
ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തിൽ സ്വീകരിച്ച തന്റെ നിലപാടുകൾകൊണ്ട് അഭിനന്ദനങ്ങളും എതിർപ്പും ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തിയാണ് രാജ്യത്തെ പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ. മുഹമ്മദ് എന്ന കോഴിക്കോട്ടുകാരൻ. ജനുവരി 22-ന് അയോധ്യയിൽ രാമക്ഷേത്രത്തിൻ പ്രാണപ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ മനസ്സുതുറക്കുകയാണ് അദ്ദേഹം. മാതൃഭൂമി പ്രതിനിധി ഹരിലാൽ രാജഗോപാലിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്.
? അയോധ്യാ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങിന് ക്ഷണമുണ്ടായിരുന്നോ
= ക്ഷണമുണ്ടായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളാൽ പോകാൻ സാധിച്ചില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിലൊന്നിൽ പോകണമെന്നു വിചാരിക്കുന്നു.
? ആധുനിക ജനാധിപത്യ ഇന്ത്യയിൽ പഴയകാലത്തിന്റെ ശേഷിപ്പുകളെ പിൻപറ്റി തീർപ്പുണ്ടാക്കുന്നത് ശരിയാണോ
= അത് ശരിയായ നിരീക്ഷണമാണ്. പക്ഷേ, സ്ഥായിയായ പരിഹാരത്തിന് വേറെ മാർഗമില്ല. കേരളത്തിൽനിന്ന് സംസാരിക്കുമ്പോൾ നമുക്കത് മനസ്സിലാവില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിൽ ഇക്കാര്യത്തിൽ മികച്ചനിലപാട് എടുത്തത് മുസ്‌ലിം ലീഗാണ്. ബാബറി മസ്ജിദ് തകർന്ന വേളയിലും രാമക്ഷേത്ര പ്രതിഷ്ഠാസന്ദർഭത്തിലും അവർ എടുത്ത നിലപാട് ശ്ലാഘനീയമായിരുന്നു. സമസ്തയും പക്വമായ നിലപാടാണ് കൈക്കൊണ്ടത്.
? അയോധ്യ ബുദ്ധ-ജൈന പാരമ്പര്യവും അവകാശപ്പെടുന്ന സ്ഥലമല്ലേ. ബുദ്ധൻ ഏറെക്കാലം സാകേതത്തിൽ ഉണ്ടായിരുന്നുതാനും. നിർദിഷ്ടസ്ഥാനത്താണ് ശ്രീരാമ ജന്മസ്ഥാനം എന്ന വിശ്വാസത്തിന് ഈടുറപ്പുണ്ടോ
= കാലങ്ങളായുള്ള വിശ്വാസമാണത്. ഒറ്റയടിക്ക് അതിനെ നിഷേധിക്കാനാവില്ല. പ്രസ്തുത ജൈന-ബുദ്ധ സംസ്കാരങ്ങൾ തഴച്ചുവളർന്നത് സരയൂതീരത്തുള്ള നിർദിഷ്ട സ്ഥലത്തല്ല. മറിച്ച് ഗ്രേറ്റർ അയോധ്യയുടെ ഭാഗങ്ങളിലാണ്. അഞ്ച് ജൈനതീർഥങ്കരർ ജനിച്ചത് അയോധ്യയിലാണ് എന്നാണ് വിശ്വാസം.
? അയോധ്യയിൽ ഉണ്ടായിരുന്ന എന്നു പറയപ്പെടുന്ന ക്ഷേത്രം തകർത്തത് ബാബറുടെ കാലത്തല്ല. മറിച്ച് ഔറംഗസീബിന്റെ കാലത്താണ് എന്നൊരു വാദം പ്രബലമായി ഉണ്ടല്ലോ
= പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ അവിടെ സന്ദർശിച്ച ജോസഫ് തേലർ എന്ന ജസ്യൂട്ട് മിഷനറിയാണ് ആദ്യം ഇത്തരമൊരു വാദം ഉയർത്തിയത്. ക്ഷേത്ര വാസ്തുപഠനപ്രകാരം അതിനും മുമ്പാണ് ക്ഷേത്രധ്വംസനം നടത്തിയതെന്നു വ്യക്തമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ഒരു ക്ഷേത്രമാണത് എന്ന് പുരാവസ്തു നിരീക്ഷണപഠനപ്രകാരം പറയാം. ബാബറല്ല മറിച്ച് അദ്ദേഹത്തിന്റ ഒരു സൈന്യാധിപനാണ് അത് തകർത്ത് എന്നുകൂടി പറയണം.
? മധ്യകാലത്ത് ക്ഷേത്രങ്ങൾ സമ്പത്തിന്റെകൂടി കേന്ദ്രങ്ങളായിരുന്നു. കൊള്ളയടിക്കുന്നതിന്റെ ഭാഗമായി ആയിരിക്കില്ലേ ഒരുപക്ഷേ, ആക്രമണം നടന്നിട്ടുണ്ടാവുക
= ബിംബാരാധനയെ ഇല്ലാതാക്കുക എന്നതിന്റെ ഭാഗമായാണ് പ്രാഥമികമായി അത് ആക്രമിച്ചു തകർത്തിട്ടുണ്ടാവുക. സ്വത്തു കൈക്കലാക്കുക എന്നത് ഒരു ആഡഡ് ബോണസ് ആയിരിക്കും.
? അയോധ്യയിൽ ക്ഷേത്രനിർമാണവും പ്രതിഷ്ഠയും ഗംഭീരമായി സംഘടിപ്പിക്കപ്പെടുന്നു. ഇതേ ആവേശത്തോടെ അയോധ്യയിൽ നിർദിഷ്ട സ്ഥാനത്തു പള്ളിയും നിർമിക്കേണ്ടതില്ലേ
= തീർച്ചയായും. പള്ളിയുടെ നിർമാണത്തിനായി ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അതിനു സർക്കാർതന്നെ പെട്ടെന്ന് മുൻകൈയെടുക്കണം എന്നാണ് എന്റെ അഭിപ്രായം.
? കാര്യങ്ങൾ തുറന്നുപറഞ്ഞതുകൊണ്ട് അഭിനന്ദനങ്ങളും ഭീഷണികളും ഒരുപോലെ ഉണ്ടായിട്ടുണ്ടാവുമല്ലോ. എങ്ങനെ കാണുന്നു.
= ഒരു ചരിത്രവിദ്യാർഥിയുടെ കൗതുകത്തോടെ ഇക്കാര്യങ്ങളെ കാണാനാണിഷ്ടം. ഭീഷണികൾ ഞാൻ തരണം ചെയ്തിട്ടുണ്ട്. ചമ്പൽ കാടുകളിലെ പ്രവർത്തനത്തിനിടയിൽ പ്രത്യേകിച്ചും. സംഭവിക്കുന്നത് സംഭവിക്കട്ടെ എന്നുകരുതുന്ന ആളാണ് ഞാൻ. വയസ്സ് എഴുപത്തിയൊന്നായി.
Content Highlights: ayodhya ram mandir
Published: 22 Jan 2024, 01:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented