്തിനിടയിൽ 2020 ആഗസ്റ്റ് 5-നാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിച്ചത്. നാല് വർഷം പൂർത്തിയാകുന്നതിന് മുമ്പ് ക്ഷേത്ര നിർമാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നു. എഴുപതര ഏക്കറാണ് ക്ഷേത്രം പണിതുയരുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി. ഇതിൽ 30 ശതമാനം സ്ഥലത്ത് മാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുള്ളുവെന്ന്  മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജൻമഭൂമി തീർഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട്ട് റായി അയോധ്യയിൽ പറഞ്ഞു. ബാക്കി പ്രദേശം ഹരിത മേഖലയായി സംരക്ഷിക്കും.

മൊത്തം ഭൂമിയുടെ വടക്ക് ഭാഗത്തായാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. തീർഥാടകർ കിഴക്ക് വശത്തുകൂടി പ്രവേശിച്ച് തെക്കുവശം വഴി പുറത്തേക്ക് ഇറങ്ങുന്ന രീതിയിലാണ് നിർമാണം. ഗോപുരത്തിന് 161 അടി ഉയരമുണ്ട്. ഗ്രൗണ്ട്, ഒന്നാം നില, രണ്ടാം നില എന്നീ മൂന്ന് തലങ്ങളിലായാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രത്തിന് ബേസ്‌മെന്റ് ഇല്ല. മണ്ണിന് ഉറപ്പില്ലാത്തതിനാൽ, വിദഗ്ധരുടെ നിർദേശ പ്രകാരം 14 അടി കോൺക്രീറ്റ് പാകി അതിന് മുകളിലാണ് അടിത്തറ നിർമിച്ചത്. മണ്ണിനടിയിൽ കോൺക്രീറ്റ് ഉണ്ടെങ്കിലും ക്ഷേത്രത്തിന്റെ നിർമാണത്തിന് കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് എഞ്ചിനീയർമാർ പറഞ്ഞു.

placeholder
നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള സാൻഡ് സ്റ്റോണാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി 4.7 ലക്ഷം അടി സാൻഡ് സ്റ്റോൺ ഉപയോഗിച്ചു.

ക്ഷേത്രത്തിന് വലയം ചെയ്ത് നിർമിക്കുന്ന മതിൽ ഉത്തരേന്ത്യൻ രീതിയിൽ പതിവില്ല. തമിഴ്‌നാട്ടിലെ ദ്രാവിഡ നിർമാണ രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്ന് മുഖ്യ എഞ്ചിനീയർ ഗിരീഷ് സഹസ്ര ഭോജിനി പറഞ്ഞു. 14 അടി വീതിയുണ്ട് ഈ ചുറ്റുവലയത്തിന്. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് ഈ ചുറ്റുമതിൽ നിർമിക്കുന്നത്. ക്ഷേത്രത്തിൽ വാതിൽ പാളികൾ തേക്ക് കൊണ്ടാണ് തീർത്തിരിക്കുന്നതെന്നും വാതിലിലും മറ്റുമുള്ള കൊത്തുപണികളിൽ സ്വർണം പൂശാൻ തിരുവനന്തപുരത്ത് നിന്നുള്ള ശിൽപികൾ എത്തിയിരുന്നുവെന്ന് പ്രോജക്ട് എഞ്ചിനീയർ ജഗദീഷ് മാതൃഭൂമിയോട് പറഞ്ഞു. പ്രധാന ക്ഷേത്രം കൂടാതെ അങ്കണത്തിൽ ഏഴ് ഉപക്ഷേത്രങ്ങളുമുണ്ട്. വത്മീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദ രാജാവ്, ശബരി, അഹല്യ എന്നിവരാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ. ജഡായുവന്റെ പ്രതിമയും തെല്ലകലെയുണ്ട്.

പ്രതിദിനം പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷം തീർഥാടകരെ

രാമക്ഷേത്രത്തിൽ പ്രതിദിനം രണ്ട് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ. 15 മണിക്കൂറോളം ദർശന സമയമുണ്ടായിരിക്കും. ക്ഷേത്രത്തിലെത്തുന്ന ദിവ്യാംഗർ, പ്രായംചെന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പ്രത്യേക കരുതൽ ഒരുക്കിയിട്ടുണ്ടെന്ന് ചംപട്ട് റായി പറഞ്ഞു. ഇവർക്കായി ക്ഷേത്രത്തിൽ ലിഫ്റ്റുകളും റാംപുകളും ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും നിർമിച്ചിട്ടുണ്ട്. 100 വീതം ശൗചാലയങ്ങൾ അടങ്ങിയ ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ നിർമിച്ചു കഴിഞ്ഞു.

ചെരിപ്പിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല. അതിനാൽ ഒരേ സമയം ഇരുപത്തി അയ്യായിരം പേർക്ക് ചെരിപ്പ് സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമടക്കം  പിൽഗ്രിമേജ് ഫെസിലിറ്റി സെന്ററും (പി.എഫ്.സി) ഒരുക്കിയിട്ടുണ്ട്. മലിന ജല നിർമാർജനം, ജല സംസ്‌കരണം എന്നിവ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭയെ ആശ്രയിക്കുന്നില്ല. സ്വന്തം നിലയ്ക്ക് ക്ഷേത്ര പരിസരത്ത് രണ്ട് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

placeholder
നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം | ഫോട്ടോ: മാതൃഭൂമി