തിരുവനന്തപുരം: കശ്മീർ ഫയൽസും കേരള സ്റ്റോറിയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ രാജ്യം ചർച്ചചെയ്യേണ്ടതുണ്ടെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സംവാദവേദിയായ ഓപ്പൺ ഫോറം. സിനിമകൾ അ‌ജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള മാർഗമായി മാറുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ് അ‌ഭിപ്രായമുയർന്നത്. സംവിധായികയും നടിയുമായ നന്ദിത ദാസ്, ബംഗാളി ചലച്ചിത്ര നിരൂപകൻ പ്രേമേന്ദ്രമജുംദർ, സംവിധായകൻ മധു ജനാർദ്ദനൻ, ചലച്ചിത്ര നിരൂപകരായ സി.എസ്. വെങ്കടേശ്വരൻ, ചെലവൂർ വേണു തുടങ്ങിയവർ ഓപ്പൺഫോറത്തിൽ പങ്കെടുത്തു.

To advertise here,

സിനിമകളിലെ ആശയങ്ങളെ ചോദ്യം ചെയ്യാനും തുറന്ന ചർച്ചകൾക്കായി വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ടെന്നും അ‌തിന് ഇത്തരം തുറന്ന ചർച്ചാവേദികൾ ആവശ്യമാണെന്നും നന്ദിതാ ദാസ് പറഞ്ഞു. സിനിമയെ അജണ്ടകൾ നടപ്പാക്കാനുള്ള മാർഗ്ഗമായി ചിലർ ഉപയോഗിക്കുന്നതായി പ്രേമേന്ദ്രമജുംദർ ചൂണ്ടിക്കാട്ടി. ഉറി, കേരളാ സ്റ്റോറി, കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ രാജ്യം ചർച്ച ചെയ്യേണ്ടതാണെന്ന് മധു ജനാർദ്ദനൻ അ‌ഭിപ്രായപ്പെട്ടു.

കശ്മീരി പണ്ഡിറ്റുകളുടെ  പലായനം പ്രമേയമാക്കി വിവേക് അ‌ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് ഭരണകൂട അ‌ജണ്ടയുടെ പേരിർ വിവാദമായ ചിത്രമാണ്. കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ അ‌ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ.) മത്സര വിഭാഗത്തിൽ ചിത്രം പ്രദശിപ്പിച്ചതിനെതിരേ സമാപന സമ്മേളനത്തിൽ ജൂറി ചെയർമാൻ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു ചിത്രം ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയത് ഞെട്ടിച്ചുവെന്നും ഇത് മേളയ്ക്ക് ഭൂഷണമല്ലെന്നുമാണ് ജൂറി ചെയർമാനായ നാദവ് ലാപിഡ് പറഞ്ഞത്. 

തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാനായി കേരളത്തിൽ ആയിരക്കണക്കിന് പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയരാക്കിയെന്ന് അ‌വകാശപ്പെടുന്ന സിനിമയാണ് കേരള സ്റ്റോറി.